ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെയും, സൗദി അധികൃതരുടെയും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി, ആന്ധ്രക്കാരിയായ രമണമ്മയുടെ വർഷങ്ങൾ നീണ്ട ദുരിതപൂർണ്ണമായ അനുഭവങ്ങൾക്ക് ഒടുവിൽ പരിഹാരമായി. ആന്ധ്രാപ്രദേശ് കടലി സ്വദേശിനിയായ വെങ്കട്ട രമണമ്മയുടെ പ്രവാസജീവിതം ആരംഭിച്ചത് 8 വർഷം മുൻപാണ്. അവരുടെ ഭർത്താവ് കുവൈത്തിലെ ഒരു തോട്ടത്തിലെ ജോലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഒരു വീട്ടുജോലിക്കാരിയുടെ വിസ കിട്ടിയത്. പറക്കമുറ്റാത്ത രണ്ടു മക്കളെ വൃദ്ധരായ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടു കുവൈറ്റിൽ എത്തിയ രമണമ്മ, നാല് വർഷം അവിടെ സ്‌പോൺസറുടെ വീട്ടിൽ ജോലി ചെയ്തു. തുച്ഛമായ തുക ആയിരുന്നാലും, അക്കാലത്ത് ശമ്പളമൊക്കെ കൃത്യമായി കിട്ടിയിരുന്നു. എന്നാൽ നാട്ടിൽ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ, “പിന്നെയാകട്ടെ” എന്ന മറുപടി മാത്രമാണ് ആ വീട്ടുകാരിൽ നിന്നും കിട്ടിയത്. അതിനാൽ ഒരിയ്ക്കൽ പോലും വെക്കേഷന് നാട്ടിൽ പോകാൻ അവർക്ക് കഴിഞ്ഞില്ല.
Also read : നവയുഗത്തിന്റെ സഹായത്തോടെ നിയമകുരുക്കുകള്‍ അഴിച്ച് ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി
നാല് വർഷങ്ങൾക്ക് ശേഷം, സൗദി അറേബ്യയിൽ നിന്നെത്തിയ സ്‌പോൺസറുടെ ബന്ധുവിന്റെ കുടുംബം, തിരികെ പോയപ്പോൾ രമണമ്മയെ കൂടെ കൊണ്ടുപോയി. അങ്ങനെ ഹഫറൽ ബാഥ്വിനിലെ സൗദി വീട്ടിൽ എത്തപ്പെട്ട അവർ, മൂന്നു മാസം ആ വീട്ടിൽ ജോലി ചെയ്തു. മൂന്നു മാസത്തിനു ശേഷം ആ വീട്ടുകാർ രമണമ്മയെ മറ്റൊരു സൗദി വീട്ടിൽ ജോലിയ്ക്കായി അയച്ചു. ആ വീട്ടിൽ രണ്ടര വർഷക്കാലം ഇവർ ജോലി ചെയ്തു. വളരെ മോശമായ ജോലിസാഹചര്യങ്ങളാണ് അവർ ആ വീട്ടിൽ നേരിട്ടത്. രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും, ഒരു റിയാൽ പോലും ശമ്പളമായി നൽകിയില്ല. ശമ്പളം ചോദിയ്ക്കുമ്പോഴൊക്കെ “നാട്ടിൽ പോകുമ്പോൾ ഒരുമിച്ചു തരാം” എന്ന മറുപടിയാണ് കിട്ടിയത്. എന്നാൽ മക്കളെ കണ്ടിട്ട് വർഷങ്ങൾ ആയെന്ന് കരഞ്ഞു പറഞ്ഞിട്ടും, നാട്ടിൽ ഒരു പ്രാവശ്യം പോലും വെക്കേഷന് അയയ്ക്കാൻ സ്പോൺസർ തയ്യാറായതുമില്ല. പ്രതിഷേധിച്ചാൽ ശകാരവും, ചിലപ്പോൾ മർദ്ദനവും അവർക്ക് നേരിടേണ്ടി വന്നു. കടുത്ത ദുരിതങ്ങളും, മാനസിക പീഢനങ്ങളും, കാരണം ഇവരുടെ മാനസിക ആരോഗ്യവും നഷ്ടമാകാൻ തുടങ്ങി.
