ജനങ്ങളെ സേവിക്കാൻ ജനങ്ങൾ തന്നെ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ (അങ്ങനെ തന്നെയല്ലേ?) ചേരി തിരിഞ്ഞ് മത്സരിക്കുന്ന അരാജകത്വത്തിന്റെ നിഴലിലാണ് ഇന്ന് മലയാളനാട്!സേവിക്കുക എന്നതിനപ്പുറത്തേക്ക് കൊല്ലും കൊലയും ശീലമാക്കിയ, പൊതുമുതൽ കയ്യേറുന്ന, ഖജനാവ് കാലിയാക്കുന്ന അധികാരഗർവ്വിലേക്ക് കൂപ്പു കുത്തിയ ഭരണാധികാരികളുടെയും അതുമൂലം മുരടിച്ചുപോയ വികസനത്തിന്റെയും ബാക്കിപത്രമാണ് ഇന്ന് കേരളം. ഇന്ന് ഇൻഡ്യയ്ക്കകത്തും പുറത്തും രാഷ്ട്രീയക്കൊലപാതങ്ങളുടെ പേരിലാണ് കേരളം സുപരിചതമാകുന്നത്! സമ്പൂർണ്ണ സാക്ഷരത നേടിയ നാടിന്റെ അധഃപതനം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.
മനസ്സാക്ഷി മരവിച്ച നാടായി മാറിയിരിക്കുന്നു കേരളം. വിശന്നു വലഞ്ഞ ആദിവാസി യുവാവിനെ ഒരുപിടി അന്നത്തിന്റെ പേരിൽ , ഒരുപറ്റം വിദ്യാസമ്പന്നരായ (ഇതാണോ വിദ്യാഭ്യാസം?) കിരാതൻമാർ നിഷ്കരുണം കൊലപ്പെടു ത്തിയിരിക്കുന്നു.കാടിന്റെ നന്മയെ കണിപോലും കാണാത്ത നാട്ടുവാസി അഹങ്കാരത്തിന്റെ ഉച്ചകോടിയിലാണ്.
ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് നൂറുരൂപ നല്‍കി പ്രതി ആകാശിന്റെ പിതാവ്
വിശപ്പിന്റെ വിളിയുടെ ദൈന്യത അറിയാത്ത, ഇതൊന്നും കാണാൻ, അറിയാൻ നേരമില്ലാത്ത ഭരണകൂടമേ, ഇനിയൊരു നെല്ലിക്കാത്തളത്തിലും നിനക്ക് രക്ഷയില്ല. നിസ്സഹായനായ ഒരു യുവാവിനെ അതിക്രൂരമായി കൊന്നതിൽ ആനന്ദം കണ്ടെത്തുന്ന ഈ തലമുറയുടെ കൈയിലകപ്പെട്ട പ്രബുദ്ധ കേരളമേ ലജ്ജിച്ചു തല താഴ്ത്തൂ… നിന്റെ അന്ത്യവും വിദൂരമല്ല!
