തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീകത്തിക്കും.
ഇതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം. 40 ലക്ഷത്തോളം ഭക്തരാകും ഇക്കുറി പൊങ്കാല അര്‍പ്പിക്കുക.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. സുരക്ഷക്കായി 4200 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ ആകമാനം വിന്യസിച്ചിരിക്കുന്നത്. സേവാഭാരതി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സാദാ ജാഗരൂപരാണ്.
ചടങ്ങുകള്‍ ഇങ്ങനെ
ആദ്യം നിലവിളക്കു തെളിച്ചു പടുക്കവയ്ക്കണം. അടുപ്പ് തീർഥം തളിച്ചു ശുദ്ധിയാക്കണം. വൃത്തിയുള്ള വിറകുവേണം പൊങ്കാല തയാറാക്കാൻ ഉപയോഗിക്കേണ്ടത്.
ദേവീ പ്രസീദ ..ദേവീ പ്രസീദ.. .. എന്നു ജപിച്ചുകൊണ്ട് അരി ഇടുന്നതാണു നല്ലത്. സർവ മംഗളമംഗല്യേ, ശിവേ സർവാർഥ സാധികേ.. .. എന്നുതുടങ്ങുന്ന മന്ത്രവും ജപിക്കാം. തേങ്ങയും ശർക്കരയും വീട്ടിൽ നിന്നു തയാറാക്കി കൊണ്ടുപോകുന്നത് ഉത്തമമല്ല. പൊങ്കാല തിളച്ചു തൂവണം എന്നാണു ശാസ്ത്രം.
തിളച്ചു തൂവുന്നതു വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയാണ്. ഏതു ദിശയ്ക്ക് അഭിമുഖമായിട്ടാണോ പൊങ്കാലയിടുന്നത് ആ ദിശയിലേക്കു പൊങ്കാല തൂകിയാൽ ഫലപ്രാപ്തി എന്നാണു വിശ്വാസം. പൊങ്കാല സമർപ്പണം ആരംഭിക്കുന്നതിനു മുന്നോടിയായി കത്തിക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞു പൂവ് കൊണ്ടു കെടുത്തണം.
പൊങ്കാലയ്ക്കൊപ്പം വെള്ള നിവേദ്യം നിവേദിച്ചാൽ ആഗ്രഹ സാഫല്യം ലഭിക്കുമെന്നാണു വിശ്വാസം. പൊങ്കാല ഇടുന്നവർ നിവേദ്യം മാത്രം കഴിച്ചു തൊട്ടടുത്ത ദിവസം വരെ വ്രതം തുടരണം. ഏതെങ്കിലും ക്ഷേത്രത്തിൽ പോയി തൊഴുതു വ്രതം മുറിക്കുന്നതാണു നല്ലത്.
കൂടാതെ നിവേദ്യത്തിന്റ ഒരു പങ്ക് പൊങ്കാല സമർപ്പണത്തിനു പോകാൻ കഴിയാത്തവർക്കും മറ്റും നൽന്നതും ഉത്തമമെന്നാണു മറ്റൊരു വിശ്വാസം.
Post Your Comments