Latest NewsNewsPrathikarana Vedhi

ഒരു വളവു തിരിഞ്ഞു വന്നപ്പോഴേക്കും പപ്പു വീണ്ടും പപ്പു ആയി: കോടികള്‍ വാങ്ങി ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ വന്നിട്ട് പോലും രക്ഷിക്കാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയെക്കുറിച്ച് യുവരാജ് ഗോകുല്‍

യുവരാജ് ഗോകുല്‍

ഗുജറാത്ത് ഇലക്ഷനില്‍ രാഹുലിന്റേത് ആശാവഹമായ പ്രകടനമായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെയും ഇടതു ലിബറല്‍ കൂട്ടുകെട്ടിന്റെയും വിലയിരുത്തല്‍. ഒരുപാടൊക്കെ അവര്‍ രാഹുലില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഗുജറാത്തില്‍ അട്ടിമറി വിജയം നേടുമെന്ന് ഇടയ്‌ക്കെപ്പോഴോ തോന്നിക്കുവാന്‍ സാധിച്ചത് രാഹുലിന്റെ നേതൃത്വത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരവുമായി. രാഹുല്‍ പഴയ പപ്പു അല്ലെന്നും കളി പഠിച്ചിട്ടു വന്ന അപ്പുക്കുട്ടനാണെന്നും ഒക്കെ ഒളിഞ്ഞും തെളിഞ്ഞും ഇടതു-കോണ്‍ഗ്രസ് പാണന്‍മാര്‍ പാടി നടക്കാന്‍ തുടങ്ങി. തിരഞ്ഞെടുപ്പിന് ഇടയ്ക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ബ്ലന്‍ഡേഴ്‌സ് വിളിച്ചു പറഞ്ഞെങ്കിലും താന്‍ മോദിയെ പോലെ അമാനുഷികനല്ലെന്നും സാധാരണ മനുഷ്യനാണെന്നും തെറ്റുകള്‍ പറ്റിയേക്കും എന്നൊക്കെ ഉരുണ്ട് വീണിടം വിദ്യ ആക്കുന്ന സ്ഥിരം രാഷ്ട്രീയ തന്ത്രം ഒക്കെ മനപ്പൂര്‍വം പയറ്റി താന്‍ ഒരു ഇരുത്തം വന്ന രാഷ്ട്രീയ നേതാവാണ് എന്ന് വരുത്തി തീര്‍ക്കുവാനുള്ള ബോധപൂര്‍വമായ പിആര്‍ നാടകങ്ങളൊക്കെയും കണ്ടു. ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റ് കസേരയിലെത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക രാഹുലിനു വേണ്ടി കോടികള്‍ വാങ്ങി കരാര്‍ ഒപ്പിട്ടു രംഗത്തിറങ്ങി കഴിയുമ്പോള്‍ നമ്മള്‍ ഇതും ഇതിലും വലിയ കളികളും പ്രതീക്ഷിക്കണം. പക്ഷേ സത്യസന്ധമായും സൂക്ഷ്മമായും വിലയിരുത്തിയാല്‍ ഇത് ആത്യന്തികമായി ഗുണം ചെയ്യുക ബിജെപിക്ക് തന്നെയാണ്.

