ദമ്മാം: ഒരു സൗദി കുടുംബത്തിലെ ഹൌസ് ഡ്രൈവർ എന്ന ജോലിയ്ക്കായി കൊണ്ടു വന്നിട്ട്, തോട്ടത്തിൽ കൃഷിപ്പണിയ്ക്കായി നിയോഗിച്ചതിനാൽ ദുരിതത്തിലായ ഉത്തരപ്രദേശ് സ്വദേശിയായ യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും ശക്തമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് തിരിച്ചു പോയി.
ഉത്തരപ്രദേശ് ലക്‌നൗ സ്വദേശിയായ അജബ്ഖാനാണ് പ്രവാസജീവിതത്തിന്റെ ദുരിതങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്. ഏഴു മാസങ്ങൾക്ക് മുൻപാണ് അജബ്ഖാൻ സൗദി അറേബ്യയിലെ ജുബൈലിൽ ഹൌസ് ഡ്രൈവർ വിസയിൽ ജോലിയ്ക്ക് എത്തിയത്. വലിയൊരു സമ്പന്ന കുടുംബത്തിലെ ഡ്രൈവർ ജോലിയും, മികച്ച ജോലി സാഹചര്യങ്ങളും വിസ ഏജന്റ് വാഗ്ദാനം ചെയ്തത് വിശ്വസിച്ചാണ് അയാൾ വൻതുക സർവീസ് ഫീസ് കൊടുത്ത് വിസ വാങ്ങി ജോലിയ്ക്ക് എത്തിയത്.
എന്നാൽ ജോലി തുടങ്ങിയപ്പോൾ, പ്രതീക്ഷകൾ തകർക്കുന്ന അനുഭവങ്ങളാണ് അജബ്ഖാന് നേരിടേണ്ടി വന്നത്. ഡ്രൈവർ പണി നാമമാത്രമായിരുന്നു. ദിവസത്തിൽ ഭൂരിഭാഗം സമയവും, സ്‌പോൺസറുടെ വകയായ ഒരു തോട്ടത്തിൽ കൃഷിപ്പണിയ്ക്കാണ് അയാളെ നിയോഗിച്ചത്. പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല. തോട്ടത്തിൽ മോശം കാലാവസ്ഥയും, പരിചയമില്ലാത്ത ദേഹാദ്ധ്വാനവും ഒക്കെക്കൂടി അയാളുടെ ആരോഗ്യത്തെ തകർത്തു.
ക്രമേണ ശമ്പളവും കൃത്യമായി കിട്ടാതെയായി. രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ, ആകെ വലഞ്ഞ അജബ്ഖാൻ, തന്നെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്നു ആവശ്യപ്പെട്ടിട്ടും സ്പോൺസർ വഴങ്ങിയില്ല. അങ്ങനെയിരിയ്ക്കുമ്പോഴാണ് ഒരു പരിചയക്കാരൻ നൽകിയ ഫോൺ നമ്പറിൽ അജബ്ഖാൻ, നവയുഗം ജീവകാരുണ്യപ്രവർത്തകനും എംബസ്സി വോളന്ടീറുമായ പദ്മനാഭൻ മണിക്കുട്ടനെ വിളിച്ചു സംസാരിയ്ക്കുന്നത്. തന്റെ കഷ്ടപ്പാടുകൾ പറഞ്ഞ അയാൾ മണിക്കുട്ടനോട് നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.
മണിക്കുട്ടൻ ഈ കേസ് ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, അജബ്ഖാന്റെ സ്‌പോൺസറെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തുകയും ചെയ്തു. തനിയ്ക്ക് 10,000 റിയാൽ നഷ്ടപരിഹാരം നൽകിയാലേ അജബ്ഖാന് ഫൈനൽ എക്സിറ്റ് നൽകുകയുള്ളൂ എന്ന നിലപാടിലായിരുന്നു സ്പോൺസർ. ചർച്ചകൾക്കൊടുവിൽ തുക 7000 റിയാലായി കുറച്ചെങ്കിലും, പൈസ കൈയ്യിൽ കിട്ടാതെ ഒരു ഒത്തുതീർപ്പിനും തയ്യാർ അല്ലെന്ന് സ്പോൺസർ തീർത്തു പറഞ്ഞു.
കിട്ടിയ വിവരങ്ങൾ വെച്ച് അജബ്ഖാന് വിസ നൽകിയ ഏജന്റിനെ അന്വേഷിച്ചു കണ്ടുപിടിച്ച്, മണിക്കുട്ടനും, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥനായ മൂസ റാസയും, ഏജന്റിനെ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. പ്രശ്‌നം പരിഹരിയ്ക്കാത്ത പക്ഷം, എംബസ്സി ശക്തമായ നടപടിയെടുക്കുമെന്ന ഭീക്ഷണിയ്ക്കു മുന്നിൽ ഏജന്റ് വഴങ്ങുകയും, 7000 റിയാൽ സൗദിയിലുള്ള ഏജന്റ് വഴി സ്പോൺസർക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് സ്പോൺസർ അജബ്ഖാന് ഫൈനൽ എക്സിറ്റും വിമാനടിക്കറ്റും നൽകി. നിയമനടപടികൾ വേഗം പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു അജബ്ഖാൻ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments