ഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ പതിനൊന്നാം സീസണിന് മുമ്പേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ തിരിച്ചടി. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് അവരുടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ക്രിസ് ലിന്‍ ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയത്തിലായതാണ് കൊല്‍ക്കത്തയ്ക്ക് തലവേദനയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ലിന്നിനെ 9.6 കോടി രൂപ മുടക്കിയാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ നിന്നും കൊല്‍ക്കത്ത സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണ്‍ ഐപിഎല്ലിന്റെ ഭൂരിഭാഗം മത്സരങ്ങളിലും പരിക്ക് മൂലം ലിന്നിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു ലിന്നിന്റെ തോളിന് പരിക്കേറ്റത്. ലിന്നിന് സംഭവിച്ച പരിക്ക് അല്പം ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ച നടത്തുന്ന വിശദമായ പരിശോധനയ്ക്കും, സ്‌കാനിംഗിനും ശേഷം മാത്രമേ എത്ര നാളത്തെ വിശ്രമം താരത്തിന് ആവശ്യമാണെന്ന് അറിയാന്‍ കഴിയൂ.
താരത്തിന്റെ ഈ സീസണിലെ ഐപിഎല്‍ ഭാവിയും ഈ സ്‌കാനിംഗ് ഫലത്തെ ആശ്രയിച്ചിരിക്കും. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടുന്ന ലിന്നിന് ഇടത് തോളില്‍ മാത്രം 3 ശസ്ത്രക്രിയകളാണ് ഇതേ വരെ നടത്തേണ്ടി വന്നിട്ടുള്ളത്. 2017 ല്‍ കൊല്‍ക്കത്തയുടെ മൂന്നാം മത്സരത്തില്‍ തന്നെ പരിക്കിന്റെ പിടിയിലായ ലിന്നിന് അടുത്ത ഒരു മാസം സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം കൊല്‍ക്കത്തയുടെ ക്യാപ്റ്റനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ കല്‍പ്പിച്ച താരമാണ് 27 കാരനായ ക്രിസ് ലിന്‍.
Post Your Comments