KeralaLatest NewsNews

കണ്ണൂരിനെ അടക്കാൻ ഐജിയായി മനോജ് എബ്രഹാം എത്തിയേക്കും

കണ്ണൂർ: ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ പുതിയ ചില നീക്കങ്ങള്‍ തുടങ്ങി. പോലീസ് സേനയില്‍ മൊത്തമായി അഴിച്ചുപണി നടത്തി ശക്തരായ സംഘത്തെ വടക്കന്‍ മേഖലയില്‍ നിയമിക്കാനാണ് നീക്കം. ദേശീയ തലത്തില്‍ പാര്‍ട്ടി പ്രതിച്ഛായ മങ്ങി. തുടര്‍ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായിക്ക് കടുത്ത വെല്ലുവിളിയാണ് കൊലപാതക രാഷ്ട്രീയം ഉയര്‍ത്തുന്നത്. റെയ്ഞ്ച് ഐ.ജി: മഹിപാല്‍ യാദവിനു പകരം പുതിയ ഐ.ജിയായി മനോജ് എബ്രാഹിമിനെ നിയമിക്കാനാണ് സാധ്യത.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അന്തിമ തീരുമാനം എടുക്കും.നായനാര്‍ മുഖ്യമന്ത്രിയായ വേളയില്‍ രാഷ്ട്രീയ അക്രമം തടയാന്‍ സ്വീകരിച്ച തന്ത്രമാണ് പിണറായിയും ആലോചിക്കുന്നത്. പോലീസിന്റെ രഹസ്യനീക്കങ്ങളെല്ലാം പൊളിയുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരാതി. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരമാണ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. ശക്തരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പുതിയ സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നാണ് വിവരം.

മനോജ് എബ്രഹാമിന് സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സര്‍ക്കാരിനും എതിര്‍പ്പൊന്നുമില്ല.കണ്ണൂരിലേക്ക് ശക്തനായ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് ഡിജിപിയാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മനോജ് എബ്രഹാമിനെ നിയോഗിക്കുന്നതിലൂടെ കണ്ണൂരിലെ നിയന്ത്രണം സംസ്ഥാന നേതൃത്വത്തിന് കിട്ടുകയും ചെയ്യും. കണ്ണൂരില്‍ മുന്‍പ് എസ്പിയായി മനോജ് എബ്രഹാം ചുമതല വഹിച്ചിരുന്നു. അന്ന് ക്രിമനലുകളെ അതിശക്തമായി നേരിട്ടു.

രാഷ്ട്രീയ കൊലകള്‍ തടയുകയും ചെയ്തു. ഇത്തരത്തിലൊരു ഇടപെടലാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.കണ്ണൂരില്‍ കൊലപാതകം പാടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വത്തോട് മുഖ്യമന്ത്രി പിണറായായി വ്യക്തമാക്കിയിരുന്നു. എന്നിട്ടും അടിക്കടി കൊല നടക്കുന്നു. ഈ സാഹചര്യത്തിലാണ് അതിശക്തമായ നീക്കത്തിന് പിണറായിയും ഒരുങ്ങുന്നതെന്നാണ് സൂചന.നായനാർ കാലത്തെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അടിച്ചൊതുക്കിയതും മനോജ് എബ്രഹാം ആണ്. തന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്ന് മാത്രമാണ് മനോജ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

പിന്നീട് മനോജ് എബ്രഹാം ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ കണ്ണൂരില്‍ പ്രശ്നമൊന്നും ഉണ്ടായില്ല. ഈ സാഹചര്യം മനസ്സില്‍ വച്ചാണ് പിണറായിയുടെ പുതിയ നീക്കം. എന്നാൽ തിരുവനന്തപുരത്ത് ശക്തനായ ഐജിയെ കണ്ടെത്തണം. എന്നാല്‍ മാത്രമേ മനോജ് എബ്രഹാമിനെ കണ്ണൂരിലേക്ക് മാറ്റൂ. കണ്ണൂരിന്റെ എല്ലാ സ്വഭാവവും അറിയാവുന്ന വ്യക്തിയാണ് മനോജ് എബ്രഹാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button