തൃപുര എങ്ങോട്ടാണ് ; ഇടത്തോട്ടോ അതോ വലത്തോട്ടോ. ഈ മാസം നടക്കുന്ന മൂന്ന് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഉറ്റുനോക്കുന്നത് തൃപുരയിലെ ഫലം തന്നെയാണ്. അവിടെയാവട്ടെ ഇന്നലെ വോട്ടെടുപ്പ് പൂർത്തിയാവുകയും ചെയ്തിരിക്കുന്നു. മാർച്ച് മൂന്നിനേ വോട്ടെണ്ണൽ നടക്കൂ എന്നതിനാൽ അതുവരെ വിലയിരുത്തലിനും ഊഹാപോഹങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ പൊതുവായ ഒരു വിശകലനം ഇത്തവണ ബിജെപി സഖ്യം അവിടെ അധികാരത്തിലേറുമെന്ന് തന്നെയാണ്. അതായത് സിപിഎം മറ്റൊരു സംസ്ഥാനത്ത് നിന്നുകൂടി അധികാരത്തിൽ നിന്ന് പുറത്താകും. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ എണ്ണം നൽകുന്നത് വ്യക്തമായ ചില സൂചകങ്ങളാണ്. 79 ശതമാനമാണ് പോളിംഗ്. അടുത്തകാലത്തൊന്നും ഇത്രമോശം വോട്ടിങ് തൃപുരയിൽ ഉണ്ടായിട്ടില്ല. അത് നൽകുന്ന സൂചന വ്യക്തമാണ്…….. ഇന്നലെവരെ സിപിഎം നടത്തിയ കളികൾ ഇത്തവണ നടന്നില്ല എന്നുതന്നെ.
2008 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപുരയിൽ വോട്ടു ചെയ്തത് 91 ശതമാനം പേരാണ് ; 2013ൽ അത് 93.57 ശതമാനമായി. അടുത്തവർഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ അത് 81.8 ശതമാനവും. പോളിങ് ഇത്രക്കൊക്കെ കൂടിയപ്പോഴെല്ലാം സിപിഎം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. എന്നാൽ ഇത്തവണ മുൻ കാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള ശക്തമായ പ്രചാരണമാണ് നടന്നത്. പോരാട്ടത്തിന്റെ വീറും വാശിയും അത്രയേറെ കൂടിയിരുന്നു. അതിന് കാരണം ബിജെപിയുടെ രംഗപ്രവേശമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 1. 54 ശതമാനം ( 33,308 വോട്ട് മാത്രം ) വോട്ടുണ്ടായിരുന്ന ബിജെപി അവിടെ വിജയിക്കാനാവുന്ന ശക്തിയായി മാറുകയായിരുന്നു. അവരുടെ പൊതുസമ്മേളനങ്ങളിൽ മുൻകാലത്തൊന്നും തൃപുര കണ്ടിട്ടില്ലാത്തത്ര ജനങ്ങളുമെത്തി. സിപിഎം റാലികളിൽ പോലും ഒരുകാലത്തും ഇത്രമാത്രം ജനത്തിരക്ക് കണ്ടിട്ടില്ല എന്നതാണ് വടക്ക് -കിഴക്കൻ മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. മാത്രമല്ല, റാലികളിലെ സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ വലിയതോതിലുള്ള സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
