ദുബായ്: പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു. അൻപത്തി നാല് വയസ്സായിരുന്നു. രാത്രി ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം. നടന്‍ മോഹിത് മാര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. മരിക്കുമ്പോള്‍ സമീപത്ത് മകള്‍ ഖുഷിയും ഭര്‍ത്താവ് ബോണി കപൂറും ഉണ്ടായിരുന്നു. അൻപത്തി നാല് വയസ്സായിരുന്നു.
സൗന്ദര്യം കൊണ്ടും അഭിനയമികവും കൊണ്ട് ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിയ അപൂര്‍വം നടിമാരേയുള്ളു. അതില്‍ എന്നും ഒന്നാമത്തെയാള്‍ ശ്രീദേവിയാണ്. കഴിഞ്ഞ വര്‍ഷം 54ആം പിറന്നാള്‍ ആഘോഷിക്കുന്പോഴും ശ്രീദേവിയെ കാത്ത് സമീപകാലത്ത് ഇത്തരമൊരു ദുര്‍വിധി ഉണ്ടെന്ന് ആരും കരുതിയിരുന്നില്ല. ശ്രീദേവിയുടെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല് രാജ്യം പത്മശ്രീ നല്കി ശ്രീദേവിയെ ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. ആലിംഗനം, തുലാവര്‍ഷം, സത്യവാന് സാവിത്രി, നാല് മണി പൂക്കള്‍, ദേവരാഗം കുമാര സംഭവം ഉള്‍പ്പെടെ 26 മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
1963 ആഗസ്റ്റ് 13ന് തമിഴ്നാട്ടിലെ ശിവകാശിയില്‍ വക്കീലായ അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. 1967ല്‍ റിലീസ് ചെയ്ത കന്തന്‍ കരുണൈയില്‍ മുരുകന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ട് തുടക്കം. അന്ന് നാലു വയസുള്ള കുട്ടി ശ്രീദേവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.
Post Your Comments