ദൈവത്തിന്റെ സ്വന്തം നാടെന്ന ഓമനപ്പേരിന് കളങ്കം ചാർത്തിയാണ് ഇവിടെ സ്ത്രീപീഡനങ്ങളും, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങളും തേർവാഴ്ച നടത്തുന്നത്. സ്ത്രീയെ മാതൃഭാവത്തിലും ,കുഞ്ഞുങ്ങളെ ഈശ്വരന്റെ പ്രതിരൂപമായും കാണാൻ പഠിപ്പിച്ച സംസ്കാരത്തെ പുറന്തള്ളി വെറുമൊരു “ഉപഭോഗവസ്തു” എന്ന നിലയിൽ ഇവരോട് പെരുമാറുന്ന തലത്തിൽ എത്തിനില്ക്കുന്നു നാം. വരും തലമുറയെങ്കിലും ഈ മനോഭാവത്തിൽ നിന്നും മാറണമെങ്കിൽ,
സമൂഹത്തിന്റെ സമസ്ത തലങ്ങളിലും ബോധവത്ക്കരണം നടത്തേണ്ടതുണ്ട്.ഇതിന്റെ ബാലപാഠങ്ങൾ സ്വന്തം വീട്ടിൽ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം.ഒപ്പം കുറ്റം ചെയ്യുന്നവരെ സുഖവാസത്തിനയയ് ക്കുന്നതിനു പകരം സുശക്തമായ നിയമങ്ങളുടെ പിൻബലത്തോടെ മാതൃകാപരമായി ശിക്ഷിക്കുന്ന നിയമസമ്പ്രദായവും നിലവിൽ വരേണ്ടതുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും
കേരളത്തിലുടനീളം വർദ്ധിച്ചു വരുന്ന മോഷണങ്ങൾക്കായുള്ള കൊലപാതകങ്ങളാണ് മറ്റൊരു വിപത്ത്. പണ്ട്, പാതിരായ്ക്ക് ചെറിയ രണ്ട് ഓടിളക്കി അകത്ത് കയറി ആരുമറിയാതെ ഒരുരുളിയോ,നിലവിളക്കോ മോഷ്ടിക്കുമായിരുന്ന കള്ളൻ; ആർക്കും ഒരു ദേഹോപദ്രവവുമില്ല.അതിൽ നിന്നൊക്കെ മാറി ഒരുതരി പൊന്നിനുവേണ്ടി പ്പോലും അതിക്രൂരമായ കൊലപാതകങ്ങൾ നടത്തുന്ന ഒരു വലിയ സംഘം തന്നെ കേരളത്തിന്റെ രാപ്പകലുകളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഇവർ ആരാണ്, എവിടുന്നു വരുന്നു. ആർക്കും ഉത്തരമില്ല. അന്യസംസ്ഥാനക്കാരുടെ കടന്നുകയറ്റമാണോ,അതോ അവരെയും വെല്ലുന്ന മലയാളികളോ ഇതിനു പിന്നിൽ?
കഠിനാദ്ധ്വാനം ചെയ്യാൻ മടിയില്ലാത്ത അന്യസംസ്ഥാനത്തൊഴിലാളികളെ നമ്മുടെ മണ്ണിലേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവരുമ്പോൾ നാം എത്ര വലിയ വിപത്തിനെയാണ് ക്ഷണിച്ച് വരുത്തുന്നത്.പ്രവാസിമലയാളികളുടെയത്ര തന്നെ അന്യസംസ്ഥാനത്തൊഴിലാളികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദൈവത്തിന്റെ പറുദീസയിലേക്ക് വരുന്ന ടൂറിസ്റ്റുകൾ മൂക്കും പൊത്തിയോടുന്നതും പതിവ് സംഭവമായിരിക്കുന്നു. വേറൊന്നുമല്ല,മാലിന്യങ്ങൾ കുന്നുകൂടി ഹരിതസുന്ദര കേരളത്തിന് മറ്റൊരു അപമാനം കൂടി വരുത്തി വച്ചിരിക്കുന്നു.വ്യക്തമായ പദ്ധതികളിലൂടെ മാലിന്യസംസ്ക്കരണം നടത്താത്തതിന്റെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. അതുപോലെ തന്നെയാണ് വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ. അധികാരികളുടെ അശ്രദ്ധയും, മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും തിരിച്ചടിയാകുമ്പോൾ, നിരത്തിൽ പൊലിയുന്ന ജീവന് ആര് സമാധാനം പറയും?അനാഥമാകുന്ന കുടുംബങ്ങൾക്ക് ആര് കൈത്താങ്ങാകും?
സമകാലിക കേരളം നേരിടുന്ന പ്രതിസന്ധികളിൽ ചിലത് മാത്രമാണിത്. പരിസ്ഥിതി പ്രശ്നങ്ങൾ, കാർഷിക രംഗത്തെ പ്രതിസന്ധികൾ, വിദ്യഭ്യാസ രംഗത്തെ പോരായ്മകൾ, ആതുരസേവന രംഗത്തെ പാളിച്ചകൾ……ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികളിലൂടെ പ്രയാണം തുടരുന്ന കൈരളീ, നിന്റെ നന്മകൾ നഷ്ടമാകാതിരിക്കാൻ “സ്വസ്തി” നേരുന്നു …..
ശിവാനി ശേഖർ
Post Your Comments