കണ്ണൂര്‍: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനെ കുറിച്ച് ഇപ്പോള്‍ പുറത്ത് പറയാന്‍ തന്നെ നാണക്കേട് ആവുന്ന അവസ്തയിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ നാട് എന്നാവും വരും നാളുകളില്‍ ഇനി കേരളം തന്നെ അറിയാന്‍ പോകുന്നത്. രാഷ്ട്രീയ കുടിപകയുടെ പേരില്‍ യാതൊരു മനസാക്ഷിയും ഇല്ലാതെ മനുഷ്യരെ വെട്ടിക്കൊല്ലാനുള്ള ധൈര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചിന്തിക്കേണ്ട ഒന്നാണ്.
കണ്ണൂര്‍ എന്ന് കേട്ടാല്‍ ഇപ്പോള്‍ ഓരോ മലയാളികളുടെയും ശിരസ് കുനിഞ്ഞേ ഇരിക്കൂ. ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അഭിമാനം കൊള്ളുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഉത്തര്‍ പ്രദേശിനും ബീഹാറിനും തൊട്ട് താഴെയാണ് കേരളത്തിന്റെ സ്ഥാനം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ മാത്രമല്ല, മുന്നേതന്നെ കണ്ണൂരില്‍ നിലനില്‍ക്കുന്നത് ഭീകരാന്തരീക്ഷമാണ്. ബോംബ് ആക്രമണങ്ങളും വെട്ടും കുത്തും എല്ലാം കൊണ്ടും കണ്ണൂര്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കാലങ്ങള്‍ കഴിയുമ്പോഴും ഈ അക്രമങ്ങള്‍ക്കും ഭീകരാന്തരീക്ഷത്തിനും യാതൊരു കുറവുമില്ല ഇപ്പോഴും. അതു തന്നെയാണ് ഷുഹൈബിന്റെ കൊലപാതകവും നല്‍കുന്ന സൂചന.
കൊല്ലാനായിരുന്നില്ല കാല് വെട്ടാനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്ന് കേസില്‍ പിടിയിലായ പ്രതികള്‍ യാതൊരു കൂസലുമില്ലാതെ തുറന്ന് പറയുമ്പോഴും ഒരുപറ്റം പ്രഗത്ഭര്‍ക്ക് ജന്മം നല്‍കിയ കണ്ണൂര്‍ എത്രത്തോളം ചെറുതായിരിക്കുന്നു എന്ന് വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ വളര്‍ന്നു വരുന്ന
ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും കുറവൊന്നുമില്ല. ഇത്തരക്കാര്‍ക്ക് യാതൊരു പേടിയും ഇല്ലാതെ എന്തും ഏതും ചെയ്യാന്‍ സാധിക്കുന്ന നാടായി കണ്ണൂര്‍ മാറിയിരിക്കുകയാണ്.
കൈ വെട്ടും കാല് വെട്ടും തല വെട്ടും എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികള്‍ മുഴങ്ങാത്ത ഒരു തരി മണ്ണ് കണ്ണൂരില്‍ ഉണ്ടാകില്ല. പലപ്പോഴും പോലീസ് അക്ഷരാര്‍ത്ഥത്തില്‍ നോക്കുകുത്തികളാവുന്നതാണ് കാണുന്നത്. ഷുഹൈബിനെ വെട്ടി എന്ന വിവരം ലഭിച്ചിട്ടും വൈകിയാണ് പോലീസ് എത്തിയതെന്ന വാര്‍ത്ത തന്നെ ഇതിന് ഉദാഹരണമാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പോലീസ് എത്രമാത്രം നിഷ്‌ക്രിയരാണെന്ന് മനസിലാക്കാം.
ക്വട്ടേഷന്‍ സംഘങ്ങള്‍ വിലസുന്ന ഇവിടുത്തെ പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങാന്‍ ഭയക്കേണ്ടി വരും. മുറിവിന്റെ എണ്ണവും ആഴവും നോക്കി ആരാണ് വെട്ടിയതെന്ന് തിരിച്ചറിയാന്‍ മാത്രം തരംതാഴപെട്ടിരിക്കുകയാണിവിടം. ആക്രമിച്ചത് ഏതു ക്വട്ടേഷന്‍ സംഘമാണെന്നും വെട്ടിയത് ആരെന്നും മുറിവിന്റെ സ്വഭാവത്തില്‍നിന്നു തിരിച്ചറിയാമെന്ന് ഇതിനു കണ്ണൂരിന്റെ പരിഭാഷ.
