Latest NewsNewsTechnology

ചന്ദ്രനില്‍ 4-ജി കണക്ഷന്‍ 

ചന്ദ്രനില്‍ 4-ജി കണക്ഷന്‍

ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്നൊരു 4ജി മൊബൈല്‍ കണക്ഷന്‍. ഭൂമിയിലെ പല സ്ഥലത്തും 4ജി കവറേജ് കിട്ടാത്ത സമയത്താണ് ചന്ദ്രനില്‍ മൊബൈല്‍ കണക്ഷന്‍ നല്‍കാന്‍ പോകുന്നത്. സയന്‍സ് ഫിക്ഷന്‍ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അടുത്ത വര്‍ഷം ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ കണക്ഷന്‍ നിലവില്‍ വരുമെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടെലകോം കമ്പനിയായ വോഡഫോണ്‍ ജര്‍മ്മനി, ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്‍ ഔഡി എന്നിവര്‍ സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ബെര്‍ലിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിടിഎസ് സയന്റിസ്റ്റ് എന്ന സ്ഥാപനും പദ്ധതിയോട് സഹകരിക്കുന്നുണ്ട്. ഒരു കിലോഗ്രാം ഭാരമുള്ള ഉപകരണം (space-grade Ultra Compact Network) 2019ല്‍ ചന്ദ്രനില്‍ എത്തിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. നോക്കിയയാണ് ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സാകും ഉപകരണം ചന്ദ്രനിലെത്തിക്കുക.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കടക്കം കാര്‍ഗോ എത്തിക്കാന്‍ നാസ ആശ്രയിക്കുന്ന റോക്കറ്റാണ് ഫാല്‍ക്കണ്‍ 9. പുനരുപയോഗിക്കാന്‍ കഴിയുന്ന ആദ്യ ഓര്‍ബിറ്റര്‍ ക്ലാസ് റോക്കറ്റെന്ന നേട്ടവും ഫാല്‍ക്കണ്‍ 9ന് സ്വന്തമാണ്. രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ഒന്നാം ഭാഗം വീണ്ടെടുക്കുന്നതില്‍ 2017ല്‍ വിജയിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ഫാല്‍ക്കണ്‍ 9ന്റെ ശക്തി കൂടിയ പതിപ്പാണ് അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഫാല്‍ക്കണ്‍ ഹെവി. ഇന്ന് ഭൂമിയിലുള്ളതില്‍ ഏറ്റവും വലിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയുടെ ഒന്നാം ഭാഗം മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സംയുക്ത സംരംഭം വിജയിച്ചാല്‍ ചന്ദ്രനിലെത്തുന്ന ആദ്യ സ്വകാര്യ പദ്ധതിയാകും ഇത്.

ചന്ദ്രന്റെ മികച്ച ദൃശ്യങ്ങള്‍ ഭൂമിയിലെത്തിക്കുകയാണ് 4ജി കണക്ഷനിലൂടെ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്ക് നടത്താനിരിക്കുന്ന വലിയ പദ്ധതികളുടെ ആദ്യപടിയായാണ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സാധ്യമാക്കുന്നതെന്ന് പിടിഎസ് സയന്റിറ്റ്‌സ് സിഇഒ റോബര്‍ട്ട് വ്യക്തമാക്കി. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകളുടെ വരവോടെ ബഹിരാകാശ പദ്ധതികളുടെ ചെലവ് വന്‍തോതില്‍ കുറയുകയാണ്. 1972ല്‍ നാസയുടെ അപ്പോളോ 17 പദ്ധതിയോടെ നിലച്ച ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യങ്ങള്‍ വീണ്ടും തിരികെ വന്നേക്കുമെന്ന പ്രതീതി ഇപ്പോള്‍ ലോകത്തുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തേക്ക് വന്‍തോതില്‍ സ്വകാര്യ കമ്പ
നികള്‍ വരുന്നതും ഇതിന് ആക്കം കൂട്ടുകയാണ്.

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പദ്ധതിയായ ചന്ദ്രയാന്‍ രണ്ട് ഈ വര്‍ഷം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ചാന്ദ്രപദ്ധതിയായ ചന്ദ്രയാന്‍ ഒന്നിലെ ഉപകരണങ്ങള്‍ നല്‍കിയ വിവരത്തില്‍ നിന്നാണ് ചന്ദ്രനില്‍ ജലമുണ്ടെന്ന നിര്‍ണായക വിവരം നാസ കണ്ടെത്തിയത്. ചന്ദ്രയാന്‍ ഒന്നില്‍ മൂണ്‍ ഇംപാക്ട് പ്രോബെന്ന ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കുകയാണ് ചെയ്തതെങ്കില്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗാണ് ഐഎസ്ആര്‍ഒ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button