മൂന്നാര്‍ : മൂന്നാര്‍-ഗുണ്ടുമലയില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ആയയെ കൊലപ്പെടുത്തിയ കേസില്‍ മകനും ഭര്‍ത്താവും പിടിയില്‍. ബൈക്കും മാലയും വാങ്ങിത്തരാത്തതിന്റെ പേരിലാണ് കഞ്ചാവിന് അടിമയായിരുന്ന മകന്‍ അമ്മയെ കൊലപ്പെടുത്തിയത്. മകനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പിതാവ് അറസ്റ്റിലായത്.
2017 ഫെബ്രുവരി 14നാണ് ഗുണ്ടുമല ശിശുപരിപാലന കേന്ദ്രത്തിലെ ആയയായിരുന്ന രാജ്ഗുരു ദാരുണമായി കൊല ചെയ്യപ്പെട്ടത്. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് കെട്ടിടത്തില്‍ കയറിച്ചെന്ന മകന്‍ രാജ്കുമാര്‍, രാജ്ഗുരുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന 12 പവന്‍ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് മൂന്നാര്‍ സിഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കൊല നടത്തിയത് രാജ്കുമാറാണെന്ന് കണ്ടെത്തി. എന്നാല്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാലും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ കഴിയാതിരുന്നതിനാലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ രാജ്കുമാറിനെ പിതാവ് മണികുമാര്‍ തമിഴ്നാട്ടിലെ ബന്ധു വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇടുക്കി എസ്.പി കെ ബി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു. കഞ്ചാവിന് അടിമയായിരുന്ന രാജ്കുമാര്‍ ബൈക്കും സ്വര്‍ണ മാലയും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്ഗുരു ഇതിന് വഴങ്ങിയിരുന്നില്ല. ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
മാലയും കൊല്ലാനുപയോഗിച്ച വാക്കത്തിയും ഉള്‍പ്പെടുന്ന തെളിവുകള്‍ നശിപ്പിക്കുകയും
മകനെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് മണികുമാര്‍ അറസ്റ്റിലായത്.
Post Your Comments