കുമളി: കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും ലക്ഷങ്ങളുടെ ബില്‍ കൊടുത്ത് ഞെട്ടിച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി. ഇടുക്കിയിലെ വീട്ടമ്മയ്ക്ക് പത്തരലക്ഷം രൂപയുടെ വാട്ടര്‍ ബില്ലാണ് അതോറിറ്റി നല്‍കിയത്. കുമളി റോസാപ്പൂക്കണ്ടം സ്വദേശി രത്‌നമ്മയ്ക്കാണ് വാട്ടര്‍ അതോറിറ്റിയുടെ വക ഇരുട്ടടി കിട്ടിയത്.
അഞ്ചുവര്‍ഷം മുന്‍പാണ് പീരുമേട് താലൂക്കിലെ റോസാപ്പൂക്കണ്ടം സ്വദേശിയായ രത്‌നമ്മ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തത്. ഇതുവരെ വേണ്ട സമയത്തൊന്നുംതന്നെ ഈ കണക്ഷന്‍ വഴി പ്രദേശത്തുകാര്‍ക്കൊന്നും വെള്ളം ലഭിച്ചിട്ടില്ല. ഇതിനുപുറമെയാണ് കഴിഞ്ഞ ദിവസം 10,64,157 രൂപയുടെ ബില്‍ രത്‌നമ്മയ്ക്ക് ലഭിച്ചത്. കണക്ഷന്‍ പ്രവര്‍ത്തന രഹിതമാണെന്ന് ഈ ബില്ലില്‍തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കുടിശ്ശികയടക്കം 1500 രൂപ രത്‌നമ്മ അടച്ചതാണ്.
വാട്ടര്‍ അതോറിറ്റിയുടെ പീരുമേട് സെക്ഷന്‍ ഓഫീസ് 35 കിലോമീറ്റര്‍ അകലെയാണ്. അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്കായില്ല എന്നാല്‍ അച്ചടിപ്പിശകാകാനാണ് സാധ്യതയെന്നാണ് വിശദീകരണം.
Post Your Comments