പ്രതീക്ഷകളും കണക്കു കൂട്ടലുകളും തെറ്റുമ്പോൾ വിഷമമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ എല്ലാകണക്ക് കൂട്ടലുകളും പാടെ പിഴക്കുമ്പോൾ വല്ലാത്ത പ്രതിസന്ധി ഉടലെടുക്കും. രണ്ടാമത്തെ അവസ്ഥയിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നലുമുണ്ടായേക്കാം. എനിക്ക് തോന്നുന്നു കോൺഗ്രസിന് ഇന്നിപ്പോൾ അതാണ് അവസ്ഥ; രാഹുൽ ഗാന്ധിയുടെ സ്ഥിതി ഏതാണ്ടൊക്കെ അതാണ്. അത്തരമൊരു സ്ഥിതിയിൽ സമനില തെറ്റിയത് പോലെ ആരെങ്കിലുമൊക്കെ പെരുമാറിയാൽ അതിശയിക്കാനില്ലല്ലോ. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസുകാർ കാട്ടിക്കൂട്ടുന്നത്.
കോൺഗ്രസുകാർ അടുത്ത ദിവസങ്ങളിൽ ചെയ്തതൊക്കെ രാജ്യം കണ്ടതാണ്. മൂന്ന് നാല് സംഭവങ്ങളുണ്ട്. ഓരോന്നായി പരിശോധിക്കാം; അതിലൊക്കെ കോൺഗ്രസുകാർക്ക് ഉണ്ടായിരുന്ന നിലപാടും അതിലെ പൊള്ളത്തരവും വിലയിരുത്താം. ആദ്യമായി തോന്നുന്നത് മഹാരാഷ്ട്രയിലെ സിബിഐ കോടതി ജഡ്ജിയായിരുന്ന ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ്. അദ്ദേഹം മരിച്ചത് നാഗപ്പൂർ വെച്ചാണ്. അവിടെ യാദൃശ്ചികമായി എത്തിയതായിരുന്നില്ല; ഒരു സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിൽസംബന്ധിക്കാൻ ചെന്നതാണ്. തനിച്ചായിരുന്നില്ല; മറിച്ച് സഹ ന്യായാധിപന്മാരും കൂടെ ഉണ്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൌസിൽ തന്നെയാണ് അവരിൽ പലരും താമസിച്ചിരുന്നതും. രാവിലെ അസുഖം ബാധിച്ചപ്പോൾ ആശുപത്രിയിൽ എത്തിച്ചത് അതെ സഹ പ്രവർത്തകരായ ന്യായാധിപന്മാരാണ്. അവർ അന്ന് പുലർച്ചെ ചെന്നുപെട്ട ആശുപത്രിയിൽ വേണ്ടുന്ന സൗകര്യങ്ങൾ ഉണ്ടായിരുന്നോ ഇല്ലയോ എന്നതൊക്കെ വിവാദമായേക്കാം; എന്നാൽ പിന്നീട് വേറെ മികച്ച ആശുപത്രിയിലേക്ക് മാറ്റി……… അതിനിടെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മരണം നടന്നയുടനെ ജഡ്ജിമാർ തന്നെ മുൻകയ്യെടുത്ത് പോസ്റ്റ് മോർട്ടം നടത്തിച്ചു; തെറ്റിദ്ധാരണ നാളെ ഉണ്ടാവാതിരിക്കാനാവണം അതിന് ജഡ്ജിമാർ തയ്യാറായത്. അനവധി ന്യായാധിപന്മാർ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നതുമോർക്കുക. എല്ലാവരും വിവാഹത്തിനായി എത്തിയത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് അയച്ചു. മൃതദേഹത്തെ അനുഗമിച്ചത് കീഴ്‌ക്കോടതിയിലെ ന്യായാധിപന്മാരാണ്…… ഇതൊക്കെ മാധ്യമങ്ങളിൽ വന്നതാണ്. അവിടെ ഒരിടത്തും ബിജെപിയോ അമിത് ഷായോ വരുന്നില്ല. അവരാരും അവിടെയെങ്ങുമുണ്ടായിരുന്നുമില്ല. എന്നാൽ പെട്ടെന്ന് ആ മരണം കൊലപാതകമാവുന്നു; അതിന് പിന്നിലേക്ക് അമിത് ഷാ- യെ വലിച്ചിഴക്കുന്നു. ചില എൻജിഒ കൾ ആ മരിച്ച ജഡ്ജിയുടെ ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. അവസാനം ബിഎച്ച് ലോയയുടെ സഹ ന്യായാധിപർ, അന്ന് നാഗപ്പൂരിൽ ഉണ്ടായിരുന്നവർ സഹിതം, കാര്യങ്ങൾ ബന്ധുക്കളെ ബോധിപ്പിക്കുന്നു. തെറ്റിദ്ധാരണ മാറുന്നു. അവർ അത് പരസ്യമായി പറയുകയും ചെയ്യുന്നു.