Yuvaraj
യുവരാജ് ഗോകുല്‍

ഇടയ്ക്ക്‌വെച്ച് രാഹുലിനെ കൊണ്ട് കഴിയില്ല എന്ന വിശ്വാസം പ്രതിപക്ഷ നിരയിലൊന്നാകെ പടര്‍ന്നിരുന്നു. എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുവാനും പ്രതീക്ഷ നല്‍കുവാനും കഴിവുള്ള ഒരു നേതാവിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു പ്രതിപക്ഷ നിരയില്‍. കനയ്യ കുമാറും, ഷെഹ്ല റാഷിദയും, ഉമര്‍ ഖാലിദും എന്നു വേണ്ട ജെഎന്‍യുവിലെ നിലം തുടയ്ക്കുന്നവരെ പരീക്ഷിച്ചു നോക്കി ലെഫ്റ്റ് ലിബറല്‍സ്. ഒന്നും ശരിയാകുന്നില്ല എന്നത് അവരെ ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്. യുപി തിരഞ്ഞെടുപ്പിലെ മൃഗീയ വിജയത്തോടെ ഏതാണ്ട് 2019 മറക്കാം എന്ന പൊതുധാരണ പ്രതിപക്ഷ നിരയില്‍ പരക്കുകയും, ഒമര്‍ അബ്ദുള്ളയെ പോലുള്ളവര്‍ അത് തുറന്നു പറയുക വരെയും ചെയ്തു. അപ്പോഴാണ് സിംഹത്തെ അതിന്റെ മടയില്‍ നേരിട്ട് വിജയം വരിക്കുക അല്ലെങ്കില്‍ ധീരമായി പോരാടി എന്ന ഇംപ്രെഷന്‍ ക്രിയേറ്റ് ചെയ്ത് നേഷന്‍ വൈഡ് അറ്റന്‍ഷന്‍ പിടിക്കുക എന്ന കുതന്ത്രവുമായ് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രൊപ്പോസലുമായി എത്തുന്നത്. നഷ്ടങ്ങളില്ലാത്ത, എങ്ങനെ വീണാലും നാലു കാലില്‍ വീഴുന്ന തന്ത്രമാണ് അവര്‍ അവതരിപ്പിച്ചത്.

നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങിയിരുന്നവന്‍ പനി പിടിച്ചു കിടപ്പായതു കാരണം മാര്‍ക്കു കുറയുമെന്നും സ്ഥിരം തോറ്റിരുന്നവന്‍ കഷ്ടിച്ചു ജയിക്കുന്ന അവസ്ഥ വന്നാലും വലിയ സംഭവമാകും എന്ന പോലെയും ബിജെപി യുടെ എക്കാലത്തെയും വലിയ നെഗറ്റിവിറ്റിയെ ആണ് ഗുജറാത്തില്‍ പാര്‍ട്ടി നേരിട്ടത്. ഡീമൊണട്ടൈസേഷനും, ജിഎസ്ടിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടും എങ്കിലും ബിസിനസ് ക്ലാസ്സിനിടയില്‍ അത് സൃഷ്ടിക്കുന്ന താത്കാലികമായ അങ്കലാപ്പുകള്‍ വലുതായിരുന്നു. സ്വതവേ കച്ചവട വിഭാഗമായ ഗുജറാത്തികളെ ആകും അത് ഏറ്റവും ബാധിച്ചിട്ടുണ്ടാവുക എന്നത് സ്വാഭാവികം. ഈ അതൃപ്തി മുതലെടുക്കുക, ഗുജറാത്തിന്റെ ഹിന്ദു സ്വാഭിമാനം എന്ന സ്വത്വത്തെ ജാതിക്കാര്‍ഡിറക്കി തകര്‍ക്കുക, ഒപ്പം ടെംപിള്‍ റണ്‍ നടത്തുക എന്നീ മിനിമം അജണ്ടകളില്‍ നിന്നുള്ള പ്രചരണമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഡിസൈന്‍ ചെയ്തത്. ഒരു തരത്തിലും നഷ്ടം വരാത്ത എങ്ങനെ നോക്കിയാലും ലാഭം മാത്രം വരുന്ന പ്ലാന്‍. മറുവശത്തു ബിജെപിക്ക് നേരിടേണ്ടിയിരുന്നത് രണ്ടു പതിറ്റാണ്ടിന്റെ ആന്റി ഇന്‍കംബന്‍സിയേയും, മുകളില്‍ പറഞ്ഞ നെഗറ്റീവ് ഫാക്ടേഴ്‌സിനേയും ഒപ്പം നരേന്ദ്ര മോഡിക്കു ശേഷം ഉയര്‍ത്തിക്കാട്ടാനില്ലാതെ പോയ ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവത്തെയുമാണ്. നഷ്ടം സംഭവിക്കുന്ന കളിയില്‍ സ്വാഭാവികമായും ഭരണപക്ഷം ചെറിയ തെറ്റുകളെങ്കിലും വരുത്തുകയും അത് പ്രതിപക്ഷം മുതലെടുക്കുകയും ചെയ്യുകയാണ് ഉണ്ടാകേണ്ടത്. അതുണ്ടായില്ല എന്നു മാത്രമല്ല അതിശക്തമായി പോരാടിയ മോദിയും ടീമും വിജയം പിടിച്ചു വാങ്ങുകയും ചെയ്തു. പക്ഷേ ശിഖണ്ഡികളുടെ വീട്ടില്‍ കുഞ്ഞു പിറന്ന പോലുള്ള ആഘോഷമായിരുന്നു പ്രതിപക്ഷ നിരയില്‍. ഇത്രയും അനുകൂല തരംഗത്തെ വിജയമാക്കി മാറ്റുവാന്‍ കഴിഞ്ഞില്ല എന്നതു മറച്ചുവെച്ച് മോഡിയുടെ അപ്രമാദിത്വം അവസാനിച്ചു എന്ന് വെറുതേയെങ്കിലും ആഘോഷിക്കാന്‍ ശ്രമിച്ചു. ഇടതു ലിബറല്‍ ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഇന്ന് രാഹുലിനെ നേതാവായി അംഗീകരിച്ച സ്ഥിതിയാണ്.

