പുണെ: നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ കെട്ടിടനിര്‍മാതാവ് ഡി.എസ്. കുല്‍ക്കര്‍ണിയും ഭാര്യയും അറസ്റ്റില്‍.ഡി.എസ്. കുല്‍ക്കര്‍ണി ഡെവലപ്പേഴ്സ് ലിമിറ്റഡ് ചെയര്‍മാനായ കുല്‍ക്കര്‍ണിക്കും ഭാര്യ ഹേമന്തിക്കും സ്ഥിരനിക്ഷേപമായി വാങ്ങിയ 230 കോടിയോളം രൂപ തിരിച്ചുനല്‍കാതെ രണ്ടായിരത്തിലേറെ ഇടപാടുകാരെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്.
ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്നാണ് ശനിയാഴ്ച ഇരുവരെയും പിടികൂടിയത്. പുണെ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അറസ്റ്റ് ചെയ്തത്. കുല്‍ക്കര്‍ണിക്കും ഭാര്യക്കും നേരത്തേ അനുവദിച്ച മുന്‍കൂര്‍ ജാമ്യം വെള്ളിയാഴ്ച മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് ദാഹാനെയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റുചെയ്തത്.
പുണെയിലെ അറിയപ്പെടുന്ന കെട്ടിടനിര്‍മാതാവും ബിസിനസുകാരനുമാണ് ഡി.എസ്.കെ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡി.എസ്. കുല്‍ക്കര്‍ണി. പുണെ കോത്രുഡ് സ്വദേശി ജിതേന്ദ്ര മുലെകര് 2017 ഒക്ടോബറില്‍ പുണെ ശിവാജിനഗര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഡി.എസ്.കെ. കമ്പനിയില്‍ സ്ഥിരനിക്ഷേപപദ്ധതിയില്‍ നിക്ഷേപം നടത്തിയ 4.4 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മുലെകര് പൊലീസിനെ സമീപിച്ചത്. സ്ഥിരനിക്ഷേപത്തിന്റെ പണമോ പലിശയോ ലഭിക്കുന്നില്ല എന്ന പരാതിയുമായി രണ്ടായിരത്തിലേറെ വരുന്ന നിക്ഷേപകരും പിന്നീട് പുണെ ശിവാജിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. നിക്ഷേപകരെ വഞ്ചിച്ചകുറ്റത്തിന് ഒക്ടോബര്‍ 29ന് കുല്‍ക്കര്‍ണിക്കും ഭാര്യക്കും നേരേ കേസ് രജിസ്റ്റര്‍ചെയ്യുകയും പിന്നീട് അത് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു.
Post Your Comments