കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശി മാങ്ങാട് ചോയിച്ചിങ്കല്‍ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ജസീമിനെ കാണാതായത്. വീട്ടില്‍ നിന്നും സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പിതാവിനോട് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്.
പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കളനാട് ബസ് സ്റ്റോപ്പിന് പിറകുവശത്തെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുള്ള ഓവുചാലില്‍ ജാസിറിന്റെ മൃതദേഹം കണ്ടെത്തിയത്. ജസീമിന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൃതദേഹം കിടക്കുന്ന സ്ഥലം നാട്ടുകാര്‍ക്കും പോലീസിനും കാട്ടിക്കൊടുത്തത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതിനാല്‍ അഴുകിയിരിക്കുകയാണ്. മൃതദേഹത്തില്‍ പുറമെ പരിക്കൊന്നും കാണാനില്ലെന്നും അഴുകിയതു കാരണം വിദഗദ്ധ പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി വൈഎസ്പി പറഞ്ഞു. ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, എസ് ഐ വി.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദ്ധരും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
ഇന്‍ക്വസ്റ്റു നടപടികള്‍ക്കു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു. ജസീമിന്റെ മരണത്തിനു പിന്നില്‍ കഞ്ചാവ് മാഫിയ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഒരു മൊബൈല്‍ ഷോപ്പ് ജീവനക്കാരനും സഹപാഠിയും അടക്കം നാലു പേരെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ നാലു പേരും സംഭവം നടക്കുമ്പോള്‍ ജസീമിന്റെ കൂടെയുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയാണ് ജാസിറിന്റെ മരണത്തിന് പിന്നിലെന്നാണ് സംശയം. ഒരു വര്‍ഷം മുമ്പാണ് ജസീം ചട്ടഞ്ചാല്‍ സ്‌കൂളില്‍ പഠനം തുടങ്ങിയത്.
Post Your Comments