കൊലപാതകം നടത്തിയ രീതി, വെട്ടിന്റെ ആഴവും നീളവും, ഉപയോഗിച്ച ആയുധം എന്നിവയില്‍നിന്നു ക്വട്ടേഷന്‍ ടീമിനെ കണ്ണൂര്‍ രാഷ്ട്രീയം ഇനി തിരിച്ചറിയും. കാലെടുക്കാനിത്ര, തലയെടുക്കാനിത്ര എന്നിങ്ങനെ ക്വട്ടേഷന്‍ വിലവിവരപ്പട്ടിക മാത്രമേ അറിയാനുള്ളൂ. അന്ധമായ പാര്‍ട്ടിവിശ്വാസമുള്ളവര്‍ക്കാണെങ്കില്‍ പ്രതിഫലം വേണ്ട. ആക്രമിക്കാന്‍ പ്രചോദിപ്പിച്ച് ആയുധമെടുത്തു നല്‍കുകയേ വേണ്ടൂ. കാലെടുക്കാന്‍ പറഞ്ഞാല്‍ തലയരിഞ്ഞു കൈയില്‍ത്തരും!
ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വകവരുത്തിയത് കണ്ണൂര്‍ സംഘമാണെന്നു വ്യക്തമായതോടെയാണു ക്വട്ടേഷന്‍ നേതാക്കളുടെ പേരുകള്‍ കേരളമാകെ പ്രചരിച്ചത്. കൊടി സുനി, അന്ത്യേരി സുര, കാട്ടി സുരേഷ്, കാക്ക ഷാജി, കിര്‍മാണി മനോജ്, അണ്ണന്‍ സിജിത്ത്, ട്രൗസര്‍ മനോജ്. കൊച്ചു കുട്ടികള്‍ക്കു പോലും പേരുകൊണ്ട് ഇവര്‍ പരിചയക്കാര്‍.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്നത് ടി.പിയെ വെട്ടിയ സംഘത്തിലെ കിര്‍മാണി മനോജാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ തറപ്പിച്ചുപറയുന്നു. ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകളാണു ഷുഹൈബിന്റെ ശരീരത്തിലുള്ളതെന്ന് അവയുടെ ആഴവും നീളവുമളന്ന് അദ്ദേഹം പറയും. ഈ കൊലപാതകത്തിനു പ്രതിഫലമായി കിര്‍മാണിക്ക് ലഭിച്ചത് 30 ദിവസത്തെ പരോളാണെന്നും സുധാകരന്‍ പറയുന്നു.
ടി.പിയുടെ ശരീരത്തിലേറ്റ 51 വെട്ടുകള്‍ തരംതിരിച്ചപ്പോള്‍ ഓരോ ക്വട്ടേഷന്‍കാരുടെയും വെട്ടിന്റെ രീതികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. നീളത്തിലുള്ള വെട്ടുകള്‍, വെട്ടിപ്പിളര്‍ക്കല്‍… എന്നിങ്ങനെ. ഇടംകൈയനായ ഷാഫിയുടെ ആഴത്തിലുള്ള വെട്ടാണു ടി.പിയുടെ ജീവനെടുത്തതെന്നും കണ്ടെത്തിയിരുന്നു. പരോളിലിറങ്ങിയ കിര്‍മാണി മനോജ് ഷുഹൈബിനെ വെട്ടിയ സംഘത്തിലുണ്ടായിരുന്നെന്ന വാദത്തിനു പിന്നാലെയാണ് അറസ്റ്റിലായ ആകാശ് തില്ലങ്കേരി തങ്ങളെ ആക്രമിച്ച സംഘത്തിലില്ലായിരുന്നെന്ന ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന്റെ മൊഴി പുറത്തുവന്നത്.
കൊല്ലും കൊലയും ശീലമായ കണ്ണൂരില്‍ വിളിക്കുന്ന സമാധാന യോഗങ്ങള്‍ എന്തിനെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടിയുടെ പകപോക്കലില്‍ വെട്ടാനും കുത്താനും നടക്കുനന്നവര്‍ ചിന്തിക്കേണ്ടത് ഇത്രമാത്രം. കൊല്ലപ്പെടുന്നവരുടെ വീട്ടിലും അവരെ കാത്ത് ഒരു മകന്‍, മകള്‍, ഭാര്യ, അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കുക.
anil bose kaduthuruthy
Post Your Comments