നേരത്തെ സൂചിപ്പിച്ചുവല്ലോ, വലിയ തോതിൽ ഇത്തവണ വോട്ടിങ് കുറഞ്ഞു. എന്തുകൊണ്ടാണ് അതുസംഭവിച്ചത്? 91 ശതമാനത്തിൽ നിന്ന് 79 ശതമാനത്തിലേക്ക് എത്തുക എന്നത് ചെറിയ കാര്യമല്ല, പ്രത്യേകിച്ചും ഒരു സിപിഎം ഭരണത്തിലുള്ള ഒരു സംസ്ഥാനത്ത്. അതാണ് സൂക്ഷ്‌മമായി ഇക്കാര്യം പരിശോധിക്കാൻ പ്രേരിപ്പിച്ചത്. രണ്ട് കാര്യങ്ങൾ വ്യക്തമായി. ഒന്ന്, മുൻകാലങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും കള്ള വോട്ട് ഗണ്യമായി ചേർക്കുന്ന സമ്പ്രദായം തൃപുരയിലുണ്ടായിരുന്നു. ആ കള്ളവോട്ടുകൾ എല്ലാം ചെയ്യപ്പെടും. അതാണ് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഉണ്ടാവാത്ത വിധത്തിൽ 90 ശതമാനത്തിനപ്പുറം പോളിംഗ് അവിടെ നടന്നിരുന്നത്. ഇത്തവണ ബിജെപിയും മറ്റും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ഒരു പരിശോധന നടന്നു. അതിൽ വെളിപ്പെട്ടത് വലിയ തട്ടിപ്പിന്റെ കഥയായിരുന്നു. എല്ലായിടത്തും, നേരത്തെ സൂചിപ്പിച്ചതുപോലെ, കള്ള വോട്ട്. അതൊക്കെ ഇത്തവണ നേരത്തെതന്നെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നാണ് മനസിലായത്. എന്നാൽ പരിശോധന എല്ലാം വേണ്ടവിധം പൂർത്തിയായി, അല്ലെങ്കിൽ പൂർണമായി എന്നല്ല; ഒരു നീക്കം അവിടെ നടന്നിരിക്കുന്നു എന്നത് വ്യക്തം. കള്ളവോട്ട് ചെയ്തുകൊണ്ട് വിജയിക്കുന്ന സമ്പ്രദായത്തിന് നിയന്ത്രണം കൊണ്ടുവരാൻ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കുന്നു.
മറ്റൊന്ന് , ബിജെപി വെച്ചുപുലർത്തിയ സൂക്ഷമതയാണ് . മുൻകാലങ്ങളിൽ കോൺഗ്രസായിരുന്നു അവിടെ സിപിഎമ്മിന്റെ പ്രതിയോഗി. അവരെ ഭീഷണിപ്പെടുത്തി നിലയ് ക്ക് നിർത്താൻ സിപിഎമ്മിന് എളുപ്പം കഴിഞ്ഞിരുന്നു. ഇത്തവണ അതല്ല അവസ്ഥ…… സിപിഎമ്മിന്റെ ഭീഷണികളെ അതെ രീതിയിൽ നേരിടാൻ തങ്ങൾക്കാവും എന്ന് ബിജെപി ഓർമ്മിപ്പിച്ചു. അതായത്, കള്ള വോട്ടുകൾ കുറെയൊക്കെ നേരത്തെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; രണ്ടു് ; കള്ളവോട്ടുകൾ വ്യാപകമായി ചെയ്യുന്നത് ഒരു പരിധിവരെ തടയാൻ ആവശ്യമായ മുൻകരുതൽ പോളിംഗ് ബൂത്തുകളിൽ ബിജെപി സ്വീകരിച്ചു. അതുകൊണ്ടുതന്നെ വോട്ടിങ്ങിലെ കുറവ് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് സിപിഎമ്മിനെത്തന്നെയാണ്. അപ്പോഴും നാം കാണേണ്ടുന്ന മറ്റൊരു കാര്യം സിപിഎമ്മിന് അവിടെയുള്ള ശക്തമായ അടിത്തറയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിയത് പത്തര ലക്ഷത്തോളം വോട്ട് ; അതായത് പോൾ ചെയ്തതിന്റെ 48 ശതമാനത്തോളം. അതിൽ ചോർച്ച ഉണ്ടായിട്ടുണ്ട് എന്നത് ശരിതന്നെ. എന്നാൽ ബിജെപി അവിടേക്ക് എത്തേണ്ടത് വെറും 1. 54 % വോട്ടിൽനിന്നാണ്. അത് കഴിയുമോ ബിജെപിക്ക് എന്നതാണ് എല്ലാവരും ഉറ്റുനോക്കിയത്.
