ArticleWriters' CornerEditor's Choice

മുലയൂട്ടുന്നത് കാണുമ്പോള്‍ കുരുപൊട്ടുന്ന സദാചാരക്കാരോട്…! മാതൃത്വത്തിന് അതിരുകളില്ല

മുലയൂട്ടല്‍ എന്നു കേള്‍ക്കുമ്പോഴേ പലരിലും സദാചാരത്തിന്റെ കുരുക്കള്‍ പൊട്ടിത്തുടങ്ങാറുണ്ട്. എന്നാല്‍ ആരെങ്കിലും അതിനെ ഒരു പൊടിക്കുഞ്ഞിന്റെ ജന്മാവകാശമായി ആരെങ്കിലും കണക്കാക്കിയിട്ടുണ്ടോ? കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍ അല്‍പം മുല പുറത്ത് കാണുമ്പോള്‍ അതിനെ വെറും തരംതാഴ്ത്തി കാണുമ്പോഴും അതിനെ വെറും നഗ്നതയെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോഴേക്കും ഒരിക്കലെങ്കെലും അത് ഇല്ലായിരുന്നെങ്കില്‍ എന്ന് ആരെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നാല്‍ പുരുഷന്‍മാര്‍ മാത്രമല്ല മറിച്ച് ഒരിക്കല്‍ സ്വന്തം കുഞ്ഞിന് പാലൂട്ടിയവര്‍വരെ ഇന്ന് ഒരു സ്ത്രീ കുഞ്ഞിനെ പാലൂട്ടുമ്പോള്‍ അവരെ തുറിച്ച് നോക്കാറുണ്ട്. ഇതൊക്കെ മാറേണ്ട ആവശ്യമുണ്ടെന്ന് ആരെങ്കിലും ഒന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

ഓരോ മൃഗത്തിന്റെയും മുലപ്പാല്‍ അതിന്റെ കുട്ടിക്ക് അനുയോജ്യമായതാണ്. പശുക്കുട്ടിക്ക് പശുവിന്‍ പാല്‍, മനുഷ്യക്കുഞ്ഞിന് അമ്മയുടെ പാല്‍. മുലയൂട്ടലിന്റെ രീതി അമ്മമാര്‍ അവരുടെ അമ്മമാരില്‍ നിന്ന് പഠിക്കണം. മനസ്സിന് സന്തോഷം കിട്ടുന്ന അന്തരീക്ഷത്തില്‍ വേണം മുലയൂട്ടേണ്ടത്. അമ്മ കുട്ടിയുടെ മുഖത്തുനോക്കി വര്‍ത്തമാനം പറഞ്ഞ്, കാലും ശരീരവും ഇക്കിളിപ്പെടുത്തി കുട്ടിക്ക് ഉത്തേജനം നല്‍കണം. എന്നാല്‍ ഇന്ന് അത്തരത്തിലാണോ ഏതെങ്കിലും അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കുന്നത്….സത്യം പറഞ്ഞാല്‍ മുലകൊടുക്കുമ്പോള്‍കുഞ്ഞിനോട് സംസാരിക്കുന്നതിനേക്കാള്‍ ഒരു അമ്മയ്ക്ക് കൂടുതല്‍ സമയം വേണ്ടി വരുന്നത് ചുറ്റും ആരെങ്കിലുമൊക്കെയുണ്ടോ എന്ന് നോക്കുന്നതിലാണ്.

പൊതുഇടങ്ങളിലെ മുലയൂട്ടല്‍ പലപ്പോഴും തുറിച്ചുനോട്ടങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ബസിലോ, ട്രയിനിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ച് കുഞ്ഞ് വിശന്നു കരഞ്ഞാല്‍ തുറിച്ചു നോട്ടങ്ങളെ ഭയന്ന് ഭൂരിഭാഗം അമ്മമാരും മുലയൂട്ടാന്‍ മടിക്കുന്നു. അല്ലെങ്കില്‍ അത്രയേറെ ശ്രദ്ധ കൊടുത്ത് വേണം കുഞ്ഞിന്റെ വിശപ്പകറ്റാന്‍. വിദേശരാജ്യങ്ങളിലെ ചില ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. അവിടുത്തെ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ പകര്‍ന്നുകൊടുക്കാന്‍ ആരെയും ഭയക്കേണ്ട കാര്യമില്ലെന്ന്. കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് പാര്‍ലമെന്റില്‍ സംസാരിക്കുന്ന എംപി, ജനപ്രതിനിധിയോട് സംസാരിക്കുന്ന അമ്മമാര്‍..എന്തിനും ഏതിനും വിദേശത്തേക്ക് നോക്കുന്ന മലയാളികള്‍ ഈ നല്ല രീതി കണ്ടുപഠിക്കേണ്ടതുണ്ട്.

