കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ആകാശിന്റെ മൊഴി പുറത്ത്. പാര്‍ട്ടി കൊട്ടേഷന്‍ തന്നെയാണിതെന്നാണ് ആകാശിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദേശിച്ചതു ഡി.വൈ.എഫ്.ഐ. പ്രാദേശികനേതാവാണ്. അടിച്ചാല്‍ പോരേയെന്നു ചോദിച്ചപ്പോള്‍, വെട്ടണമെന്നു ശഠിച്ചെന്നും ആകാശ് മൊഴി നല്‍കി. പിടിക്കപ്പെട്ടാല്‍ ഭരണത്തണലില്‍ സംരക്ഷിക്കുമെന്ന ഉറപ്പും ലഭിച്ചു. ഡമ്മി പ്രതികളെ കിട്ടിയാല്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തില്ലെന്നും ക്വട്ടേഷന്‍ നല്‍കിയവര്‍ പറഞ്ഞു.
വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ എവിടെയെന്നറിയില്ല. അവ ഡി.വൈ.എഫ്.ഐ. നേതാക്കള്‍ കൊണ്ടുപോയെന്നും ആകാശ് പോലീസിനോടു പറഞ്ഞു. ആകാശിന്റെ മൊഴി പുറത്തുവന്നതോടെ സി.പി.എം. കൂടുതല്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ജയരാജന്‍ തുടങ്ങിയ ഉന്നതനേതാക്കള്‍ക്കൊപ്പം ആകാശ് നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സി.പി.എം. ഇടപെട്ടാണു ഡി.വൈ.എഫ്.ഐ. നേതാവ് അക്രമിസംഘത്തെ നിയോഗിച്ചതെന്നു പോലീസ് സംശയിക്കുന്നു. ഷുഹൈബിനെ കൊലയാളിസംഘത്തിനു പരിചയമില്ലാത്തതിനാല്‍ എടയന്നൂരിലെ ഡി.വൈ.എഫ്.ഐ. നേതാവ് ഒപ്പം പോയി. പ്രാദേശികനേതാക്കളാണു ഷുഹൈബ് എവിടെയുണ്ടെന്ന വിവരം കൊലയാളിസംഘത്തിനു കൈമാറിയതെന്നും പോലീസ് സ്ഥിരീകരിച്ചു.
Post Your Comments