Latest NewsKeralaNews

മാര്‍ക്സിയന്‍ വീക്ഷണം പിന്തുടരുന്നതില്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് തെറ്റുപറ്റി: സ്വയം വിമര്‍ശനവുമായി എം.എ ബേബി

കണ്ണൂര്‍: മാര്‍ക്സിയന്‍ വീക്ഷണം പിന്തുടരുന്നതില്‍ മാര്‍ക്സിസ്റ്റുകാര്‍ക്ക് തെറ്റുപറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ നേടിയെടുത്ത പലതും പിന്നീടു കവിട്ടു പോയത് എന്തു കൊണ്ടെന്ന് ആലോചിക്കണം. മാര്‍ക്സിന്റെ കൃതികള്‍ മാത്രം പഠിച്ചാല്‍ പോര, മാര്‍ക്സിന്റെ ജീവിതവും പഠിക്കണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്നു മാര്‍ക്സ് പറഞ്ഞതിന്റെ പശ്ചാത്തലമെന്താണ്? വേദനിക്കുന്ന നിസ്സഹായനായ മനുഷ്യന്റെ വേദനസംഹാരിയായിരുന്നു അക്കാലത്തു കറുപ്പ്. മറ്റു വേദനസംഹാരികളൊന്നും കണ്ടുപിടിച്ചിട്ടില്ല.

ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു മതം, ഒരാശ്രയവുമില്ലാത്തവരുടെ ആശ്രയം. അതാണു മാര്‍ക്സ് പറഞ്ഞത്. 2002ലാണു സിപിഎം പാര്‍ട്ടി പരിപാടിയില്‍ പരിസ്ഥിതിസംരക്ഷണം ഉള്‍പ്പെടുത്തിയത്. എന്തു കാര്യം? ആ ശാസ്ത്രീയ അവബോധം ഇന്ന് എത്ര സഖാക്കള്‍ക്കുണ്ട്? എന്തെങ്കിലും പരിസ്ഥിതി പ്രശ്നമുണ്ടായാല്‍, ‘പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഞങ്ങളുടെ പാര്‍ട്ടി പരിപാടിയിലുണ്ട്. മറ്റുള്ളവരൊക്കെ പരിസ്ഥിതിമൗലികവാദികളാണ്, അവരെ ഞങ്ങള്‍ നോക്കിക്കൊള്ളാം’ എന്നു പറയും. സ്ത്രീസമത്വത്തിന്റെ കാര്യത്തിലും അതു തന്നെ.

നമ്മള്‍ പറയും, പക്ഷേ പ്രവര്‍ത്തിക്കില്ല. മതവിശ്വാസം,പരിസ്ഥിതി,സ്ത്രീസമത്വം, സാമ്ബത്തികസൗഖ്യം തുടങ്ങിയവയില്‍ മാര്‍ക്സിയന്‍ വീക്ഷണം പിന്തുടരാന്‍ സഖാക്കള്‍ക്ക് സാധിക്കുന്നില്ല എന്നാണ് ബേബിയുടെ സ്വയം വിമര്‍ശനം.മാര്‍ക്സ് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലയും ജില്ലാ ലൈബ്രറിയും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ചു പറയുന്ന സഖാക്കളില്‍ എത്ര പേര്‍ മക്കളെ സര്‍ക്കാര്‍ സ്കൂളിലോ എയ്ഡഡ് സ്കൂളിലോ പഠിപ്പിക്കുന്നുണ്ട്? ഞാനും നിങ്ങളുമൊക്കെ, മാര്‍ക്സിന്റെ അനന്തരാവകാശികളാകാന്‍ എന്തു യോഗ്യതയാണു ജീവിതം കൊണ്ടു നേടിയത്? സാമ്പത്തിക സൗഖ്യങ്ങളൊന്നുമില്ലാതെ, സ്വന്തം ജീവിതം നരകയാതനയ്ക്കു വിധേയമാക്കി, ദിവസങ്ങളോളം പട്ടിണികിടന്നാണു മാര്‍ക്സ് മൂലധനം എഴുതിയത്.

അക്കാലത്ത് അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ പോഷകാഹാരം കിട്ടാതെയും പട്ടിണി കിടന്നും മരിച്ചു. ലോകത്തു പരിസ്ഥിതിശാസ്ത്രം ഉണ്ടാകുന്നതിനു മുന്‍പേ, മുതലാളിത്ത വികസനം മണ്ണിനെ നശിപ്പിക്കുമെന്നു മാര്‍ക്സ് ചൂണ്ടിക്കാട്ടിയിരുന്നു. നിലപാടുകളില്‍ രണ്ടിടത്തു മാര്‍ക്സിനു തെറ്റു പറ്റി. ആദ്യമായി തൊഴിലാളി സംഘടന രൂപീകരിച്ചപ്പോള്‍, ഇന്റര്‍നാഷനല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍ എന്നാണു പേരിട്ടത്. സ്ത്രീകള്‍ അന്നു തൊഴില്‍രംഗത്തുണ്ടായിട്ടും അക്കാലത്തെ പൊതുബോധം മാര്‍ക്സിനെ സ്വാധീനിച്ചു. ബഹുജനങ്ങളില്‍ നിന്നു പിരിവെടുക്കുന്നതിനെ മാര്‍ക്സ് എതിര്‍ത്തത് അദ്ദേഹത്തിന്റെ മധ്യവര്‍ഗ കുടുംബ പശ്ചാത്തലം കൊണ്ടാവാം- ബേബി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button