Latest NewsNewsPrathikarana Vedhi

കേരളത്തിൽ കോൺഗ്രസുകാർ കൊല്ലപ്പെടുമ്പോൾ തൃപുരയിൽ രാഹുൽ ഗാന്ധി സി.പി.എമ്മിനൊപ്പം; പിണറായിയെ വിലക്കിയതും അതുകൊണ്ടുതന്നെ-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

കേരളത്തിൽ, കണ്ണൂരിൽ, മാർക്സിസ്റ്റുകാർ കൊല്ലുന്നു എന്ന് പറഞ്ഞ് കോൺഗ്രസുകാർ നിലവിളിച്ചു കരയുന്നു. അതിനപ്പുറം കേരളത്തിലെ കോൺഗ്രസുകാർക്ക് ഒന്നും ചെയ്യാനുമാവുന്നില്ല. വാവിട്ട്‍ കരയുന്ന കോൺഗ്രസുകാരുടെ ചിത്രം കേരളീയർ കണ്ടുവല്ലോ. അതിനോട് പുച്ഛത്തോടെയാണ് കണ്ണൂരിലെ സിപിഎമ്മുകാർ പ്രതികരിച്ചത്. കണ്ടതായി അവർ നടിച്ചില്ല. ഒരൊറ്റ പ്രതിയെയും ഇതുവരെ പിടിച്ചതായി വാർത്തയുമില്ല. അതേസമയം അവരുടെ ദേശീയ പ്രസിഡന്റ് തൃപുരയിൽ ചെന്ന് അതെ മാർക്സിസ്റ്റുകളെ ജയിപ്പിക്കാൻ അത്യധ്വാനം ചെയ്യുന്നു. തൃപുരയിൽ രാഹുൽഗാന്ധി പ്രസംഗിച്ചത്, വോട്ട് തേടിയത് കോൺഗ്രസിന് വേണ്ടിയായിരുന്നില്ല മറിച്ച് ബിജെപിയെ തോൽപ്പിക്കാൻ. അതിന്റെ അർത്ഥം വ്യക്തമല്ലേ, സിപിഎമ്മിനെ ജയിപ്പിക്കണം. കേരളത്തിലെ കോൺഗ്രസുകാർക്ക് നാണമുണ്ടോ ?. തൃപുരയിൽ ബിജെപി അധികാരത്തിലേറാനുള്ള സാധ്യതകളാണ് കാണുന്നത്. ആ തോന്നൽ സിപിഎമ്മിനും ഉള്ളത് കൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇടത് ഗുണ്ടകൾ ബിജെപി സ്ഥാനാർഥികളെ പോലും ഭീകരമായി ആക്രമിച്ചത്.

You may also like: കാഞ്ചി മഠാധിപധിയുടെ അറസ്റ്റ് രാജ്യം ഭരിച്ചിരുന്ന ഉന്നതര്‍ ആഗ്രഹിച്ചിരുന്നതോ? പ്രണാബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമായി കാണേണ്ടത്- മുതിര്‍ന്ന മാധ്യമ കെ.വി.എസ് ഹരിദാസ്‌ എഴുതുന്നു

കോൺഗ്രസ് മാർക്സിസ്റ്റ് രഹസ്യ ബാന്ധവത്തിന് മറ്റൊരു തെളിവായി തൃപുര മാറുകയാണ് . അവിടെ ഏതാണ്ട് എല്ലാ സീറ്റുകളിലും സ്ഥാനാർഥികളെ മത്സരിപ്പിച്ച കോൺഗ്രസ് പക്ഷെ അതിന്റെ നേതാക്കളെ ആരെയും അവിടേക്ക് പ്രചാരണത്തിനയച്ചില്ല. ഗുലാം നബി ആസാദ് മുതൽ മല്ലികാർജുൻ ഖാർഗെ വരെ അവിടെ പോകാൻ തയ്യാറായില്ല. സർവ സ്ഥലത്തും ഓടിയെത്തുന്ന രാഹുൽ ഗാന്ധി പോയത് ഇന്നലെ, പ്രചാരണം തീരുന്ന ദിവസം ഉച്ചയോടെ. ആരും പോയില്ല എന്ന് പറയുമെന്ന് കരുതിയാവണം രാഹുലിന്റെ വൈകിയുള്ള ആ തീർത്ഥയാത്ര. എന്നിട്ട് പ്രസംഗിച്ചത് കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കണം എന്നായിരുന്നില്ല…… അവർക്ക് അവിടെ അന്പത്തിയേഴോ അന്പത്തിയൊമ്പതോ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുണ്ട് ; എന്നിട്ടാണ് സിപിഎമ്മിന് അനുകൂല നിലപാടെടുത്തത്. എവിടേക്കാണ് ഈ നേതാവും പാർട്ടിയും പോകുന്നത്?.

രാഹുൽ ഗാന്ധി പ്രസിഡന്റായതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായി തോൽക്കുകയായിരുന്നു. ഗുജറാത്തും ഹിമാചൽ പ്രദേശും വിധിയെഴുതിയത് കണ്ടതാണ്. ഹിമാചലിൽ കോൺഗ്രസ് ഭരണമായിരുന്നു. അത് ബിജെപി പിടിച്ചടക്കി. ഗുജറാത്തിൽ സർവ പണിയുമെടുത്തിട്ടും അൻപത് ശതമാനം വോട്ടുമായി ബിജെപി ഭരണം നിലനിർത്തി. അതായത് രാഹുലിന്റെ കിരീടധാരണത്തിന് ശേഷം എല്ലാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റു. ചില ഉപതെരഞ്ഞെടുപ്പുകളിൽ അവർ വിജയിച്ചിരുന്നു. അതിന് അത്രയല്ലേ പ്രാധാന്യമുള്ളൂ. ഗുജറാത്തിൽ കുറെ സീറ്റുക കോൺഗ്രസിന് കൂടുതൽ കിട്ടി; പക്ഷെ 22 വർഷമായി ഭരിക്കുന്ന ബിജെപിയെ ഇനി അവിടെ തോൽപ്പിക്കാനാവില്ല എന്ന വസ്തുത മറന്നു പോകരുത്. കോൺഗ്രസിന് ജയിക്കാൻ കഴിയുമായിരുന്നുവെങ്കിൽ അതിത്തവണ ആയിരുന്നു എന്നതും.

