ഓരോ വര്‍ഷത്തെയും ആദ്യ മാസങ്ങളില്‍ രണ്ട് ഇലക്ട്രോണിക് ഉപകരണ പ്രദര്‍ശനങ്ങള്‍ ഉണ്ട്. ജനുവരിയില്‍ ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ’ ആണെങ്കില്‍ ഫെബ്രുവരിയില്‍ നടക്കുന്നത്, ഫോണുകളുടെ സ്വന്തം ‘മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസും’. രണ്ടു പ്രദര്‍ശനങ്ങളെയും ടെക്പ്രേമികള്‍ അതിയായി സ്നേഹിക്കുന്നു. സമീപ ഭാവിയില്‍ തങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന ഏതൊക്കെ തരം ഉപകരണങ്ങളാണ് ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുക, എന്തെല്ലാം തരം പുതിയ സോഫ്റ്റ്വയെര്‍ കൗശലങ്ങളാണ് അവതരിപ്പിക്കപ്പെടുക എന്നെല്ലാമുള്ള ആകാംക്ഷയോടെയാണ് അവര്‍ ഈ രണ്ടു ഇവന്റുകള്‍ക്കുമായി കാത്തിരിക്കുന്നത്.
കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ മൊബൈല്‍ ഫോണുകള്‍ അടക്കം നിരവധി ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. എന്നാല്‍, ചില സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ഫോണുകള്‍ അവതരിപ്പിക്കുന്നത് ഈ മാസം നടക്കാന്‍ പോകുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രിസിലേക്ക് മാറ്റി വയ്ക്കുന്ന പതിവുണ്ട്. ഇത്തരം വേദികളൊന്നും തങ്ങളുടെ ഉപകരണങ്ങള്‍ അവതരിപ്പിക്കാന്‍ ഉപയോഗിക്കാത്ത ഒരു കമ്പനിയാണ് ആപ്പിള്‍. എന്നാല്‍, സാംസങ് അടക്കമുള്ള മറ്റു പല വമ്പന്‍ കമ്പനികളും തങ്ങളുടെ പ്രൊഡക്ടുകള്‍ ഇവിടെ അനാവരണം ചെയ്യാറുണ്ട്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നതാകട്ടെ സ്പെയിനിലെ ബാഴ്സലോണയിലാണ്. ഇവിടെ പ്രദര്‍ശിപ്പിച്ചേക്കാന്‍ സാധ്യതയുള്ള ചില ഫോണുകളെ പറ്റി ഒരു ചെറു വിവരണം:
സാംസങ്
ഈ വര്‍ഷത്തെ താരം സാംസങ് തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സാംസങും ആപ്പിളിന്റെ പാതയിലായിരുന്നു. വേള്‍ഡ് കോണ്‍ഗ്രസ് നടക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ സ്വന്തമായി വേദിയുണ്ടാക്കി ഫോണുകള്‍ അവതരിപ്പിക്കുക എന്ന രീതിയായിരുന്നു സാംസങ്ങിന്. എന്നാല്‍ ഇത്തവണ അതിനു മാറ്റം വന്നേക്കാമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 25നാണ് സാംസങ്ങിന്റെ പ്രകടനം നടക്കുന്നത്. ഇതാകട്ടെ, ശ്വാസം പിടിച്ചിരുന്നായിരിക്കും അവരുടെ എതിരാളികള്‍ കാണുക. ഫോണ്‍ നവീകരണത്തില്‍ സാംസങ് എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടല്ലൊ. ഈ വര്‍ഷവും അതില്‍ മാറ്റം വരില്ല. ഇത്തവണ തങ്ങളുടെ ഫോണുകളുടെ ക്യാമറയ്ക്കായിരിക്കും ഊന്നല്‍ എന്ന സൂചന സാംസങ് നല്‍കിക്കഴിഞ്ഞു. സാംസങ് മൊബൈല്‍ ഫോണ്‍ ടെക്നോളജിയെ ഏതെല്ലാം വിധത്തിലായിരിക്കും പുനര്‍ നിര്‍വചിക്കുക എന്നതായിരിക്കാം ഈ ഷോയിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യം തന്നെ എന്നു ചിലര്‍ പറയുന്നു.
നോക്കിയ
മൈക്രോസോഫ്റ്റ് നിഷ്‌കരുണം കഴുത്തു ഞെരിച്ചു കൊന്ന നോക്കിയ ഒരു തിരിച്ചു വരവിന്റെ പാതിയലാണ്. നോക്കിയ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ച് ഇപ്പോള്‍ ഫോണുകള്‍ ഇറക്കുന്ന എച്എംഡി ഗ്ലോബല്‍ വിപണിയില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഈ വര്‍ഷം കമ്പനി ഏഴു പുതിയ മോഡലുകള്‍ പുറത്തിറക്കിയേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ ഏറ്റവും പ്രധന മോഡലായ നോക്കിയ 9 ഇവിടെ അനാവരണം ചെയ്യപ്പെട്ടേക്കാം. ഈ മോഡലും ആന്‍ഡ്രോയിഡിന്റെ നേര്‍പ്പിച്ച വേര്‍ഷനായ ‘ആന്‍ഡ്രോയിഡ് ഗോ’ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചോടുന്ന ചില വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളുമാണ് നോക്കിയയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
ചൈനയില്‍ ഒരു കൊച്ചു കമ്പനിയായി തുടങ്ങിയ ഷവോമിയെ ഇപ്പോള്‍ ടെക് ലോകം വിശേഷിപ്പിക്കുന്നത് ‘ഇന്ത്യയില്‍ അഴിഞ്ഞാടിയ സ്മാര്‍ട്ട്ഫോണ്‍ കൊടുങ്കാറ്റ്’ എന്നാണ്. ഇന്ത്യന്‍ ഉപയോക്താവിന്റെ മനസറിഞ്ഞു ഫോണ്‍ നിര്‍മിച്ചു കാശുകാരായ അവര്‍ കഴഞ്ഞ വര്‍ഷം ഈ രാജ്യത്ത് സാംസങ്ങിനെ പോലും ഞെട്ടിക്കുന്ന പ്രകടനമാണല്ലൊ നടത്തിയത്. എന്നാല്‍, ഈ വര്‍ഷം ഇന്ത്യക്ക് വെളിയിലും തങ്ങളുടെ കരുത്തു കാട്ടാനൊരുങ്ങുകയാണ് ഷവോമി. അതുകൊണ്ടു തന്നെ, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് പോലൊരു രാജ്യാന്തര വേദിയില്‍ തങ്ങളിലേക്കു ശ്രദ്ധ ആകര്‍ഷിക്കനുള്ള പടയൊരുക്കം നടത്തിയ ശേഷമായിരിക്കും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡലായ Mi 7 തന്നെ ഇവിടെ അവതരിപ്പിച്ചാലും അദ്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്. 6 ഇഞ്ച് വലിപ്പത്തിലുള്ള, 18:9 അനുപാതത്തിലുള്ള സ്‌ക്രീനാണ് ഈ മോഡലിനു പ്രതീക്ഷിക്കുന്നത്. ഇരട്ട പിന്‍ ക്യാമറയും പ്രതീക്ഷിക്കുന്നു. ഐഫോണിന്റെ അനുകര്‍ത്താവെന്ന കുപ്രസിദ്ധിയുള്ള ഷവോമി, Mi 7ല്‍ ഐഫോണ്‍ Xന്റെതു പോലെ മുഖം തിരിച്ചറിയലിലൂടെ ഫോണ്‍ അണ്‍ലോക് ചെയ്യുന്ന രീതി കൊണ്ടുവരികയും, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉപേക്ഷിക്കുയും ചെയ്താലും അദ്ഭുതപ്പെടേണ്ട എന്നാണ് മറ്റൊരു നിരീക്ഷണം.
വാവെയ്
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഷവോമി ശ്രദ്ധിക്കപ്പെട്ടതു പോലെ, ലോക വിപണിയില്‍ തങ്ങളുടെ വില ഉയര്‍ത്തിയ ചൈനീസ് കമ്പനിയാണ് വാവെയ്. വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ടെക് പ്രേമികള്‍ ഗൗരവത്തിലെടുക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായി കഴിഞ്ഞ വര്‍ഷം വാവെയ് മാറി. അവരുടെ ഏറ്റവും മികച്ച ഫോണുകള്‍ക്ക് ലോക നിലവാരം ഉണ്ടെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. ക്യാമറാ നിര്‍മാണത്തിലെ അതികായകരായ ലൈക്കയുമായി ചേര്‍ന്നു നിര്‍മിക്കുന്ന ക്യാമറകള്‍ ലോകത്തെ ഏറ്റവും മികച്ചവ തന്നെയാണ്. വാവെയ്യുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോഡല്‍ തന്നെ (ഒരു പക്ഷേ P20 എന്നായിരിക്കാം പേര്) അവതരിപ്പിക്കുമോ എന്നാണ് ടെക് ലോകം അറിയാന്‍ ആഗ്രഹിക്കുന്നത്.
ഡിസ്പ്ലെ നിര്‍മാണത്തിലും മറ്റും ബഹുമാനിക്കപ്പെടുന്ന കമ്പനിയായ എല്‍ജി, തങ്ങളുടെ രാജ്യത്തു നിന്നു തന്നെയുള്ള സാംസങ്ങിനെ പോലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തില്‍ ബഹുമാനം പിടിച്ചു വാങ്ങിയിട്ടില്ല. അവരുടെ ഏറ്റവും മികച്ച മോഡലായ LG G6 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കമ്പനിയുടെ തീരുമാനം മറിച്ചായേക്കാം എന്നാണ് പറയുന്നത്. അല്‍പ്പം താമസിച്ചാല്‍ പോലും ധാരാളം പുതുമകളൊടെ ഈ മോഡല്‍ ഇറക്കിയാല്‍ മതിയെന്നാണ് തീരുമാനമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍, വാവെയ്യെ പോലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഒഴിവാക്കിയേക്കല്ല എല്‍ജിയത്രെ. അവര്‍, LG V30+ ന്റെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ സാന്നിധ്യമുള്ള ഒരു മോഡല്‍ അവതരിപ്പിച്ചേക്കാം.
സോണി
നല്ല ഫോണുകള്‍ ഇറക്കിയെങ്കിലും സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാതെ പോയ കമ്പനികളിലൊന്നാണ് സോണി. കഴിഞ്ഞ മാസം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയെങ്കിലും ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നും അവര്‍ അവിടെ അവതരിപ്പിച്ചില്ല. പക്ഷേ, മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ എക്പീരിയ XZ പ്രോ അവതരിപ്പിക്കാനുള്ള സാധ്യത തള്ളക്കളയാനാവില്ല. 4K റെസലൂഷനുള്ള, 5.7-ഇഞ്ച് വലിപ്പമുള്ള ഡ്സ്പ്ലെ ആയിരിക്കും ഈ മോഡലിന്റെ മുഖ്യാകര്‍ഷണം. സ്നാപ്ഡ്രാഗണ്‍ 845 ഉയിരേകുന്ന ഈ മോഡലിന് 6GB റാമും ഉണ്ടായിരിക്കും.
ലെനോവൊ/മോട്ടോറോള
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മോട്ടോ G5, G5 പ്ലസ് എന്നീ മോഡലുകള്‍ 2017ല്‍ അവതരിപ്പിച്ചതുകൊണ്ട്, ഈ വര്‍ഷം കമ്പനി അവയുടെ പിന്‍ഗാമികളെ അനാവരണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. മോട്ടോ G6, G6 Plus, G6 Play എന്നീ മോഡലുകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണാവുന്നതിനാല്‍ ഈ മോഡലുകള്‍ അവതരിക്കപ്പെട്ടേക്കാം.
അല്‍കാടെല്‍
അല്‍കാടെല്‍ മൂന്നു സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇവയുടെ പേരുകള്‍ അല്‍കാടെല്‍ 5, 3V, 1X എന്നാകാമെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു. ഇവയ്ക്കെല്ലാം 18:9 അനുപതത്തിലുള്ള സ്‌ക്രീന്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നു.
Post Your Comments