ബിജെപിക്ക് ഒട്ടേറെ അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു. ചെറുപ്പക്കാരിൽ ഉണ്ടായ മാറ്റമാണ് അതിൽ പ്രധാനപ്പെട്ടത്, പ്രത്യേകിച്ചും വിദ്യാസമ്പന്നരിൽ. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഭരണത്തിലുള്ള സിപിഎമ്മിന് അവിടെ തൊഴിലില്ലായ്മ പരിഹരിക്കാനോ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുവാനോ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാനോ കഴിഞ്ഞില്ലെന്നതാണ് ബിജെപി ഉയർത്തിയ പ്രധാന പ്രശ്നം. മാത്രമല്ല, സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയും അവിടെ വേണ്ടവിധത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപിക്കായി. ഗ്രാമങ്ങളിൽ മാത്രമല്ല ചെറു നഗരങ്ങളിലും സാമാന്യം നല്ല റോഡുകൾ പോലുമില്ലാത്ത സംസ്ഥാനമാണ് തൃപുര എന്നത് അവിടെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അതൊക്കെത്തന്നെ ചെറുപ്പക്കാരിൽ വലിയ മാറ്റമുണ്ടാക്കി എന്നതാണ് ബിജെപി കരുതുന്നത്. അതിന് മറ്റൊരു കാരണം, ഈ ചെറുപ്പക്കാർ തങ്ങളുടെ ഓർമ്മയിൽ സിപിഎം ഭരണം മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ്. ആ പാർട്ടിയുടെ ദുർഭരണം മാത്രമല്ല പാർട്ടിയുണ്ടാക്കുന്ന പ്രശ്നങ്ങളും അവരെ അലട്ടിയിരുന്നു. അതും ചെറുപ്പക്കാരെ ബിജെപി യോട് അടുപ്പിച്ചു. സ്ത്രീകൾക്ക് വലിയ പ്രതീക്ഷ പകരാനും ബിജെപിക്കായി. സർക്കാർ ജീവനക്കാരിൽ ഉണ്ടായിരുന്ന അസംതൃപ്തി പ്രയോജനപ്പെടുത്താനും ബിജെപിക്കായി. എനിക്ക് തോന്നുന്നു സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരിലുണ്ടായ വലിയ മാറ്റമാണ് ഏറ്റവും പ്രധാനം. ഇക്കാര്യം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട് ; മാത്രമല്ല അത് മുഖ്യമന്ത്രി മണിക് സർക്കാർ സമ്മതിച്ചതും ഓർമ്മിക്കേണ്ടതുണ്ട് . മറ്റൊന്ന് മുൻകാലങ്ങളിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് ഒരിക്കലും വിജയപ്രതീക്ഷ ജനങ്ങൾക്ക് നല്കാൻ കഴിഞ്ഞിരുന്നില്ല. അവർ എന്തൊക്കെ പ്രചാരണം നടത്തിയിരുന്നുവെങ്കിലും ജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ വിജയിച്ചിരുന്നില്ല. എന്നാൽ അതല്ല ഇത്തവണ അവസ്ഥ…… വിജയം ഉറപ്പാണ് എന്ന പ്രതീതി ആദ്യമേ ഉണ്ടാക്കാൻ മാത്രമല്ല അത് ജനങ്ങളെ ഒരു പരിധിവരെ ബോധ്യപ്പെടുത്താനും ബിജെപി നേതൃത്വത്തിനായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ജനറൽ സെക്രട്ടറി റാം മാധവ് എന്നിവരുടെ പ്രവർത്തനങ്ങൾ അതിൽ വിജയിച്ചു എന്ന് വ്യക്തം. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവിടെ ആദ്യമേ മേൽക്കൈ ഉണ്ടാക്കിക്കൊടുത്തു.
