KeralaLatest NewsNews

യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം ; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രൻ

പാലക്കാട്‌ : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇപ്പോള്‍ സമരം തുടങ്ങിയേനെയെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ശതകോടിക്കണക്കിനു തുകയാണു നീക്കിവയ്ക്കുന്നത്. എല്ലാം ഇടനിലക്കാര്‍ തട്ടിയെടുത്ത് പാവങ്ങള്‍ക്കു ലഭ്യമല്ലാതാക്കി, സുരേന്ദ്രന്‍ കുറിച്ചു.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കൂടി മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്‌കാരം (തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കുവേണ്ടി മാത്രം എംപിമാരായ നാടിനൊരു ഗുണവുമില്ലാത്ത എം.ബി. രാജേഷും കൂട്ടരും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു.

ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്ലവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം.ബി രാജേഷിന്റെ മണ്ഡലത്തില്‍പ്പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ.കെ. ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്.

ശതകോടിക്കണക്കിനു രൂപയാണു പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്നു മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button