ഇവിടെ ബി ജെ പി ഉള്ളില്‍ ചിരിക്കുകയാണ്. കാരണമുണ്ട്. ഒരു നല്ല നേതാവിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച ശേഷം ഇവര്‍ രാഹുലിന്റെ നേതൃത്വത്തെ കഷ്ടപ്പെട്ട് അംഗീകരിച്ച് മുന്നോട്ട് പോവുകയാണ്. നരേന്ദ്ര മോഡിയെ പോലൊരു നേതാവിനെതിരെ പട നയിക്കാനിറങ്ങുമ്പോള്‍ ഏതൊരു നിരയ്ക്കും ഒട്ടും യോജിക്കാത്ത നേതാവ് തന്നെയാണ് രാഹുല്‍. സ്വന്തമായി ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവാനോ ശേഷിയില്ലാത്ത, പിആര്‍ ഏജന്‍സികളുടെ തിരക്കഥയ്ക്ക് അനുസരിച്ച് മാത്രം വേഷം ആടിത്തീര്‍ക്കാന്‍ അറിയുന്ന ഒരു വ്യക്തിയെ ആലംകാരികമായി മുന്നില്‍ നിര്‍ത്താമെന്നല്ലാതെ ഒരുപാടൊന്നും പ്രതീക്ഷിക്കരുത്. അങ്ങനെ പറയുവാന്‍ കാരണമുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷമുള്ള സംഭവങ്ങളിലേക്ക് നമുക്ക് നോക്കാം. മൂന്നു സംസ്ഥാനങ്ങളിലേക്കാണ് അതിനു ശേഷം തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്. പണ്ടു മുതലേ നമ്മുടെ മാധ്യമങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റേറ്റുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാറില്ല എന്നത് ഒരു വസ്തുതയാണ്. അവിടുത്തെ തിരഞ്ഞെടുപ്പുകളോടും അതു തന്നെയാണ് സമീപനം. പക്ഷേ നോര്‍ത്ത് ഈസ്റ്റ് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമായ ഭൂഭാഗമാണ്. അതോട് ചേര്‍ന്ന് കിടക്കുന്ന അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ക്കും, ഇന്ത്യയെ നാലുപാടും നിന്നു വളയാന്‍ ശ്രമിക്കുന്ന ചൈനയുടെ ശ്രമങ്ങളെ മറികടക്കുന്നതിനും ഒക്കെ നോര്‍ത്ത് ഈസ്റ്റ് നിര്‍ണ്ണായകമാണ്. ഉത്തരവാദിത്വ ബോധമുള്ള ഒരു രാഷ്ട്രീയ നേതാവ് തീര്‍ച്ചയായും തിരിച്ചറിയേണ്ടതാണ് ഈ പ്രാധാന്യങ്ങള്‍. നരേന്ദ്ര മോഡി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി സകല തിരക്കുകള്‍ക്കിടയിലും അവിടെ നല്‍കിയ പ്രാധാന്യം ഉത്തരവാദിത്വ ബോധമുള്ള ഒരു രാഷ്ട്രീയ നേതാവിനെ നമുക്കു കാട്ടിത്തരുന്നുണ്ട്. അദ്ധേഹം അവിടെ എന്തു വിവാദ പ്രസ്താവന നടത്തി എന്നും പറഞ്ഞുകൊളളട്ടെ അതൊക്കെയും അദ്ധേഹം ആ സംസ്ഥാനങ്ങള്‍ ജയിക്കുവാന്‍ വേണ്ടിയുള്ള ആവേശമായും ആ പ്രദേശങ്ങള്‍ക്കു മുന്‍പുള്ള ഭരണാധികാരികള്‍ നല്‍കാതിരുന്ന പ്രാധാന്യം നല്‍കുന്നതിന്റെ ലക്ഷണമായും കണ്ടാല്‍ മതിയാകും.

