ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് എന്നത് വെറും ഒരു ഗെയിം മാത്രമല്ല. ക്രിക്കറ്റിലൂടെ രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ധോണി നിറവേറ്റുന്നത്. ടീമിനോടും രാജ്യത്തോടുമുള്ള സ്നേഹം അദ്ദേഹം തന്റെ പ്രവര്‍ത്തികളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മകള്‍ സിവ ജനിച്ചപ്പോഴും സാക്ഷിക്കൊപ്പം നില്‍ക്കാതെ കളിക്കളത്തിലേക്ക് ഇറങ്ങിയ താരമാണ് മഹി. ക്രിക്കറ്റിനെയും രാജ്യത്തെയും ഒരുപോലെ സ്‌നേഹിക്കുന്ന ധോണിയുടെ ഹെല്‍മറ്റില്‍ ദേശീയ പതാക കാണാറില്ല. ഇതിന്റെ കാരണം ആരാധകര്‍ തിരക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാര്‍ കളിക്കിടെ പലപ്പോഴായി ഹെല്‍മറ്റ് മാറ്റാറുണ്ട്. സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റിന് പകരം തൊപ്പി ധരിക്കാറാണ് പതിപ്പ്. ഫാസ്റ്റ് ബോളര്‍മാര്‍ പന്തെറിയുമ്പോള്‍ ഹെല്‍മറ്റ് വയ്ക്കുകയും ചെയ്യും.
ഓരോ ഓവര്‍ കഴിയുമ്പോഴും ഹെല്‍മറ്റ് മാറ്റാന്‍ പന്ത്രണ്ടാമന്റെ സഹായം തേടുക എന്നത് കീപ്പര്‍മാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഹെല്‍മറ്റ് ഫീല്‍ഡില്‍ തന്നെ നിലത്തു വയ്ക്കുകയാണ് പതിവ്.
നിയമ പ്രകാരം ഇന്ത്യന്‍ പതാകയോ പതാകയുള്ള വസ്തുക്കളോ നിലത്ത് വയ്ക്കരുതെന്നാണ്. നിലത്തു വയ്ക്കുകയാണെങ്കില്‍ അത് പതാകയേയും നിയമത്തേയും അപമാനിക്കലാകും. അതുകൊണ്ടാണ് തന്റെ ഹെല്‍മറ്റില്‍ നിന്നും ധോണി പതാക എടുത്തു മാറ്റിയത്.
Post Your Comments