ന്യൂഡല്‍ഹി: ക്രിമിനലും അഴിമതിക്കാരനുമാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് എങ്ങനെ രാഷ്ട്രീയ പാര്‍ട്ടി തലവനായി തുടരാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം പഴുതുകളെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ജനങ്ങൾ ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കുന്നത് ഒരു ക്രിമിനൽ അല്ല. ഒരു ക്രിമിനൽ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് എത്തിയാൽ അയാളാണ് തന്റെ പാര്‍ട്ടിയുടെ ബാനറില്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്.
സ്കൂളും ആശുപത്രിയും നടത്തുന്നതുപോലെയല്ല രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നത്. ക്രിമിനലുകള്‍ പാര്‍ട്ടി ഭാരവാഹികളാകുന്നത് തടയുന്ന ഈ ഹർജ്ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Post Your Comments