KeralaLatest NewsNews

സ്വന്തം വീട്ടുമുറ്റത്ത് ചിതയൊരുക്കി ഈ വീട്ടമ്മ : കാരണം അറിഞ്ഞാല്‍ ആരും ഞെട്ടും

കൊച്ചി : പ്രീത ഷാജി എന്ന സാധാരണ വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ആറ് ദിവസം പിന്നിടുന്നു.

പ്രീതി ഷാജിയുടെ സമരം ജീവിക്കാനുളള കിടപ്പാടത്തിനു വേണ്ടിയാണ്. പുതുതലമുറ ബാങ്കില്‍നിന്ന് സുഹൃത്ത് വായ്പയെടുത്ത രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ പ്രീതിയുടെ ഭര്‍ത്താവ് ഷാജിയുടെ എറണാകുളം നഗരത്തിലെ കണ്ണായ ഇടപ്പള്ളിയിലെ കോടികള്‍ വിലവരുന്ന 17 സെന്റ് സ്ഥലവും വീടും ബാങ്ക് തട്ടിയെടുത്തിരിക്കുകയാണെന്നും അതിനെതിരെയാണ് താന്‍ നിരാഹാര സമരം നടത്തുന്നതെന്നും പ്രീതി ഷാജി പറയുന്നു.

കോടാനുകോടികള്‍ തട്ടിയെടുത്ത് പുല്ലുപോലെ വിദേശത്തേക്ക് കടന്ന കോര്‍പറേറ്റ് മുതലാളിമാരെ തൊടാന്‍ പോലും കഴിയാതെ പകച്ചുനില്‍ക്കുമ്പോഴാണ് കിടപ്പാടം മാത്രമുള്ളവനെ വഴിയാധാരമാക്കാന്‍ ബാങ്കുകള്‍ പടയൊരുക്കം നടത്തുന്നത്. മാത്രമല്ല, സുഹൃത്ത് വായ്പയായെടുത്ത രണ്ട് ലക്ഷം രൂപയിലേറെ ഷാജി ബാങ്കില്‍ തിരിച്ചടയ്ക്കുകയും ചെയ്തതായി അവര്‍ പറയുന്നു.

പ്രീത ഷാജിയെ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകനും ദേശീയപാത ആക്ഷന്‍ കമ്മിറ്റി നേതാവുമായ ഹാഷിം ചേന്ദമ്പള്ളി തന്റെ ഫേസ്ബുക്കിലാണ് നിരാഹരസമരത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്നത്.

”ഇന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടം ഷാജിയുടെ വീട്ടുമുറ്റത്ത് അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന വീട്ടമ്മ പ്രീത ഷാജിയെ സന്ദര്‍ശിച്ചു. നിരാഹാരസമരം ആറ് ദിവസം പിന്നിട്ടുവെങ്കിലും പ്രീതയുടെ പോരാട്ടവീര്യം വര്‍ധിച്ചിട്ടേയുളളൂ.

തിരുവനന്തപുരത്ത് ശ്രീജിത്തിന്റെ സമരം ഏറ്റെടുത്ത നമ്മള്‍ മറ്റുപോംവഴികള്‍ ഒന്നുമില്ലാതെ നടത്തുന്ന പ്രീതയുടേയും ഷാജിയുടേയും കുടുംബത്തിന്റെയും പോലുള്ള സമരങ്ങളെ കൂടി സഹായിക്കാന്‍ തയ്യാറാവണം. ഇടപ്പള്ളിയിലെ കോടികള്‍ വിലവരുന്ന ഷാജിയുടെ 17 സെന്റ് ഭൂമിയും വീടും അന്യായമായി HDFC ബാങ്കും ഭൂമാഫിയയും ചേര്‍ന്ന് തട്ടിയെടുത്തതിനെതിരെയാണ് ഇവരുടെ സമരം.

ഷാജി സ്വന്തം സുഹൃത്തിന്റെ ബാങ്ക് വായ്പക്ക് തന്റെ പേരിലുള്ള ഭൂമി ഈടുവച്ച് സഹായിച്ചു എന്ന ‘കുറ്റം’ മാത്രമേ ചെയ്തിട്ടുള്ളൂ. വായ്പയെടുത്ത രണ്ട് ലക്ഷം തുക സുഹൃത്ത് തിരിച്ചടച്ചില്ലെന്ന ന്യായത്തിലാണ് ബാങ്കിന്റെ കിരാത നടപടി. 24 വര്‍ഷം മുമ്പത്തെ വായ്പ വിഷയം ഇത്രയും നാള്‍ നീട്ടിയ ബാങ്ക് തന്നെയാണ് ഇതിലെ കുറ്റക്കാര്‍ . ഇക്കാലയളവിനിടയില്‍ ഷാജി രണ്ട് ലക്ഷത്തിലധികം തുക തിരിച്ചടച്ചിട്ടുമുണ്ട്. എന്നാല്‍, തുക പെരുകി രണ്ട് കോടിയായെന്ന് ഊതിപ്പെരുപ്പിച്ച കളളക്കണക്കുണ്ടാക്കി ‘സര്‍ഫാസി’ എന്ന കിരാത നിയമത്തിന്റെ മറവില്‍ ബാങ്ക് 38 ലക്ഷം രുപക്ക് ഭൂമാഫിയക്ക് ആരും അറിയാതെ മറിച്ചു വിറ്റു.

സുഹൃത്തിന് വേണ്ടി രണ്ട് ലക്ഷം രൂപക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ഷാജിയുടെ കോടികള്‍ വിലവരുന്ന വസ്തുവകകള്‍ മുഴുവന്‍ പിടിച്ചെടുത്ത് കുടുംബത്തെ തെരുവിലിറക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല.

പതിനായിരക്കണക്കിന് കോടി രൂപ കുത്തക മുതലാളിമാര്‍ ബാങ്കുകളില്‍ നിന്ന് കൊളളയടിച്ചിട്ട് ഒരു ചുക്കും ചെയ്യാതെ കൂട്ടുനില്‍ക്കുന്ന ബാങ്കുകളും സര്‍ക്കാരുകളും പട്ടിണി പാവങ്ങളുടെ കിടപ്പാടങ്ങള്‍ തട്ടിപ്പറിച്ച് ഭൂമാഫിയകള്‍ക്ക് കൈമാറുന്ന നടപടി കൊടും ക്രൂരതയാണ് .

വീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമത്തിനെതിരെ ഷാജിയും കുടുംബവും കഴിഞ്ഞ 222 ദിവസമായി വീട്ടുമുറ്റത്ത് ചിതയൊരുക്കി കാത്തിരിപ്പ് സമരത്തിലാണ്. തീരുമാനമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. ഒരു സാധാരണ വീട്ടമ്മ ഇത്തരത്തില്‍ ഒരു സമരത്തില്‍ ഇറങ്ങേണ്ടി വരുന്നത് തന്നെ പുരോഗമന ജനാധിപത്യ സമൂഹം എന്ന് മേനി നടിക്കുന്ന നമ്മുടെ നാടിന് തന്നെ നാണക്കേടാണ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ഈ പാവപ്പെട്ട കുടുംബത്തെ രക്ഷിക്കാന്‍ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്…’

shortlink

Related Articles

Post Your Comments

Related Articles


Back to top button