Latest NewsKeralaNews

ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിനു കരുത്ത് പകരാൻ ഷാർജ

ഷാര്‍ജ•ഇന്ത്യൻ നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാനും വ്യാപാരബന്ധം സുദൃഢമാക്കാനും ലക്ഷ്യം വെച്ച് ഷാർജയുടെ വിദേശ നിക്ഷേപ വിഭാഗമായ ‘ഇൻവെസ്റ്റ് ഇൻ ഷാർജ’. ഇതിനായി ഇൻവെസ്റ്റ് ഇൻ ഷാർജ പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ച് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പ്രമുഖ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ ഷാർജയിൽ നിക്ഷേപങ്ങളുള്ള വൻകിട കമ്പനികളുമായും വ്യാപാരബന്ധത്തിന് പിന്തുണ നൽകുന്ന സംഘടനകളുടെ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾ ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് സംഘം അഭിപ്രായപ്പെട്ടു.

യുഎഇ ധനമന്ത്രാലയത്തോടൊപ്പം ചേർന്ന് ആന്ധ്രാ സർക്കാരിന്റെ നേതൃത്വത്തിൽ വിശാഖപട്ടണത്തു നടന്ന ‘പാർട്ണർഷിപ്’ സമ്മേളനത്തിലും ഷാർജ സംഘം പങ്കെടുത്തു. ‘‘സാമ്പത്തിക-സാമൂഹിക മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ഏറെ സുദൃഢവും വിലയേറിയതുമാണ്. ആ ബന്ധത്തിന് കൂടുതൽ കരുത്ത് പകരുകയും ഇരു നാടുകളും തമ്മിലുള്ള നിക്ഷേപങ്ങൾ വര്ധിപ്പിക്കുകയുമാണ് ഇൻവെസ്റ്റ് ഇൻ ഷാർജയുടെ ലക്‌ഷ്യം. അതിനു ഇത്തരം പങ്കാളിത്തങ്ങളും ചർച്ചകളും ഏറെ സഹായകരമാണ്. ആരോഗ്യം, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലെ പ്രമുഖരുമായി നടത്തിയ ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഷാർജ അവരുടെ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഇടമാകും എന്നത് തീർച്ചയാണ്’’ – ഇൻവെസ്റ്റ് ഇൻ ഷാർജ സി.ഇ.ഓ. മുഹമ്മദ് ജുമാ അൽ മുഷറഖ് പറഞ്ഞു.

ഷാർജ മീഡിയ സിറ്റി പ്രധിനിധികളോടൊപ്പം മുംബൈയിലെ എൻ.ഡി സ്റ്റുഡിയോ മേധാവികളുമായും ഇൻവെസ്റ്റ് ഇൻ ഷാർജ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തി. എൻ.ഡി. സ്റ്റുഡിയോയുടെ പ്രശസ്തമായ സിനിമാ നഗരമെന്ന ആശയം പോലെ ഷാർജയിൽ ഒരു ബോളിവുഡ് സിനിമാ നഗരം ഒരുക്കുക എന്ന ആശയം നേരത്തെ ശുറൂഖ് സി.ഇ.ഓ. മർവാൻ ജാസിം അൽ സർക്കാൽ മുന്നോട്ടു വെച്ചിരുന്നു.

ഇന്ത്യയും യു.എ.ഇ യുമായുള്ള വ്യാപാരബന്ധത്തിൽ ഡോളർ ഒഴിവാക്കി പകരം സ്വന്തം കറൻസി ഉപയോഗിക്കാം എന്ന നിർണായക തീരുമാനം എടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ഷാർജ സംഘത്തിന്റെ ഇന്ത്യൻ സന്ദർശനം. ഇന്ത്യയും യുഎഇയും തമ്മിലിപ്പോൾ അറുപതു ബില്യൺ ഡോളറിന്റെ വ്യാപാരമുണ്ട്. 2020 ഓടെ നൂറു ബില്യനായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button