എന്നാൽ പിന്നീട് കോടതിയിൽ കേസായി. ഗുജറാത്തിലെ ഏറ്റുമുട്ടൽ കേസ് വീണ്ടും തുറക്കാനും അമിത് ഷായെ പ്രതിക്കൂട്ടിൽ നിർത്താനും നിയമവിദഗ്ദ്ധർ ഓരോരുത്തരായി രംഗത്ത്‌വരുന്നു. അവരെല്ലാം കോൺഗ്രസുകാരോ അവരുടെ സ്വന്തക്കാരോ ആണുതാനും. മുംബൈ ഹൈക്കോടതിയിൽ ഒരു കേസ് ; മറ്റൊന്ന് സുപ്രീം കോടതിയിൽ. അവസാനം അത് ഏത് ജഡ്ജിയാണ് കേസ് കേൾക്കേണ്ടത് എന്നതിനെച്ചൊല്ലി ജഡ്ജിമാർ കലഹിക്കുന്ന ചിത്രം കാണുന്നു. സുപ്രീം കോടതിയിൽ ബിജെപി നേതാക്കൾക്കെതിരായ കേസ് വന്നാൽ അത് കോൺഗ്രസ് അനുകൂലികളായ ജഡ്ജിമാർ കേൾക്കണം എന്നുണ്ടെന്ന് കേട്ടിരുന്നില്ല. സുപ്രീം കോടതിയിൽ ഇതുപോലെയൊക്കെ മുൻപ് നടന്നിട്ടേയില്ല എന്നത് ലോകം ചർച്ചചെയ്യുന്നതും ഇതിനിടെ കാണുകയുണ്ടായി. ചീഫ് ജസ്റ്റിസ് അടക്കമുള്ള ബെഞ്ച് ആ കേസുകൾ ഇപ്പോൾ പരിശോധിക്കുകയാണ്, വാദം കേൾക്കുകയാണ്. എന്നാൽ അപ്പോഴും രാഹുൽ – സോണിയ പരിവാറിന് അത് പോരാ. അവർ നേരെ രാഷ്‌ട്രപതി ഭവനിലേക്ക് പോകുന്നു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നു…… ആദ്യം കോടതിയിൽ കേസുകൾ നൽകുന്നു . അതും സുപ്രീം കോടതിയിൽ. അങ്ങിനെയുള്ള ഒരു വിഷയത്തിൽ രാഷ്ട്രപതിക്ക് എന്താണ് ചെയ്യാനാവുക. കേസ് കോടതി കേൾക്കണ്ട, ഞാൻ തീരുമാനിക്കാം എന്ന് രാഷ്‌ട്രപതിക്ക് പറയാനാവുമോ. ഇല്ല എന്നത് അറിയാത്തവരാണോ കോൺഗ്രസുകാർ. അപ്പോൾ വെറും വിവാദങ്ങൾ ഉണ്ടാക്കുകയാണ് ലക്‌ഷ്യം…… ഇത്തരം വാർത്തകൾക്ക് അമിത പ്രാധാന്യംനൽകാൻ കുറെ കൂലി മാധ്യമങ്ങളും. നിരാശ അത്രമാത്രം ബാധിച്ചാൽ മാത്രമേ ഇങ്ങനെയൊക്കെ ഒരാൾ ചെയ്യൂ. അതാണ് രാഹുൽ ഗാന്ധിയുടെ സമനിലയുടെ അവസ്ഥ എന്നുവേണം വിലയിരുത്താൻ എന്ന് തോന്നുന്നു.
അടുത്തത് റഫേൽ വിമാന ഇടപാടാണ്. അതിന്റെ പേരിൽ നരേന്ദ്ര മോഡി സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാൻ കോൺഗ്രസും അവർക്കൊപ്പം നിൽക്കുന്ന പ്രതിപക്ഷ കക്ഷികളും കുറെ മാധ്യമങ്ങളും ശ്രമിക്കുന്നു. സുതാര്യമായി നടന്ന ഇടപാടിനെ വക്രീകരിക്കാൻ ശ്രമിക്കുന്നു. പതിനാല് വര്ഷം മുൻപ് കോൺഗ്രസുകാർ തുടങ്ങിവെച്ച കാര്യങ്ങളാണ് മോഡി സർക്കാർ നടപ്പിലാക്കിയത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾ കണ്ടറിഞ്ഞുകൊണ്ട്, സുരക്ഷാ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് നടത്തിയ സുപ്രധാന ഇടപാട്. അത് ഇന്ത്യയും ഫ്രാൻസും തമ്മിലെ ഇടപാടാണ്. വിമാന നിർമ്മാണ കമ്പനിയുമായല്ല ഇന്ത്യ ഇടപാട് നടത്തിയത് എന്നത് പ്രധാനമാണ്. ഇതിൽ ഇടനിലക്കാരില്ല എന്നത് മറ്റൊരു പ്രധാന ഘടകം. രണ്ട് രാജ്യങ്ങൾ തമ്മിൽ കരാറുണ്ടാക്കുമ്പോൾ അതിൽ കോഴ ഉണ്ടാവുമോ. അതിൽ തട്ടിപ്പ് നടക്കുമോ…… ഫ്രഞ്ച് സർക്കാർ ഇന്ത്യ സർക്കാരിന് കോഴ നൽകിയെന്നാണൊ. അങ്ങിനെ ഒരു രാജ്യത്തെ സർക്കാരിന് ചെയ്യാൻ കഴിയുമോ. സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും അങ്ങിനെ പറയാൻ കഴിയില്ല. അതാണിപ്പോൾ രാഹുലും കൂട്ടരും പറഞ്ഞു നടക്കുന്നത്. അവരുടെ കാലത്ത് നടത്താനിരുന്ന ഇടപാട് നടക്കാതിരുന്നതും അന്ന് ഏർപ്പാടാക്കിയിരുന്ന, അല്ലെങ്കിൽ പ്രതീക്ഷിച്ചിരുന്ന ചിലതൊക്കെ കൈമോശം വന്നതുമാണ് ഈ നിരാശക്കും വിഷമത്തിനും കരണമെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവുമോ. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ നൂറ് കോടി യൂറോ ലാഭത്തിലാണ് ഇന്ത്യക്ക് വിമാനങ്ങൾ ലഭിക്കുന്നത് എന്നത് ഫ്രഞ്ച് അധികൃതർ പറഞ്ഞിട്ടുണ്ട്. ഒരു യൂറോ എന്ന് പറയുന്നത് ഏതാണ്ട് 79 – 80 രൂപയോളം വരുമെന്നിരിക്കെ ഇന്ത്യക്ക് മോഡി നടത്തിയ ഇടപാടിലുണ്ടായ ലാഭം എത്രയെന്ന് ഊഹിക്കാമല്ലോ. പക്ഷെ അഴിമതി നടന്നുവെന്ന് പുകമറ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നു.
ശരിയാണ് , ഇവിടെ കേന്ദ്ര സർക്കാരിന് മുന്നിൽ ഒരു പ്രശ്നമുണ്ട്. ഈ ഇടപാടിന്റെ മുഴുവൻ വിവരങ്ങളും പുറത്തു പറയാനാവുന്നില്ല എന്നതാണത് . അതിന് കാരണം 2008 ൽ മൻമോഹൻ സിങ് സർക്കാർ ഫ്രാൻസുമായി ഉണ്ടാക്കിയ ഒരു കരാറാണ് ; പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ രണ്ട് രാജ്യങ്ങളും പുറത്തുവിടില്ല എന്നതാണത്. ആരുടെ താത്പര്യപ്രകാരമാണ് അത്തരമൊരു കരാർ യുപിഎ സർക്കാർ അന്നുണ്ടാക്കിയത് എന്നതറിയില്ല. അക്കാര്യം വ്യക്തമാക്കേണ്ടത് യുപിഎ സർക്കാരിന് നേതൃത്വം നൽകിയ കോൺഗ്രസാണ് ; അതിന്റെ നേതാക്കളാണ്. എന്തിനാണ് അങ്ങിനെ ഒരു കരാർ ഉണ്ടാക്കിയത് എന്നതും അവർ വിശദീകരിക്കണം. അന്ന് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് (പിന്നീട് രാഷ്ട്രപതിയായ) പ്രണബ് മുഖർജിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൽ നിന്ന് ഒരു വിശദീകരണം ആരായുന്നത് മര്യാദയാവില്ല. എന്നാൽ മൻമോഹൻ സിങ്, എകെ ആന്റണി തുടങ്ങിയവർ ഇതുസംബന്ധിച്ച് നാവനക്കാത്തത് അതിശയകരമാവുന്നു. അതേസമയം കോൺഗ്രസ് ഇപ്പോൾ കള്ള പ്രചാരണത്തിന് മുതിരുകയും ചെയ്യുന്നു. അത് ഇന്ത്യ തിരിച്ചറിയുന്നുണ്ട് എന്നത് അവസാനം അവർക്ക് ബോധ്യമാവും. ഇവിടെ ഒരു കാര്യം കൂടി പറയാതെ വയ്യ. ഇതുസംബന്ധിച്ച കാര്യങ്ങൾ സർക്കാർ മറച്ചുവെക്കുന്നില്ല എന്നതാണത്. 2016 നവംബർ 18 ന് ഈ ഇടപാടിന്റെ വിവരങ്ങൾ വിശദമായി പ്രതിരോധ സഹ മന്ത്രി ലോകസഭയെ അറിയിച്ചിട്ടുണ്ട്. എത്ര രൂപയ്ക്കാണ് വാങ്ങുന്നത്, എന്തെല്ലാം സൗകര്യങ്ങൾ കൂടി ഇന്ത്യക്ക് വേണമായിരുന്നു, അത് ലഭിക്കുന്നുണ്ട്, മറ്റ് സെർവീസിങ്, ലോജിസ്റ്റിക്സ്, സ്‌പെയറുകൾ തുടങ്ങിയ കാര്യങ്ങൾ.
പക്ഷെ പ്രതിപക്ഷത്തിന് ആവശ്യം അതിൽ ഉൾക്കൊള്ളുന്ന മറ്റ് ആയുധങ്ങളുടെ വിശദാംശങ്ങളാണ് ; അതിന്റെ വിലയാണ്. അത് ആർക്കുവേണ്ടിയാണ്. സംശയമില്ല, ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് അക്കാര്യത്തിൽ സംശയമുണ്ടാവേണ്ട കാര്യമില്ല; മറിച്ച് ശത്രുരാജ്യത്തിന് ഇന്ത്യയുടെ ആയുധശേഷി ആശങ്ക ഉണ്ടാക്കുന്നതാണ്. ആ ആശങ്കയിൽനിന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉയരുന്നത്. അതറിയാവുന്നതു കൊണ്ടാണ് നരേന്ദ്ര മോഡി സർക്കാർ ഇതിനെ നിസാരമായി കാണാൻ തീരുമാനിച്ചതും. യഥാർഥത്തിൽ കോൺഗ്രസിന്റെ ഗതികേടും നിലവാരവും നിലപാടുകളും ഒന്ന് വിലയിരുത്താൻ ഇത് വേണ്ടതിലധികമല്ലേ. ഫ്രാൻസുമായുള്ള പ്രതിരോധ ഇടപാടുകൾ പുറത്തുവിടാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് അരുൺ ജെയ്‌റ്റിലി പാർലമെന്റിൽ വിശദീകരിച്ചതാണ്. അതിന് മറുപടിയായി കോൺഗ്രസ് പറഞ്ഞത്, മുൻപ് തങ്ങൾ പ്രതിരോധ ഇടപടികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നു എന്നാണ്. പക്ഷെ ഫ്രാന്സുമായി എന്തിനാണ് ഒരു രഹസ്യ വ്യവസ്ഥ, 2008 ൽ, കോൺഗ്രസ് ഭരണകാലത്ത് ഉണ്ടാക്കിയത്? അതിനവർ മറുപടി നൽകുന്നില്ല. കോൺഗ്രസിന്റെ താല്പര്യത്തിനൊത്ത് തുള്ളുന്ന മാധ്യമങ്ങളും അത് മറച്ചുവെക്കുന്നു. പിന്നെ, സർക്കാർ ഏതാവശ്യത്തിനും ചിലവഴിക്കുന്ന ഓരോ പൈസയും ഓഡിറ്റിങ് വിധേയമാകും എന്നത് ആർക്കാണ് അറിയാത്തത് . സിഎജി അത് പരിശോധിക്കുമല്ലോ; പാർലമെന്റിൽ തന്നെ പ്രതിരോധ മന്ത്രാലയത്തിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുണ്ട്. അവരുടെ മുന്നിലും അതുസംബന്ധിച്ച എല്ലാ ഫയലുകളും വരുമല്ലോ. അവരെല്ലാം പരിശോധിക്കട്ടെ; സത്യം തിരിച്ചറിയട്ടെ. അതിന് പകരം ഇപ്പോൾ കള്ള പ്രചാരണത്തിന് മുതിരുന്നത് കോൺഗ്രസുകാർക്കെതിരായ അഴിമതിക്കഥകൾ മറച്ചുവെക്കാനും ശ്രദ്ധ തിരിച്ചുവിടാനുമല്ലേ?.
മറ്റൊന്ന് അയോദ്ധ്യ പ്രശ്നമാണ്. അതും സുപ്രീം കോടതിയുടെ മുന്നിലാണ്. അതൊരു സിവിൽ കേസാണ് എന്നും ആ നിലയ് ക്കെ കോടതി അതിനെ കാണൂ എന്നും ബെഞ്ച് വ്യക്തമാക്കിക്കഴിഞ്ഞു. വാദം കേൾക്കാൻ തീയതി തീരുമാനിച്ചിട്ടുമുണ്ട്. അതിനിടെയാണ് കോൺഗ്രസുകാർ ഇടപെട്ട് കേസ് മാറ്റിവെപ്പിക്കാൻ ശ്രമിച്ചത്. അയോദ്ധ്യ കേസ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമേ തീർപ്പാക്കാവു എന്ന പറയാൻ ആർക്കോ വേണ്ടി ഹാജരായ കപിൽ സിബൽ എന്ന കോൺഗ്രസുകാരനായ വക്കീൽ ആവശ്യപ്പെട്ടത് ഓർക്കുക. ആർക്കോ വേണ്ടി എന്ന് പറഞ്ഞത്, ഇന്നിപ്പോൾ അദ്ദേഹം ഈ കേസിലെ ആരുടേയും വക്കീലല്ല എന്നത് കൊണ്ടാണ്. അന്ന് ആരുടെ പേരിലാണ് ഹാജരായത് എന്നത് സംശയാസ്പദമാക്കുന്നതു കൊണ്ടുതന്നെ. അതെന്തായാലും കോടതി ഇന്ന് ഒരു നിലപാടെടുത്തിരിക്കുന്നു . ആ വഴിയേ കാര്യങ്ങൾനീങ്ങട്ടെ. ഇതിനിടയിൽ ബന്ധപ്പെട്ട കക്ഷികൾ ചേർന്ന് പ്രശ്നം പരിഹരിക്കാൻ ചില ശ്രമങ്ങൾ നടത്തുന്നു. വലിയ കാര്യമാണിത് എന്നത് പറയേണ്ടതില്ലല്ലോ. ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിലാണ് ഇത്തരമൊരു നീക്കം നടന്നത്. മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെ പ്രതിനിധികളും ഷിയാ, സുന്നി വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും മറ്റ് മുസ്ലിം സംഘടനാ നേതാക്കളും അതിൽ പങ്കെടുത്തു. ഇസ്ലാമിക നിയമമനുസരിച്ച് ഒരു മുസ്ലിം പള്ളി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് തെറ്റല്ലെന്നും അത് അനുവദനീയമാണ് എന്നും അവർ സമ്മതിച്ചിട്ടുണ്ട്. അയോധ്യയിലെ രാമ ജന്മസ്ഥാനത്ത് രാമ ക്ഷേത്രവും പള്ളി മറ്റൊരിടത്ത്, അതും മുസ്ലിങ്ങൾ ഉള്ള സ്ഥലത്ത് നിർമ്മിക്കാം എന്നതാണ് നിർദ്ദേശം. അതിലേക്കാണ് കാര്യങ്ങൾ എത്തുന്നത് എന്നുവേണം കരുതാൻ. മാത്രമല്ല പള്ളിയോടൊപ്പം ഒരു മുസ്ലിം വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സൗകര്യമൊരുക്കുന്ന ഒരു സർവകലാശാലയും പരിഗണയിലുണ്ട്. അടുത്തവട്ടം ചർച്ചകൾ മാർച്ചിൽ അയോധ്യയിൽ വെച്ച് നടത്താനും ധാരണയായി. അയോദ്ധ്യ പ്രശ്നം കോടതി വഴിയോ രമ്യമായോ പരിഹരിക്കുന്നത് കോൺഗ്രസുകാരെ ചെറുതായൊന്നുമല്ല അലട്ടുന്നത്.
ഇവിടെ ഓർക്കേണ്ടത്, അയോദ്ധ്യ പ്രശ്നം രമ്യമായി പരിഹരിക്കാനും അല്ലെങ്കിൽ കോടതി ഇടപെടലിലൂടെ പരിഹരിക്കാനും നേരത്തെ കഴിയുമായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമുള്ള സുപ്രധാന രേഖകൾ കോടതിയിലെത്തിയിരുന്നു എങ്കിൽ അലഹബാദ് ഹൈക്കോടതി വിധി മറ്റൊന്നാവുമായിരുന്നു. അത് അന്നത്തെ കോൺഗ്രസ് സർക്കാർ മറച്ചുവെക്കുകയായിരുന്നു. കോൺഗ്രസ് ഇത്തരമൊരു വിഷയത്തിൽ കാട്ടിക്കൂട്ടിയ കള്ളത്തരങ്ങൾ വെളിച്ചത്തുവരുമ്പോൾ സ്വാഭാവികമായും നിരാശയും വിഷമവും പ്രതിസന്ധിയുമൊക്കെ ഉണ്ടാവും.
മറ്റൊന്ന് , വടക്ക് -കിഴക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒളിച്ചോടുന്നതാണ്. നാഗാലാൻഡ്, തൃപുര, മേഘാലയ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെയെല്ലാം കോൺഗ്രസിന്റെ അവസ്ഥ പരമദയനീയമാണ്. നാഗാലാൻഡിൽ അൻപത് ശതമാനം സീറ്റുകളിൽ പോലും സ്ഥാനാർഥികളെ അവക്ക് കിട്ടിയില്ല. തൃപുരയിൽ പഴയകാല കോൺഗ്രസുകാർ രാജിവെച്ച് ബിജെപിയിൽ ചേരുന്നു; മുൻ മുഖ്യമന്ത്രിമാരടക്കം. രാഹുൽ ഗാന്ധി നാഗാലാൻഡിൽ പോയപ്പോൾ പൊതുയോഗത്തിന് ഒഴിഞ്ഞ കസേരകൾ മാത്രമായി. പിന്നീടങ്ങോട്ട് പോയിട്ടേയില്ല. രാഹുൽ കോൺഗ്രസിനെ രക്ഷിക്കാൻ വരുന്നു എന്ന് പറഞ്ഞുനടക്കുന്ന മാധ്യമ സുഹൃത്തുക്കളും കമ്മ്യൂണിസ്റ്റുകാരും ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. എന്നാൽ രാഹുലിനെ, കോൺഗ്രസിനെ, ഇതൊക്കെ വേണ്ടതിലധികം വേട്ടയാടുന്നു. അതാണ് ഇപ്പോൾ കാണിക്കുന്ന പരവേശത്തിന്റെ അടിസ്ഥാനം എന്നുവേണം കരുതാൻ. രാഹുൽ ദയനീയ പരാജയമാണ് എന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കാണിച്ചുതരും എന്നുവേണം കരുതാൻ. അദ്ദേഹംകോൺഗ്രസ് അധ്യക്ഷനായ ശേഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുണ്ടായി. പിന്നാലെ നാഗാലാൻഡ്, തൃപുര, മേഘാലയ എന്നിവിടങ്ങളിലും അത് കാണാം. അതോടെ ‘രാഹുൽ എന്ന പ്രതിഭാസം’ കോൺഗ്രസിൽ വീണ്ടും ചോദ്യം ചെയ്യപ്പെടാനിടയുണ്ട് എന്നതും പ്രധാനമാണല്ലോ.
Post Your Comments