ന്യൂഡൽഹി: നിർഭയ ഫണ്ടിൽനിന്ന് പരമാവധി തുക നൽകാതെ ബലാത്സംഗ ഇരകളെ അപമാനിച്ച മധ്യപ്രദേശ് സർക്കാറിന് ശകാരവുമായി സുപ്രീം കോടതി.നിർഭയ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കവെയാണ് സുപ്രീംകോടതിയുടെ പ്രതികരണം.
ബലാത്സംഗ ഇരകൾക്ക് തുച്ഛമായ തുക നൽകി ‘സേവന പ്രവർത്തനം’ നടത്തുകയാണോ എന്ന് ജസ്റ്റിസുമാരായ മദൻ ബി ലോകൂർ, ദീപക് ഗുപ്ത എന്നിവർ സർക്കാറിനെ പരിഹസിച്ചു.‘ഇതിൽ പറയുന്നത് ഇരക്ക് 6000 രൂപ വീതം നൽകിയെന്നാണ്. നിങ്ങൾ അവർക്ക് സേവനം ചെയ്യുകയാണെന്നാണോ കരുതിയത്, എങ്ങനെ ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുന്നു.ബലാത്സംഗത്തിന് 6500 രൂപ വിലയിട്ടിരിക്കുകയാണോയെന്നും -ബെഞ്ച് ചോദിച്ചു.
1951 ബലാത്സംഗ ഇരകൾ മധ്യപ്രദേശിൽ ഉണ്ടെന്നും അവർക്കെല്ലാം 6000, 6500 രൂപ വീതം നൽകിയിട്ടുണ്ടെന്നും പറയുന്നു. ഇതെന്താ പ്രോത്സാഹിപ്പിക്കേണ്ട വ്യവസായം വല്ലതുമാണോയെന്നും കോടതി ആവർത്തിച്ചു. ഇത്രയും ഇരകൾക്ക് ആകെ ഒരു കോടിക്കടുത്താണ് സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.ഡൽഹി കൂട്ട ബലാത്സംഗ-കൊല കേസിനെ തുടർന്ന് 2012 ഡിസംബർ 16നാണ് കേന്ദ്രസർക്കാർ നിർഭയ ഫണ്ട് കൊണ്ടുവന്നത്. ഫണ്ട് ചെലവഴിച്ചതിെൻറ കണക്ക് സമർപ്പിക്കാൻ എല്ലാ സംസ്ഥാന സർക്കാറുകളോടും കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
Post Your Comments