Latest NewsNews

കെ.എസ്.ആര്‍.ടി.സി : കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 ാം തീയതി മുതല്‍

തിരുവനന്തപുരം•കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 ാം തീയതി മുതല്‍ വിതരണം ചെയ്യും. ഈ മാസം 28 നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പെന്‍ഷന്‍തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ആ അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിന് പിന്നാലെ കുടിശ്ശിക അടക്കമുള്ള പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരള സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ഉള്‍പ്പെടുത്തി പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക സമാഹരിക്കാനുള്ള തീരുമാനത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പിന്തുണയാണ് പ്രാഥമിക സഹകരണ സംഘങ്ങളുടെ യോഗത്തില്‍ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിനായി സമാഹരിക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഇരട്ടിയോളം തുക നല്‍കാന്‍ സന്നദ്ധമായി പ്രാഥമിക സംഘങ്ങള്‍ മുന്നോട്ട് വരികയായിരുന്നു. 198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയ്യാറായി.

എന്നാല്‍ ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ 4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് മാത്രം പണം സമാഹരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്നായി 140 കോടി രൂപയും, എറണാകുളം ജില്ലയിലെ 4 സംഘങ്ങളില്‍ നിന്ന് 50 കോടി രൂപയും, പാലക്കാട് ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയും, തിരുവനന്തപുരം ജില്ലയിലെ 3 സംഘങ്ങളില്‍ നിന്ന് 30 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.

സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഇടപെടലിലൂടെ സാധിക്കുകയാണ്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സഹകാരികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്ന ഇരട്ടത്താപ്പാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് ഈ പണം പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത്. ഒരു ആശങ്കയുടെയും കാര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദാഹരണ സഹിതം യോഗത്തില്‍ വ്യക്തമാക്കി. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നതിനാല്‍ പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്ക് മടക്കി നല്‍കുമെന്ന് സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ ഐഎഎസ് അറിയിച്ചു. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്താണ് ഇത്രയധികം തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഐഎഎസ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇ. ദേവദാസ്, പതിനാല് ജില്ലകളിലെ ജോയിന്റ് രജിസ്ട്രാര്‍മാരും, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍, പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍, ചീഫ് എക്സിക്യൂട്ടിവുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button