Latest NewsKeralaNews

ഡേ കെയറില്‍ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ആയയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : ഒരു വര്‍ഷമായിട്ടും പ്രതി കാണാമറയത്ത്

മൂന്നാര്‍ : ശിശുപരിപാലന കേന്ദ്രത്തില്‍ കുഞ്ഞുങ്ങളുടെ കണ്‍മുന്നില്‍ ആയയെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതിയെ നിയമത്തിനു മുന്നില്‍ എത്തിക്കാനാവാതെ പൊലീസ്. 2017 ഫെബ്രുവരി 14ന് ആണ് മൂന്നാര്‍ തേയിലത്തോട്ടം മേഖലയെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ ശിശുപരിപാലന കേന്ദ്രത്തിലെ ജീവനക്കാരി ആയിരുന്ന രാജഗുരുവാണ് (41) കൊല്ലപ്പെട്ടത്.

മൂന്നു വയസ്സില്‍ താഴെ പ്രായമുള്ള 11 കുട്ടികളുടെ കണ്‍മുന്നിലായിരുന്നു ക്രൂരകൃത്യം. ഉച്ചയ്ക്ക് തങ്ങളുടെ കുട്ടികളെ വിളിക്കാനെത്തിയ തൊഴിലാളി സ്ത്രീകളാണ് അടുക്കളയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ രാജഗുരുവിന്റെ മൃതദേഹം ആദ്യം കണ്ടത്. തലയിലും നെറ്റിയിലും മുഖത്തും അനേകം വെട്ടുകളേറ്റിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന 12 പവന്‍ തൂക്കം വരുന്ന രണ്ടു മാലകള്‍ നഷ്ടപ്പെട്ടിരുന്നു.

വിവരമറിഞ്ഞ് മൂന്നാര്‍ സിഐ സാം ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി എസ്റ്റേറ്റ് ഡിവിഷനില്‍ നിന്നു പുറത്തേക്കുള്ള വഴികളെല്ലാം അടച്ചു വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊച്ചി റേഞ്ച് ഐജി പി.വിജയന്‍, ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സംവിധാനവും പ്രയോജനപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതി ഇന്നും കാണാമറയത്തുതന്നെ.

ഒന്‍പതു സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതില്‍ രണ്ടു സംഘങ്ങളെ തമിഴ്‌നാട്ടിലേക്കാണ് നിയോഗിച്ചിരുന്നത്. എസ്റ്റേറ്റില്‍ ക്യാംപ് ഓഫിസ് തുറന്ന പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ നൂറ്റന്‍പതിലധികം പേരെ ചോദ്യം ചെയ്യുകയും അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സര്‍വ സന്നാഹങ്ങളുമായി പൊലീസ് നടത്തിയ അന്വേഷണം ഒടുവില്‍ ചെന്നെത്തി നിന്നത് കൊല്ലപ്പെട്ട രാജഗുരുവിന്റെ ഉറ്റ ബന്ധുവിലായിരുന്നു.

എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റിനു മതിയായ തെളിവുകള്‍ ലഭിച്ചില്ല. സാഹചര്യ തെളിവുകളെല്ലാം എതിരായിരുന്നെങ്കിലും അന്നു പ്രായപൂര്‍ത്തിയാവാതിരുന്ന ഇയാള്‍ അടിക്കടി മൊഴി മാറ്റിയതും ആക്രമണത്തിന് ഉപയോഗിച്ച ആയുധമോ നഷ്ടപ്പെട്ട സ്വര്‍ണമോ കണ്ടെടുക്കാന്‍ പൊലീസിന് കഴിയാതിരുന്നതും അറസ്റ്റിന് വിഘാതമായി.

ലോക്കല്‍ പൊലീസിന്റെ അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ നീക്കം നടന്നെങ്കിലും കൊല്ലപ്പെട്ട രാജഗുരുവിന്റെ ബന്ധുക്കളില്‍ നിന്ന് ഇത്തരത്തിലൊരു ആവശ്യം ഉയരാതിരുന്നതിനാലാവാം അതും നടന്നില്ല. ഇതോടെ കേസിന്റെ അന്വേഷണം ക്രമേണ നിലയ്ക്കുകയും വിസ്മൃതിയില്‍ ആവുകയും ചെയ്തു. കൃത്യം നടന്നിട്ട് നാളെ ഒരു വര്‍ഷം പിന്നിടുമ്പോഴും കാര്യമായ അന്വേഷണമോ തെളിവെടുപ്പോ പൊലീസിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുമില്ല.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button