Latest NewsKeralaNews

കൂടുതൽ സുരക്ഷയോടെ പുരവഞ്ചികൾ

ആലപ്പുഴ: കര്‍ശന സുരക്ഷയുമായി പുരവഞ്ചികൾ ഇനി നീറ്റിലിറങ്ങും.വിനോദസഞ്ചാരവകുപ്പാണ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 700 പുരവഞ്ചികളില്‍ ജി.പി.എസ്. സ്ഥാപിച്ചത്.ആലപ്പുഴയില്‍ 58-ഉം കുമരകത്ത് 120-ഉം പുരവഞ്ചികള്‍ക്കുമാണ് സുരക്ഷ പൂര്‍ണമായത്. ബേക്കലിലെയും കൊല്ലത്തെയും പുരവഞ്ചികളിലും വൈകാതെ ജി. പി.എസ് സുരക്ഷ വരുത്തുമെന്ന് വിനോദസഞ്ചാരവകുപ്പ് അറിയിച്ചു.

ലൈസന്‍സ് ലഭിക്കുന്ന ഒരു പുരവഞ്ചിപോലും ഇനി ജി. പി.എസ്. ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാനാവില്ല.പൂര്‍ണ സുരക്ഷയ്ക്കും കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനുമായി വിനോദസഞ്ചാരവകുപ്പ് സൗജന്യമായാണ് ജി.പി.എസ്. പുരവഞ്ചികള്‍ക്ക് ഘടിപ്പിക്കുന്നത്. ഒരെണ്ണത്തിന് 15,000 ലേറെ രൂപ ചെലവ് വരും. മൊത്തം ഒന്നരക്കോടി ചെലവിലാണ് സര്‍ക്കാര്‍ ഇത് പിടിപ്പിക്കുന്നത്.

ഹൗസ് ബോട്ട് ട്രാക്കിങ് ആന്‍ഡ് സേഫ്റ്റി മാനേജ് മെന്റ് സിസ്റ്റം എന്നാണ് പദ്ധതി അറിയപ്പെടുക. ജി.പി.എസ്. സ്ഥാപിക്കുന്നതോടെ പുരവഞ്ചിയുടെ സ്ഥാനം, ചലനം, വേഗം, ദിശ, ചരിവ് എന്നിവ നിര്‍ണയിക്കപ്പെടുന്നു. വിവരങ്ങള്‍ വിനോദസഞ്ചാരവകുപ്പ് തയ്യാറാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുമായി 24 മണിക്കൂറും ബന്ധപ്പെടുത്തുന്നു.

നിശ്ചിത സമയക്രമങ്ങളില്‍ പുരവഞ്ചിയുടെ യാത്രാവിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ശേഖരിച്ചുകൊണ്ടേയിരിക്കും. പുരവഞ്ചി പൂര്‍ണമായും കണ്‍ടോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാല്‍ പോലീസ്, ആശുപത്രി, അഗ്നിശമനസേന എന്നിവയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശം പോകും.

ജിയോ ഫെന്‍സിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. പുരവഞ്ചികള്‍ അനുവദനീയമായ പാതയിലാണ് സഞ്ചരിക്കുന്നത് എന്ന് ഉറപ്പാക്കുന്ന സംവിധാനമാണിത്. ദിശമാറിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയാം. ഹൗസ് ബോട്ട് നിയന്ത്രണത്തിനായി മൊബൈല്‍ ആപ്പും സജ്ജമായിട്ടുണ്ട്. ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മാത്രമെ ലഭിക്കൂ.

ഇവ കൂടാതെ അപകട മുന്നറിയിപ്പ് ബട്ടണ്‍ ഉണ്ടായിരിക്കും.അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബോട്ടിലുള്ള ഒരു ബട്ടണ്‍ അമര്‍ത്താം (പാനിക് ബട്ടണ്‍). ബട്ടണ്‍ അമര്‍ത്തിയാലുടന്‍ അത് കണ്‍ട്രോള്‍ റൂമില്‍ അലാറമാകും. ഹൗസ് ബോട്ട് ഉടമയ്ക്കും അപകട സൂചന ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button