അതിന് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്; മേഘാലയ, തൃപുര, നാഗാലാ‌ൻഡ്. അതിൽ തൃപുരയിലെ കുറച്ചുകാര്യമാണ് ആദ്യം സൂചിപ്പിച്ചത്. മേഘാലയ കോൺഗ്രസ് സംസ്ഥാനമാണ്. അവിടെ കേരളത്തിലെ ക്രൈസ്തവ കോൺഗ്രസ് നേതാക്കളെല്ലാം പ്രചാരണത്തിലാണ്.ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ചാണ് ഹൈക്കമാൻഡ് അവിടേക്കയച്ചത് . നാഗാലാൻഡിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താൻ പോലുംകോൺഗ്രസിനായില്ല. അവിടെ രാഹുൽ രണ്ടു് തവണ ചെന്നിരുന്നു. രണ്ടാം തവണ എത്തിയപ്പോൾ കുറെ പ്രധാന കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് പൊതുസമ്മേളന നഗരിയിൽ കസേരകൾ കാലിയാവുകയും ചെയ്‌തു . സൂചിപ്പിച്ചത്, മുഴുവൻ സീറ്റുകളിലും മത്സരിക്കാൻ കോൺഗ്രസുകാരെ കിട്ടാത്ത സംസ്ഥാനമായി നാഗാലാ‌ൻഡ് കോൺഗ്രസിന് മാറിക്കഴിഞ്ഞു. ആകെ അവർക്ക് പ്രതീക്ഷ മേഘാലയയിലാണ്. എന്നാൽ കാര്യങ്ങൾ അവിടെയും സംശയാസ്പദമാണ് എന്ന് കേരളത്തിൽ നിന്ന് പോയ കോൺഗ്രസുകാർ പറയുന്നത് കേൾക്കാം.

തൃപുരയിൽ 40 സീറ്റുകൾ വരെ ബിജെപി സഖ്യം നേടുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ആകെ 60 സീറ്റാണുള്ളത്. അതിൽ ഏതാണ്ട് 19- 20 മണ്ഡലങ്ങൾ നിർണ്ണായകമാണ്. അവിടെ കടുത്ത മത്സരമാണ് നടക്കുന്നത്. അവതന്നെയാവും ആരു ഭരിക്കും എന്ന് തീരുമാനിക്കുക. സിപിഎമ്മിന് കഴിഞ്ഞ തവണ ഏതാണ്ട് 53 ശതമാനം വോട്ട് കിട്ടിയിരുന്നു എന്നത് ഓർമ്മിക്കുക. ബിജെപി സംസ്ഥാനത്ത് ആകെ കിട്ടിയത് 33000 ഓളം വോട്ടും. അവിടെനിന്നാണ് ബിജെപി ഇത്രവലിയ ശക്തിയായി വളർന്നത്. സിപിഎമ്മിന് പോലും കണികാണാൻ കഴിയാത്ത വിധത്തിലുള്ള റാലികൾ അവിടെ ബിജെപി സംഘടിപ്പിച്ചിരുന്നു. അതിലെല്ലാം സ്ത്രീകൾ യുവാക്കൾ എന്നിവരുടെ പ്രതിനിധ്യം ശ്രദ്ധേയമായിരുന്നു താനും. സാധാരണ ഇത്രയേറെ ആൾക്കാർ സിപിഎം റാലികളിൽ പോലുമെത്താറില്ല എന്നതാണ് വസ്തുത. അതൊക്കെയാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റത്തിനുള്ള കാലാവസ്ഥയുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൃപുരയിലേക്ക് അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഒന്ന് പിണറായി സ്വീകരിക്കുന്ന കോൺഗ്രസ് വിരുദ്ധ നിലപാട് അവിടെ പ്രയോഗിക്കാൻ പറ്റില്ല എന്ന് പാർട്ടി തീരുമാനിച്ചു. അതിനുകാരണം കോൺഗ്രസുമായുള്ള രഹസ്യ നീക്കങ്ങളാണ്. രാഹുൽ വന്നു എന്ന് വരുത്തി പോയതും അതിന്റെ ഭാഗം തന്നെ. സിപിഎമ്മിലെ ചേരിപ്പോര് മാത്രമല്ല പിണറായിയുടെ തൃപുര യാത്ര തടയാനുള്ള കാരണം എന്നർത്ഥം. ആന്ധ്രയിലും മംഗലാപുരത്തും ഭോപ്പാലിലും ഒക്കെ ചെന്ന് പാർട്ടിക്ക് വേണ്ടി പ്രസംഗിക്കുകയും ഒരു ദേശീയ നേതാവിന്റെ പരിവേഷത്തിനായി പരിശ്രമിക്കുകയും ചെയ്ത പിണറായിയെ നിലക്ക് നിർത്താൻ സീതാറാം യെച്ചൂരി ഗ്രൂപ്പ് ശ്രമിച്ചു.പക്ഷെ അതിന് കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ രഹസ്യ സഖ്യവും കരണമാക്കിയിട്ടുണ്ട് എന്നതാണ് കാണേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button