Also read : എഴുപതു കഴിഞ്ഞവരുടെ സംഗമവും വിസ്മയ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ
ഒടുവിൽ സഹികെട്ട് രമണമ്മ ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി. അഭയകേന്ദ്രം അധികാരികൾ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ രമണമ്മയോട് സംസാരിച്ചു വിവരങ്ങൾ മനസ്സിലാക്കി. അവരുടെ പരാതിയിൽ സ്പോൺസറായ കുവൈത്തി പൗരനെതിരെ സൗദി അധികൃതർ കേസ് ഫയൽ ചെയ്തു. എന്നാൽ അയാൾ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് നീണ്ടു പോയി. ഇന്ത്യൻ എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് വാങ്ങി, അഭയകേന്ദ്രം വഴി എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് മഞ്ജു അറിയിച്ചെങ്കിലും, തനിയ്ക്ക് കിട്ടാനുള്ള രണ്ടര വർഷത്തെ കുടിശ്ശിക ശമ്പളം മുഴുവൻ കിട്ടാതെ നാട്ടിലേയ്ക്ക് പോകില്ല എന്ന തീരുമാനത്തിൽ രമണമ്മ ഉറച്ചു നിന്നു. അതിനാൽ അവരുടെ കാത്തിരിപ്പ് ഒരു വർഷത്തോളം നീണ്ടു.
Also read : ഹാനികരമാം വിധം റേഡിയേഷന്‍; രണ്ട് പ്രമുഖ മൊബൈൽ കമ്പനികൾക്കെതിരെ കേസ്
അഭയകേന്ദ്രത്തിലെ പ്രതീക്ഷയറ്റ കാത്തിരിപ്പ് അവരുടെ മാനസികനില കൂടുതൽ വഷളാക്കി. മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാൻ തുടങ്ങിയ അവരെ ഇനിയും അഭയകേന്ദ്രത്തിൽ താമസിപ്പിയ്ക്കാൻ കഴിയില്ലെന്നും, ഏതെങ്കിലും മാനസികാരോഗ്യ ആശുപത്രിയിലേയ്ക്ക് അവരെ മാറ്റണമെന്നും അധികൃതർ മഞ്ജു മണിക്കുട്ടനെ അറിയിച്ചു. തുടർന്ന് മഞ്ജു മണിക്കുട്ടൻ, രമണമ്മയെ സ്വന്തം ജാമ്യത്തിൽ എടുത്ത്, തന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി താമസിപ്പിച്ചു ശിശ്രൂഷിച്ചു. മഞ്ജുവിന്റെയും കുടുംബത്തിന്റെയും സ്നേഹപൂർണ്ണമായ പരിചരണം കൊണ്ട് രമണമ്മയുടെ സാധാരണ മാനസികനില തിരികെ കിട്ടി. അതിനിടെ രമണമ്മയെ സൗദിയിലേയ്ക്ക് കൂട്ടി കൊണ്ടുവന്ന സ്‌പോൺസറുടെ ബന്ധുവിനെ, പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ സർക്കാർസേവനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തി. അതോടെ സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി. തുടർന്ന് അഭയകേന്ദ്രം അധികൃതരും, നവയുഗം ജീവകാരുണ്യവിഭാഗവും സ്പോൺസറുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കുടിശ്ശിക ശമ്പളവും ടിക്കറ്റും നൽകാൻ സ്പോൺസർ തയ്യാറായി. സ്പോൺസർ പണം നൽകിയതോടെ, മറ്റു നിയമനടപടികൾ വേഗത്തിൽ പൂർത്തിയായി. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു നൽകി. അഭയകേന്ദ്രം അധികാരികൾ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി.
അങ്ങനെ എട്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ച്, സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു, രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments