Latest NewsNewsGulf

ഹറമില്‍ നിന്നു കളഞ്ഞുകിട്ടിയ പേഴ്സുമായി ഉടമയെ തേടി ഒന്‍പതു മാസം അന്വേഷിച്ചു നടന്നു ഒടുവില്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി; സത്യന്ധതയുടെ ഉത്തമ മാതൃകയായി സൗദി യുവാവ്

ജിദ്ദ: ഹറമില്‍ നിന്നു കളഞ്ഞുകിട്ടിയ പേഴ്സുമായി ഉടമയെ തേടി ഒന്‍പതു മാസം അന്വേഷിച്ചു നടന്നു ഒടുവില്‍ ഉടമയെ കണ്ടെത്തി തിരികെ നല്‍കി സൗദി യുവാവ് സുല്‍ത്താന്‍ അല്‍ ഉതൈബി. കഴിഞ്ഞ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് പോകുന്നതിനിടെ തായിഫ്-മക്ക റോഡിലെ അല്‍സൈല്‍ അല്‍കബീര്‍ ജുമാമസ്ജിദില്‍ വച്ചാണ് ദവാദ്മി നിവാസിയായ സുല്‍ത്താന്‍ അല്‍ ഉതൈബിക്ക് പഴ്സ് വീണുകിട്ടിയത്.

അല്‍സൈല്‍ അല്‍കബീര്‍ ജുമാമസ്ജിദില്‍ അംഗശുദ്ധി വരുത്തുന്നതിനിടെ വീണുകിട്ടിയ പഴ്സിന്റെ ഉടമയെ അന്വേഷിച്ച് നാലു മണിക്കൂര്‍ നടന്നെങ്കിലും കണ്ടെത്താനായില്ലെന്ന് സുല്‍ത്താന്‍ അല്‍ ഉതൈബി പറഞ്ഞു. ഉടമയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകളൊന്നും പഴ്സിലുണ്ടായിരുന്നില്ല. പഴ്സ് കൈയില്‍ സൂക്ഷിച്ച് ഉംറക്കുള്ള യാത്ര തുടര്‍ന്നു. ഉംറ നിര്‍വഹിച്ച് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പഴ്സില്‍ കണ്ട എ.ടി.എം കാര്‍ഡ് അനുവദിച്ച യു.എ.ഇയിലെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും മാസങ്ങളായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ട് ആയതിനാല്‍ ഉടമയെ ബന്ധപ്പെടുന്നതിന് സാധിക്കുന്ന വിവരങ്ങളൊന്നും നല്‍കുന്നതിന് ബാങ്ക് അധികൃതര്‍ക്ക് സാധിച്ചില്ല.

ഉംറ നിര്‍വഹിക്കുന്നതിന് യു.എ.ഇയില്‍ നിന്ന് എത്തിയ പാക് യുവാവ് റാശിദ് ഇഖ്ബാലിന്റെ പേഴ്സായിരുന്നു സുല്‍ത്താന്‍ അല്‍ ഉതൈബിക്ക് ലഭിച്ചത്. ല്‍സൈല്‍ അല്‍കബീറില്‍ ഇഹ്റാം വേഷം ധരിക്കുന്നതിനിടെയാണ് യുവാവിന്റെ പഴ്സ് നഷ്ടപ്പെട്ടത്. റാശിദ് ഇഖ്ബാലിന്റെ ഹല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് ഇഷ്യു ചെയ്ത കമ്പനിയുമായി പിന്നീട് ബന്ധപ്പെട്ട് യുവാവ് ജോലി ചെയ്യുന്ന കമ്പനിയെ കുറിച്ച വിവരങ്ങള്‍ തേടി.

ദിവസങ്ങള്‍ക്കു ശേഷം ബന്ധപ്പെട്ട കമ്പനിയധികൃതരോട് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇപ്പോള്‍ അവധിയില്‍ നാട്ടിലുള്ള യുവാവ് തിരിച്ചെത്തിയാലുടന്‍ വിവരം അറിയിക്കാമെന്ന് അവര്‍ പറഞ്ഞു. രണ്ടു മാസം പിന്നിട്ടിട്ടും ആരും ബന്ധപ്പെട്ടില്ല. ഉടമയുടെ പേരില്‍ പഴ്സിലെ പണം ദാനം ചെയ്യുന്നതിന് ആലോചിച്ചെങ്കിലും അല്‍പം കൂടി കാത്തിരിക്കുന്നതിന് തീരുമാനിച്ചു. ഇതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയില്‍ നിന്ന് പഴ്സിന്റെ ഉടമ റാശിദ് ഫോണില്‍ ബന്ധപ്പെട്ടത്.

താന്‍ നിര്‍ദേശിച്ചതനുസരിച്ച് വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട യുവാവിന്റെ ഫോട്ടോ കണ്ടും പേഴ്സിലെ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞും യഥാര്‍ഥ ഉടമയാണെന്ന് ഉറപ്പു വരുത്തി. പഴ്സ് കൊറിയര്‍ വഴി റാശിദ് ഇഖ്ബാലിന് അയച്ചു കൊടുക്കുന്നതിന് തീരുമാനിച്ചുറച്ചപ്പോഴാണ് പ്രാദേശിക പത്രപ്രവര്‍ത്തകന്‍ യു.എ.ഇയില്‍ പോയി പഴ്സ് കൈമാറുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. ഇതു പ്രകാരം ഇന്നലെ അബുദാബിയില്‍ വച്ച് പത്രപ്രവര്‍ത്തകന്‍ റാശിദ് ഇഖ്ബാലിന് പഴ്സ് കൈമാറുകയായിരുന്നെന്ന് സുല്‍ത്താന്‍ അല്‍ ഉതൈബി പറഞ്ഞു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സും രേഖകളുമാണ് സൗദി പൗരന്റെ സത്യസന്ധത മൂലം ഒമ്പതു മാസത്തിനു ശേഷം തിരികെ ലഭിച്ചതെന്ന് റാശിദ് ഇഖ്ബാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button