ന്യൂഡല്‍ഹി: ഹജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജ് കര്മ്മത്തിന് പോകുന്നവരുടെ യാത്രാക്കൂലിയില്‍ വന്‍ ഇളവ്. വിമാനക്കൂലിയില്‍ 41000 രൂപയുടെ ഇളവാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചതാണിക്കാര്യം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രീണനമല്ല, ശാക്തീകരണമാണ് വേണ്ടതെന്ന നയം അനുസരിച്ചാണ് യാത്രാക്കൂലി കുറച്ച നടപടിയെന്നും അദ്ദേഹം പറഞ്ഞു.
വിമാനക്കൂലി കുറച്ചത് ഹജ്ജ് തീര്‍ത്ഥാടകരെ സാമ്ബത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചൂഷണമാണ് നടന്നിരുന്നതെന്നും മന്ത്രി ആരോപിച്ചു. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഫ്ളൈനാസ് തുടങ്ങിയ വിമാന കമ്ബനികള്‍ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവ്.
2013-14ല്‍ മുംബൈയില്‍ നിന്ന് ഹജ്ജ് യാത്രാക്കൂലി 98,750 രൂപയായിരുന്നത് ഈ വര്‍ഷം 57,857 രൂപയായി കുറയും. കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഹജ് സബ്സിഡി നിര്‍ത്തലാക്കിയത്. ഇത്തവണ ഹജ്ജ് തീര്‍ത്ഥ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1.75 ലക്ഷം ആളുകള്‍ക്ക് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments