കൊച്ചി : പറവൂര്‍ പെണ്‍വാണിഭത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വിട്ടയച്ചു. മോഹന്‍ മേനോന്റെ മരണത്തോടെ പുതിയ പ്രോസിക്യൂഷന്‍ സംഘത്തെ നിയോഗിച്ചു. ഇവര്‍ നടത്തിയ ആദ്യ കേസിലാണു സാക്ഷിമൊഴികള്‍ ദുര്‍ബലമായതിനാല്‍ മുഴുവന്‍ പ്രതികളെയും കോടതിക്കു വിട്ടയക്കേണ്ടി വന്നത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് എല്ലാ കേസിലും ആദ്യ രണ്ടു പ്രതി സ്ഥാനങ്ങളില്‍. കേസിലെ ഇടനിലക്കാരായ ജോഷി വര്‍ഗീസ്(അച്ചായന്‍), ഷാജിമോന്‍, ജെസി, ഇടപാടുകാരനായ ഒറ്റപ്പാലം സ്വദേശി വിജയകുമാര്‍ എന്നിവരെയാണു കോടതി വിട്ടയച്ചത്. എറണാകുളം കുടുംബ കോടതി കേസുകളില്‍ കക്ഷികളായ യുവതികളെ വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനു പൊലീസ് താക്കീതു നല്‍കിയ ഇടനിലക്കാരനും ഇന്നലെ വിട്ടയക്കപ്പെട്ട പ്രതികളുടെ കൂട്ടത്തിലുണ്ട്.
സമാനമായ സംഭവങ്ങളില്‍ പ്രോസിക്യൂഷന്‍ സമ്പൂര്‍ണമായി പരാജയപ്പെടുന്ന ആദ്യ കേസാണിത്. പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ചെന്ന കേസിലാണ് വിധി. പറവൂര്‍ പെണ്‍വാണിഭക്കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യപത്തു കേസുകളില്‍ പ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടിരുന്നു. അഭിഭാഷകരായ സി.പി. മോഹന്‍ മേനോന്‍, പി.എ. അയൂബ്ഖാന്‍ എന്നിവര്‍ക്കായിരുന്നു അന്ന് പ്രോസിക്യൂഷന്‍ ചുമതല. നേരത്തെ വിധി പറഞ്ഞ പത്തു കേസുകളിലും പിതാവിനു ജീവപര്യന്തം തടവ് അടക്കം കടുത്ത ശിക്ഷകള്‍ ലഭിച്ചിരുന്നു. ഇന്നലെ വിധി പറഞ്ഞ കേസില്‍ മാതാപിതാക്കളും കുറ്റവിമുക്തരായി. ആദ്യ കേസുകളില്‍ പിതാവിനു ലഭിച്ച ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി ശരിവച്ചിരുന്നു.
Post Your Comments