KeralaLatest NewsNews

ഇത്തരം മരുന്നുകൾ കുറഞ്ഞ വിലയ്ക്കു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ അര്‍ബുദ മരുന്നുകള്‍ക്ക് വിലകുറയും.ഇത്തരം മരുന്നുകൾ ഉല്‍പ്പാദിപ്പിച്ചു കുറഞ്ഞ വിലയ്ക്കു വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനാ(കെ.എസ്.ഡി.പി)ണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച്‌ വിപണിയിലെത്തിക്കാനുള്ള ചുമതല. ഇതിന്റെ പ്രാരംഭഘട്ട ചെലവുകള്‍ക്കായി സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു.

ക്യാന്‍സര്‍ മരുന്നുകള്‍ക്കു മരുന്നു വിവിധ കമ്പനികൾ കൊള്ളവില ഈടാക്കുകയാണെന്ന പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണു സര്‍ക്കാര്‍ നീക്കം.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആര്‍.സി.സി, ഉപകേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രോഗികളുടെ എണ്ണം, ഉപയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിനുശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.

കേരളത്തില്‍ അര്‍ബുദ രോഗികള്‍ വര്‍ധിക്കുകയും ചികില്‍സാച്ചെലവുകള്‍ സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതിനപ്പുറമാകുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ആര്‍.സി.സിയുടെ കണക്കനുസരിച്ച്‌ 55,000 ക്യാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി ചികിത്സയ്‌ക്കെത്തുന്നുണ്ട്.
കീമോ തെറാപ്പിക്കും മറ്റുമുള്ള മരുന്നുകള്‍ എം.ആര്‍.പിയിലും കൂടിയ വിലയ്ക്കാണു ചില ആശുപത്രികളും മരുന്നു വിതരണക്കാരും വില്‍ക്കുന്നത്. ഉദാഹരണത്തിന് നട്ടെല്ലില്‍ അര്‍ബുദം ബാധിച്ച രോഗികള്‍ക്കുള്ള “ലെനാള്‍ഡോമൈഡ്” എന്ന കീമോതെറാപ്പി ക്യാപ്സ്യൂളുകള്‍ക്കു വിപണിയില്‍ പല വിലയാണ്. ഒരു ക്യാപ്സൂള്‍ ചില കടകളില്‍ 300 രൂപയ്ക്കു ലഭിക്കുമ്ബോള്‍ മറ്റു ചിലയിടങ്ങളില്‍ വില്‍ക്കുന്നത് 740 രൂപയ്ക്കാണ്.

അടുത്ത സാമ്പത്തിക വര്‍ഷം മരുന്നുല്‍പ്പാദനം തുടങ്ങാനാകുമെന്നാണു കെ.എസ്.ഡി.പിയുടെ പ്രതീക്ഷ. പേറ്റന്റ് കാലാവധി അവസാനിച്ച മരുന്നുകളാകും ഇവിടെ ഉല്‍പ്പാദിപ്പിക്കുക. ഈ മരുന്നുകള്‍ കയറ്റുമതി ചെയ്യാനും നീക്കമുണ്ട്. ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റും അതാത് രാജ്യങ്ങളുടെ അനുമതിയും ലഭ്യമായാലേ കയറ്റുമതി സാധ്യമാകൂ. നൈജീരിയ, ഘാന, കെനിയ എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ ആലോചിക്കുന്നത്. കയറ്റുമതി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button