പ്രധാനമന്ത്രി ഈ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലവഴിച്ച ഊര്‍ജ്ജവും പ്രതിപക്ഷ നേതാവിന്റെ പണി പോലുമില്ലാത്ത രാഹുല്‍ ഇവിടെ നല്‍കിയ സമയവും തമ്മില്‍ ഒന്നു താരതമ്യം ചെയ്യുക. എത്ര നിസ്സാരമായാണ് രാഹുല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ കണ്ടത് എന്ന് മനസ്സിലാകും. ഇങ്ങനെ ഒരു വ്യക്തിയാണോ ഈ രാജ്യം ഭരിക്കേണ്ടത് ചോദ്യം വേറെ നേതാവില്ലാത്തതു കൊണ്ട് രാഹുലിനെ ചുമക്കേണ്ടി വരുന്ന പ്രതിപക്ഷ കക്ഷികളോടല്ല മറിച്ച് ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരോടാണ്.

കേവലം രണ്ടു ലോക്‌സഭാ സീറ്റു മാത്രമുള്ള ത്രിപുര പിടിച്ചെടുക്കുന്നതു കൊണ്ട് രാഷ്ട്രീയമായി ബിജെപിക്ക് വലിയ നേട്ടമൊന്നും ഇല്ല. ആ സമയവും ഊര്‍ജ്ജവും കൂടെ കര്‍ണ്ണാടകത്തിലേക്ക് നല്‍കി അതാണ് പിടിച്ചെടുക്കേണ്ടത്. സി പി എമ്മും മാണിക് സര്‍ക്കാരും ത്രിപുരയില്‍ അജയ്യരായാണ് കരുതപ്പെടുന്നത് അതു കൊണ്ടു തന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 2% വോട്ടു മാത്രമുണ്ടായിരുന്ന ത്രിപുരയില്‍ തോറ്റാലും അത് ഒരു കാരണവശാലും കേന്ദ്രസര്‍ക്കാരിനെ ബാധിക്കുകയുമില്ല ആരും കുറ്റപ്പെടുത്തുകയുമില്ല. പക്ഷേ നേരത്തെ പറഞ്ഞ തന്ത്രപരമായ പ്രാധാന്യം സംസ്ഥാനത്തിനുണ്ട്. ഒപ്പം അതു പോലൊരു സംസ്ഥാനത്തില്‍ ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സിപിഎം പോലൊരു പാര്‍ട്ടി തുടരുന്നതില്‍ ആശങ്കയുമുണ്ടാകും. ഇതിനെയാണ് പൊളിറ്റിക്കല്‍ അഗ്രഷന്‍ എന്നു പറയുന്നത്. എത്രയൊക്കെ സംഘടനാ കെട്ടുറപ്പു പറഞ്ഞാലും മുന്നില്‍ നിന്നു നയിക്കുന്നയാളുടെ അഗ്രഷനാണ് സംഘടനയുടെ മുകള്‍ തട്ടു മുതല്‍ താഴേ തട്ടു വരെ പ്രതിഫലിക്കുക. ആ അഗ്രഷനാണ് രാഹുല്‍ ഗാന്ധിയില്‍ ഇല്ലാത്തതും. രാഷ്ട്രീയം അവസരങ്ങളുടേത് മാത്രമല്ല പ്രതിസന്ധികളുടേതു കൂടെയാണ്. അതിനെ അതിജീവിക്കാന്‍ അസാമാന്യമായ നേതൃശേഷി വേണം.