ഇവിടെ നാം കണ്ട മറ്റൊരു പ്രത്യേകത കോൺഗ്രസ് സ്വീകരിച്ച നിലപാടാണ്. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസിന് പത്ത് എംഎൽഎമാരുണ്ടായിരുന്നു. ഏതാണ്ട് എട്ടര ലക്ഷം വോട്ടും അവർ അന്ന് കരസ്ഥമാക്കിയിരുന്നു; പോൾ ചെയ്തതിന്റെ 36. 33 ശതമാനം. ഇത് മനസ്സിൽ വെച്ചുകൊണ്ടുവേണം കോൺഗ്രസ് എങ്ങിനെയാണ് ഇത്തവണ ഈ തിരഞ്ഞെടുപ്പിനെ കണ്ടത് എന്നത് വിലയിരുത്താൻ. അവർ ഏതാണ്ട് 59 സീറ്റുകളിൽ മത്സരിക്കുന്നു; പക്ഷെ, പ്രമുഖ കോൺഗ്രസ് നേതാക്കളാരും അവസാന ദിവസം വരെ തൃപുരയിലേക്ക് തിരിഞ്ഞുനോക്കിയില്ല. പ്രചാരണം തീരുന്ന ദിവസം ഉച്ചയോടെ രാഹുൽ ഗാന്ധി എത്തുകയും ചെയ്തു. വെറും ഒരു വഴിപാട് സന്ദർശനം. നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, അരുൺ ജെയ്‌റ്റ് ലി, റാം മാധവ്, സ്മൃതി ഇറാനി തുടങ്ങിയവരെല്ലാം വ്യാപകമായി പ്രചാരണം നടത്തിയ നാട്ടിലേക്കാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾ കടന്നുചെല്ലാതിരുന്നത്. അത് നൽകുന്നത് വ്യക്തമായ സന്ദേശമാണ് ; അതായത് അവിടെ ഇത്തവണ കോൺഗ്രസ് മത്സരിച്ചത് ജയിക്കാനല്ല, മറ്റെന്തിനോ വേണ്ടിയാണ് . രാഹുൽ ഗാന്ധി അവസാനം തൃപുരയിലെത്തിയപ്പോൾ പ്രസംഗിച്ചത് സിപിഎമ്മിനെതിരെ ആയിരുന്നില്ല മറിച്ച് ബിജെപിയെ തോൽപിക്കണം എന്നാണ്. എന്താണതിന്റെ അർഥം?. കോൺഗ്രസിന് തൃപുരക്കാർ വോട്ട് ചെയ്യേണ്ട, മറിച്ച് മുഖ്യ പോരാളിയായ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മിന് വോട്ട് ചെയ്യുക എന്നത് തന്നെയാണ് രാഹുൽ ഉദ്ദേശിച്ചത് എന്ന് വ്യക്തം. കേരളത്തിൽ കണ്ണൂരിൽ കോൺഗ്രസുകാരനായ ഒരു യുവാവിനെ സിപിഎമ്മുകാർ വെട്ടിനിരത്തിയതിന്റെ പിറ്റേന്നാണ് ഇത് ഉണ്ടായത് എന്നതും ഓർമ്മിക്കുക. കോൺഗ്രസ് ഇത്തവണ എത്ര വോട്ട് നേടുമെന്ന് നമുക്ക് മാർച്ച് മൂന്നിന് കാണാം. ആരാണ് സിപിഎമ്മിന്റെ രക്ഷകരാവുന്നത് എന്നും വ്യകതമാവും. സാധാരണ നിലക്ക് സിപിഎം അവിടെ ഇത്തവണ തൂത്തെറിയപ്പെടേണ്ടതാണ്. എന്നാൽ അവർക്ക് കുറെ സീറ്റുകൾ എങ്കിലും ലഭിക്കുന്നുവെങ്കിൽ അതിന് കാരണം രാഹുൽ ഗാന്ധിയും മാറ്റുമെടുത്ത സിപിഎം അനുകൂല നിലപാട് തന്നെയാവും.
Post Your Comments