തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ മാനേജിംഗ് ഡയറക്ടര്‍ പദവി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. പദവി നിരസിച്ചിരിക്കുകയാണ് അദ്ദേഹം. ഗതാഗത കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്ക് തച്ചങ്കരിയെ തിരികെ എത്തിച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ഭരണപക്ഷ യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിനു നിവേദനവും നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് സ്ഥാനത്തേക്ക് തനിക്ക് താത്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
തച്ചങ്കരിയുടെ ‘ബിസിനസ് മൈന്‍ഡ്’ കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍നിന്നു കരകയറ്റുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം നടത്തിയതെന്നായിരുന്നു ഒരു പ്രമുഖ യൂണിയന്‍ നേതാവിന്റെ പ്രതികരണം. തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനമൊഴിഞ്ഞ്, എ.കെ. ശശീന്ദ്രന്‍ തിരിച്ചെത്തുന്നതിനു മുമ്പുള്ള ഇടവേളയില്‍, മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു വകുപ്പിന്റെ ചുമതല. ഈ സമയത്താണ് എം.ഡി. സ്ഥാനം തച്ചങ്കരിയെ തേടിയെത്തിയതത്രെ. മൂന്നാഴ്ച മുമ്പുവരെ ഈ നീക്കം ശക്തമായിരുന്നതായാണ് വിവരം.
സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനേത്തുടര്‍ന്നു പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനം മാറ്റിയപ്പോള്‍ ഡി.ജി.പി എ. ഹേമചന്ദ്രനാണു കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ സ്ഥാനം ലഭിച്ചത്. തച്ചങ്കരിയെ എം.ഡിയാക്കി, ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നു.
തച്ചങ്കരി മുമ്പ് ഗതാഗത കമ്മിഷണറായിരുന്നപ്പോള്‍ എ.കെ. ശശീന്ദ്രനായിരുന്നു മന്ത്രി. തന്റെ പല നടപടികളോടും അനിഷ്ടം പ്രകടിപ്പിച്ചിരുന്ന ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയതോടെ ഇനി കെ.എസ്.ആര്‍.ടി.സിയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണു തച്ചങ്കരി.
Post Your Comments