ഗുവാഹത്തി: ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്.
ബ്ലാസ്റ്റേഴ്‌സിനായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ് ബ്രൗണാണ് ഗോള്‍ നേടിയത്. 29-ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിലാണ് വെസ് ബ്രൗണ്‍ കേരളത്തിന്റെ രക്ഷകനായത്.
ഈ ജയത്തോടെ പ്ലേ ഓഫ് യോഗ്യതയ്ക്കുള്ള ഒരു കടമ്പ ബ്ലാസ്റ്റേഴ്സ് കടന്നിരിക്കുന്നു. ചെന്നൈയിന്‍ എഫ്സി, ബെംഗളൂരു എഫ്സി എന്നിവയുമായുള്ള മത്സരങ്ങളില്‍ ജയിക്കുകയും ജംഷഡ്പൂര്‍ എഫ്സിയുടെ പ്രകടനം അടിസ്ഥാനമാക്കിയുമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് യോഗ്യത.
കൊല്‍ക്കത്തയ്ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴസ് പരിശീലകന്‍ ഡേവിഡ് ജെയിംസ് ടീമിനെ ഇറക്കിയത്. പോള്‍ റഹ്ബുക്ക ഗോള്‍ പോസ്റ്റില്‍ വീണ്ടും തിരിച്ചെത്തിയപ്പോള്‍ റിനോ ആന്റോ, വെസ് ബ്രൗണ്‍, സന്ദേശ് ജിങ്കാന്‍, അറാട്ട ഇസുമി എന്നിവരെയാണ് പ്രതിരോധം കാക്കാന്‍ ആദ്യ പതിനൊന്നില്‍ ഏല്‍പ്പിച്ചത്. സസ്‌പെന്‍ഷനിലായ ലാല്‍ റുവാത്താരയ്ക്ക് പകരമാണ് ഇസുമിയെ ഇറങ്ങിയത്. മധ്യനിരയില്‍ പുള്‍ഗ, പെക്കൂസണ്‍, ജാക്കിചന്ദ്, പ്രശാന്ത് എന്നിവരും മുന്നേറ്റനിരയില്‍ ഗുഡ്യോണ്‍, സികെ വിനീത് എന്നിവരും അണി നിരന്നു.
ഇന്നത്തെ ജയത്തോടെ, പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ സാധിച്ചില്ലെങ്കിലും നേട്ടം 24 ആക്കി ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തി. 23ന് സ്വന്തം മൈതാനമായ കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികള്‍.
Post Your Comments