ലക്‌നോ: റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടു കിടന്ന ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ട്രാക്കില്‍ പാട്ട് കേട്ടു കിടന്ന ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയിന്‍ എന്‍ജിന്‍ കയറിയിറങ്ങിയത്. അപകടത്തില്‍ യുവാക്കളില്‍ ആറ് പേരും മരിച്ചു. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെയിന്റിംഗ് ജോലികള്‍ക്കായി ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അര്‍ധരാത്രിയോടെ ട്രെയിന്‍ നഷ്ടമായതോടെ ഹാപുരിലെ പില്‍ഖുവയില്‍ തിരിച്ചെത്തിയ യുവാക്കള്‍ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവര്‍ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.
Post Your Comments