Latest NewsNewsSports

വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തി:അര്‍ജ്ജുന ജേതാവിന് സസ്‌പെന്‍ഷന്‍

ബംഗളുരു: നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടെ വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ രഹസ്യമായി പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന പുരസ്‌കാര ജേതാവും പാരാ നീന്തല്‍ താരവുമായ പ്രശാന്ത കര്‍മാകറിനെ മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജയ്പൂരില്‍ നടന്ന ദേശീയ പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. തന്റെ സഹായികളില്‍ ഒരാള്‍ക്ക് ക്യാമറ നല്‍കി വനിതാ നീന്തല്‍ താരങ്ങളുടെ വീഡിയോ പകര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രശാന്ത കര്‍മാകറിനെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് പാരാലിംപിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

രേഖാമൂലം പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് പിസിഐ വ്യക്തമാക്കി. കര്‍മാകറിന്റെ നിര്‍ദേശ പ്രകാരമാണ് വീഡിയോ പകര്‍ത്തിയതെന്ന് അന്വേഷണത്തിനിടെ സഹായി വെളിപ്പെടുത്തിയിരുന്നു. സഹായി വീഡിയോ പകര്‍ത്തുന്നതിനിടെ നീന്തല്‍ താരങ്ങളുടെ മാതാപിതാക്കള്‍ ഇടപെടുകയും ചിത്രീകരണം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സഹായി വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തിവെച്ചുവെങ്കിലും, ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പോലീസ് ഇയാളെ അറസ്റ്റു ചെയ്തുവെങ്കിലും, വീഡിയോ ഡിലീറ്റ് ചെയ്യാമെന്നും തുടര്‍ന്ന് ഇത്തരത്തില്‍ പ്രവൃത്തി തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും അറിയിച്ചതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു. ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും രാജ്യത്തിനായി മെഡല്‍ നേടുകയും ചെയ്ത ആദ്യ താരമാണ് കര്‍മാകര്‍. 2016 ലെ റിയോ പാരാലിംപിക്‌സില്‍ ഇന്ത്യന്‍ നീന്തല്‍ പരിശീലകനായിരുന്നു കര്‍മാകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button