ഏറെ നിര്‍ണ്ണായകമായ കര്‍ണ്ണാടക തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന അവസരത്തിലാണ് അഴിമതി കേസ്സില്‍ കാര്‍ത്തി ചിദംബരം അറസ്റ്റിലാകുന്നത്. നിര്‍ണ്ണായകമായ തെളിവുകള്‍ കൈവശമുണ്ടെന്നും ഈ മാസം അവസാനത്തോടു കൂടി നേരിട്ടു ചിദംബരം തന്നെ അറസ്റ്റിലായേക്കും എന്നു അറിയുന്നു. ഇവിടെ മനസ്സിലാക്കേണ്ടത് നിര്‍ണ്ണായകമായ ഒന്നിലേറെ കാര്യങ്ങള്‍ ഒരുമിച്ച് സംഭവിക്കുകയാണ്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ്, കാര്‍ത്തിയുടെ അറസ്റ്റ്, ചിദംബരത്തിലേക്ക് അത് എത്തിയേക്കും, ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും വരുന്നു. ഇവിടെ വലിയൊരു പ്രതിസന്ധിയാണ് കോണ്‍ഗ്രസിന്റെ മുന്നില്‍. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഒരു വര്‍ഷം മാത്രം അവശേഷിക്കേ. പക്ഷേ എവിടെയാണ് കോണ്‍ഗ്രസിന്റെ നായകന്‍ രാഹുല്‍ ഗാന്ധി തന്റെ മുത്തശ്ശിയ്ക്ക് സര്‍പ്രൈസ് വിസിറ്റ് കൊടുക്കാന്‍ ഇറ്റലിക്ക് പോകുന്നു എന്നു ട്വിറ്ററില്‍ ഒരു കുറിപ്പെഴുതിയിട്ട ശേഷം ഇന്ത്യ വിട്ടു. എത്ര നിരുത്തരവാദപരമായ നീക്കമെന്നു നോക്കൂ. പ്രത്യാക്രമണം നടത്തി തലക്കെട്ടുകളില്‍ നിറയേണ്ട സമയത്ത് രാഹുല്‍ ഗാന്ധി പക്ഷേ നിറയുന്നത് ട്രോള്‍ പേജുകളിലാണ്. ലോകത്തില്‍ ട്വിറ്ററിലൂടെ സര്‍പ്രൈസ് വിസിറ്റിന്റെ വാര്‍ത്ത നല്‍കിയ ശേഷം സര്‍പ്രൈസ് നല്‍കാന്‍ പോകുന്ന ഏകവ്യക്തിയാണ് രാഹുലെന്നും, ട്വിറ്റര്‍ ഉപയോഗിച്ചിരുന്ന എംബിഎക്കാരന്‍ ഹോളി അവധിക്ക് പോയതു കൊണ്ട് രാഹുല്‍ ഇടവേളയ്ക്ക് ശേഷം സ്വന്തം നിലയ്ക്ക് ട്വിറ്റര്‍ ഉപയോഗിച്ചതാണ് ഈ മണ്ടന്‍ ട്വീറ്റ് എന്നുമൊക്കെ തുടങ്ങി ട്രോളുകളുടെ ഘോഷയാത്രയാണ്. എത്ര ദയനീയമെന്നു നോക്കൂ. നേതാവ് നയിക്കേണ്ടവനാണ്. നേതാവാണ് സംഘടനയുടെയും അണികളുടെയും കരുത്ത്. എന്നാല്‍ ഇങ്ങനെ ഒരു നേതാവ് എത്ര കെട്ടുറപ്പുള്ള സംഘടനയ്ക്കും ബാധ്യതയാണ്.

