പത്തനാപുരം: വര്‍ക്ഷോപ് തുടങ്ങുന്നതിനു നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡില്‍ പ്രവാസി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ എഐവൈഎഫ് നേതാക്കളില്‍ നിന്ന് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. എഐവൈഎഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ് എന്നിവരാണ് ജയിലിലുള്ളത്. ഇതില്‍ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേര്‍ പുനലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങി.
പ്രവാസിയായ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. നാട്ടിയ കൊടി നീക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ പണം ചോദിച്ചെന്ന് സുഗതന്റെ മക്കള്‍ എഐവൈഎഫ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. രാവിലെ വീട്ടിലെത്തിയ പൊലീസിനെ കണ്ടു ഗിരീഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. ഉച്ചയോടെ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുമ്ബോഴാണ് ഇമേഷും സതീഷും പൊലീസിനെ വെട്ടിച്ചു കോടതിയില്‍ ഹാജരായത്.
മൂന്നു പേരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. ഈ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം. ഇതിലൂടെ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നീക്കം. അതിനിടെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സുഗതന്റെ മക്കള്‍ ആരോപിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ചുമതലയുള്ള പത്തനാപുരം സിഐ എം.അന്‍വര്‍ പറഞ്ഞു.
പാട്ടഭൂമിയില്‍ സ്ഥാപിച്ച വര്‍ക്ഷോപ്പിനു മുന്നില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്താണു പിതാവ് ആത്മഹത്യ ചെയ്തത് എന്നാണ് സുഗതന്റെ മകന്റെ മൊഴി. രണ്ടുമാസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ സുഗതന്‍ നാല്‍പ്പതുവര്‍ഷം ഗള്‍ഫില്‍ ചോര നീരാക്കിയുണ്ടാക്കി പണംകൊണ്ടു നാട്ടില്‍ വര്‍ക്ക്ഷോപ്പു തുടങ്ങാന്‍ ആഗ്രഹിച്ചായിരുന്നു പതിനഞ്ചുവര്‍ഷം മുമ്ബു നികത്തിയ വിളക്കുടി പഞ്ചായത്തിലെ ഇളമ്ബല്‍ പൈനാപ്പിള്‍ ജംഗ്ഷനില്‍ സമീപവാസിയുടെ നികത്തിയ പാടം പാട്ടത്തിനെടുത്തത്.
എന്നാല്‍ സിപിഐ-എ.ഐ.െവെ.എഫ്. പ്രവര്‍ത്തകര്‍ സ്ഥലത്തു കൊടിനാട്ടി. ഇവിടെ നിര്‍മ്മാണം അനുവദിക്കില്ലെന്ന് ആരോപിച്ച് കൊടികുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം കടുത്ത വിഷമത്തിലായിരുന്നു. കൊടി നീക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ പലവട്ടം സിപിഐ. നേതാക്കളെ കണ്ടിരുന്നു. എന്നാല്‍, പണം തരാതെ മാറ്റില്ലെന്നും ഷെഡ് പൊളിച്ചു മാറ്റണമെന്നും അന്ത്യശാസനം നല്‍കുകയായിരുന്നു. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനായി രണ്ടു ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നും നേതാക്കള്‍ പറഞ്ഞതായാണ് ആരോപണം.
എന്നാല്‍, സുഗതന്‍ ഭീഷണിക്ക് വഴങ്ങി പണം നല്‍കാന്‍ തയാറായില്ല. സംഭവദിവസം രാവിലെ സഹായിയോടൊപ്പം ഷെഡ് പൊളിക്കാനെന്ന പേരില്‍ എത്തിയ സുഗതന്‍ ഒപ്പമുണ്ടായിരുന്ന ആളെ ചായകുടിക്കാന്‍ പറഞ്ഞുവിട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഗിരീഷ് കുറ്റം നിഷേധിച്ചിരുന്നു. വയല്‍ നികത്തുന്നതിനെയാണ് എതിര്‍ത്തതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മൂന്ന് പേരിലേക്ക് കേസ് ഒതുക്കാനാണ് നീക്കമെന്നും അവര്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് അച്ഛന്റെ ആത്മഹത്യയെന്നും മക്കള്‍ പറയുന്നു.
Post Your Comments