അടിമാലി: അന്യ സംസ്ഥാന തൊഴിലാളിക്ക് കടയുമയുടെ ക്രൂരമര്‍ദ്ദനം. ബീഹാര്‍ സ്വദേശി മുഹമ്മദ് മുഫ്താഖാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഒരു ദിവസം ജോലിക്കെത്താത്തതിനാലാണ് ഇയാളെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്. സാരമായി പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കടയുടമ രാകുമാരി തെക്കേരിക്കല്‍ കീരനെന്ന് വിളിക്കുന്ന രതീഷിനെയും ഇയാളുടെ രണ്ട് സുഹൃത്തുകളെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
രാജകുമാരിയില്‍ ഹോട്ടലും മാര്‍ക്കറ്റുമടക്കം നടത്തുന്ന തെക്കേരിക്കല്‍ രതീഷിന്റെ കടയില്‍ ബജിയുണ്ടാക്കുന്ന തൊഴിലാളിയായിരുന്നു മുഹമ്മദ്. മുഹമ്മദ് ഒരുദിവസം ലീവെടുക്കുകയായിരുന്നു. ഇതിനാല്‍ ബജിയുണ്ടാക്കുന്നത് മുടങ്ങുകയും മറ്റ് കടകളില്‍ കച്ചവടം നല്ല രീതിയില്‍ നടന്നുവെന്നും ആരോപിച്ചാണ് യുവാവിനെ കടയുടമയും കൂട്ടുകാരും ചേര്‍ന്ന് തല്ലിച്ചതച്ചത്.രതീഷും സുഹൃത്തുക്കളും മുഹമ്മദ് താമസിക്കുന്ന മുറിയില്‍ എത്തുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് ഭയന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇവിടെയിട്ട് തല്ലിച്ചതച്ച ശേഷവും അരിശം തീരാഞ്ഞ് ഈ യുവാവിനെ ഇവരുടെ വാഹനത്തില്‍ കയറ്റി രതീഷിന്റെ കടയിലെ അടുക്കളയില്‍ എത്തിച്ചു. അവിടെ വച്ചും മര്‍ദ്ദനം തുടര്‍ന്നു.മര്‍ദ്ദനമേറ്റ് അവശനായ യുവാവ് പിന്നീട് രക്ഷപ്പെട്ടോടി സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതുകൊണ്ടു മാത്രമാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അവസ്ഥ ഗുരുതരമാണെന്ന് കണ്ട് മുഹമ്മദിനെ പിന്നീട് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പന്ത്രണ്ട് വര്‍ഷമായി ഹൈറേഞ്ചില്‍ ജോലിചെയ്യുന്ന ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ഇത്തരത്തില്‍ നിരവധി ആളുകള്‍ ഇവിടെ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം. അട്ടപ്പാടിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് മധുവെന്ന യുവാവിനെ സദാചാരപൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കേരള മനസ്സാക്ഷിയെ നടുക്കുന്ന ഇത്തരമൊരു സംഭവം
Post Your Comments