മുലയൂട്ടല്‍ നമ്മുടെ സംസ്‌കാരമാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ? ഒരു അമ്മ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നതില്‍ ഇത്രയും വലിയ തെറ്റ് എന്താണ്? അമ്മമാര്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് മുലയൂട്ടുന്നതാണോ അതോ നമ്മള്‍ അതിലേക്ക് തുറിച്ച്‌നോക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. മുമ്പുവരെ ബസിലും റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലും മാര്‍ക്കറ്റിലും എന്നുതുടങ്ങി പൊതുസ്ഥലങ്ങളിലിരുന്ന് മുലയൂട്ടുന്ന അമ്മമാര്‍ സ്ഥിരം കാഴ്ചയായിരുന്നു. ഇടക്കാലം വരെ കുഞ്ഞിനെ പരിചരിക്കുന്ന അമ്മമാരുടെ പ്രവൃത്തികള്‍ക്ക് തെറ്റുമുണ്ടായിരുന്നില്ല. പൊതുസ്ഥലത്തുവച്ച് കുഞ്ഞിനെ മുലയൂട്ടുന്നതിനെ പ്രശ്‌നവല്‍ക്കരിക്കുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിലാണ് ഇനി മാറ്റം വരേണ്ടത്.

വിശക്കുന്ന കുഞ്ഞിനെ മുലയൂട്ടുന്നതില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കി പ്രശ്‌നവല്‍ക്കരിക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടിലാണ് തെറ്റെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമങ്ങളില്‍ മാറിടങ്ങളെ ലൈംഗികവല്‍ക്കരിക്കപ്പെട്ടതിന്റെ പ്രശ്‌നമാണ് കുഞ്ഞിനെ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്നതിനെതിരെ മുടന്തന്‍ ന്യായങ്ങളുമായി സമൂഹത്തെ പ്രേരിപ്പിക്കുന്നതെന്ന് ചില വാദങ്ങളുണ്ട്. ഒരു കാര്യം കൂടി……ഒരമ്മയ്‌ക്കെങ്കിലും പൂര്‍ണആത്മവിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് പറയാന്‍ കഴിയുമോ ഞാന്‍ എനിക്കിഷ്ടമുള്ള സ്ഥലത്തിരുന്ന് മുലയൂട്ടുമെന്ന്……ആര്‍ക്കെങ്കിലും അത് ഈ സമൂഹത്തോട് തുറന്ന് പറയാനുള്ള തന്റേടവും ആര്‍ജവവും ഉണ്ടോ ?

സത്യം പറഞ്ഞാല്‍ എവിടെയാണ് നമ്മള്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്? എവിടെനിന്നുവേണം നമ്മള്‍ ചിന്താഗതി മാറ്റിത്തുടങ്ങുവാന്‍? ഒരുപക്ഷേ എന്നും ഇത് ഒരു വലിയ ചോദ്യചിഹ്നമായിത്തന്നെ ഇവിടെ നിലനില്‍ക്കും. തിരക്ക് കൂടിയ ബസ്സുകള്‍, മറ്റു സ്ഥലങ്ങളില്‍ എന്നിവിടങ്ങളിലും ചിലപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ ആവശ്യമായിവരും. തുറിച്ചുനോട്ടങ്ങള്‍ സ്ത്രീകളുടെ മേലുള്ള കടന്നു കയറ്റങ്ങള്‍ ആണെങ്കിലും അവരത് നിശബ്ദം സഹിച്ചേക്കാം. പക്ഷെ അതുകാരണം തന്റെ അവകാശം നിഷേധിക്കപ്പെടുന്ന കുഞ്ഞിന്റെ കരച്ചില്‍ ഉയരുന്നത് തുറിച്ചുനോക്കുന്നവരുടെ നേര്‍ക്കു തന്നെയാണ്. അതുകേട്ടെങ്കിലും നിങ്ങള്‍ ഒരുനിമിഷത്തേക്കു നിങ്ങളുടെ കണ്ണുകള്‍ മുറുക്കെയടക്കുക, കുറച്ചുനേരത്തേക്കു വഴിമാറിപ്പോകുക. കാരണം ഒരുസമയത്ത് നമ്മുടെ അമ്മമാരും ഇതൊക്കെ സഹിച്ചിട്ടുണ്ടാകും!

shortlink

Related Articles

Post Your Comments

Related Articles


Back to top button