വിശാല പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെച്ച ഭാരം തന്നെയാണ് രാഹുല്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണം കാണണം എങ്കില്‍ നിങ്ങള്‍ പ്രതിപക്ഷ നിരയിലെ പ്രമുഖരിലേക്ക് നോക്കുക. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനാണ് അരവിന്ദ് കേജ്രിവാള്‍. ചിദംബരം എന്ന മന്ത്രി കോണ്‍ഗ്രസിന്റെ മുഴുവന്‍ അഴിമതികളുടെയും ആണിക്കല്ലായിരുന്നു എന്ന് ഏവര്‍ക്കും അറിയാം. ആ ചിദംബരത്തിലേക്ക് അന്വേഷണം എത്തുന്നതിന്റെ ആദ്യ വിജയകരമായ പടിയാണ് മകന്‍ കാര്‍ത്തിയുടെ അറസ്റ്റ്. അഴിമതിയുടെ അന്തകന്‍ എന്നു വിശേഷിപ്പിച്ചു നടക്കുന്ന കേജ്രിവാള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്തു കൊണ്ടാകും അത്. എന്തു കൊണ്ടായാലും ശരി ആ മൗനത്തിലൊരു അശ്ലീലമുണ്ട്. ആ അശ്ലീലം ഒരു ബാധ്യതയുടെ പുറത്ത് ഉണ്ടാകുന്നതാണ്. ആ ബാധ്യത വിശാല പ്രതിപക്ഷത്തിന്റെ നേതാവായി വീണ്ടും രാഹുല്‍ അവരോധിക്കപ്പെടുന്നു എന്നതാണ്. കേജ്രിവാള്‍ മാത്രമല്ല ഇടതുപക്ഷ നേതാക്കളോ, മമതാ ബാനര്‍ജിയോ, മായാവതിയോ, മുലായമോ, അഖിലേഷോ ആരും തന്നെ പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് ബാന്ധവത്തിനു വേണ്ടി വാദിക്കുന്ന യച്ചൂരി മിണ്ടാതിരിക്കുന്നത് മനസ്സിലാക്കാം പക്ഷേ കേരളത്തിലെ സഖാക്കളും മൗനം അവലംബിക്കുന്നത് ദയനീയതയാണ്. പുറമേ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നവരുടെ നിലപാടുകളില്‍ വലിയ ആത്മാര്‍ത്ഥതയൊന്നും ഇല്ല എന്നതാണ് ഇത് കാണിക്കുന്നത്.

രാഹുല്‍ ഗാന്ധി ബിജെപിയുടെ ഐശ്വര്യമാണ്. സ്വന്തം ബുദ്ധിയോ ഭാവനയോ ഇല്ലാത്ത ഒരു നേതാവിലേയ്ക്ക് മാത്രം ഒതുങ്ങേണ്ടി വരുന്ന ഒരു വിശാല പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്ന ഒരു വലിയ ബാധ്യത. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയി എന്നു പറയും പോലെ ഒരു വളവു തിരിഞ്ഞു വന്നപ്പോഴേക്കും പപ്പു വീണ്ടും പപ്പു ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button