ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിനില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍ (30) എന്നിവരുടെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം ജ്യോത്സ്യന്റെ പ്രവചനം കേട്ട് ഞെട്ടി. ജ്യോത്സ്യന്‍ ആനന്ദിനെ വിളിച്ചു വരുത്തി പോലീസ് മൊഴിയെടുക്കുകയായിരുന്നു. ഒന്ന് ജ്യോത്സ്യന് തങ്ങളുടെ പേരിലുള്ള വസ്തുവകകള്‍ നല്‍കണമെന്ന് ആനന്ദവല്ലി സമ്മതപത്രം എഴുതി വച്ചിരുന്നു.രണ്ട് ഈ കുടുംബം ഇടയ്ക്കിടയ്ക്ക് തിരുനല്‍വേലിയില്‍ പോയി ജ്യോത്സ്യനെ കാണുമായിരുന്നു. മരണത്തില്‍ ദുരൂഹത കടന്നുവന്നതോടെ ആനന്ദിനെ ചിലരെങ്കിലും വില്ലനായി കണ്ടു.
പക്ഷെ, മ്യൂസിയം പൊലീസ് വിളിച്ചപ്പോള്‍ ജ്യോത്സ്യന്‍ വണ്ടിയും പിടിച്ചിങ്ങ് പോന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി രണ്ട് ദിവസം ഇവിടെ കഴിഞ്ഞു. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്നതിനിടയില്‍ ജ്യോത്സ്യന്റെ പ്രവചന, ഗണന കഴിവിനെ പരിശോധിച്ചവര്‍ക്കാണ് ആള് കിടിലനാണെന്ന് ബോദ്ധ്യമായത്. പറഞ്ഞതെല്ലാം കിറുകൃത്യം. സാറിന്റെ ഭാര്യയുടെ അച്ഛന്‍ രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ടുവല്ലേ? അതിന്റെ കാരണം ഇതാണ്. ഇത്രയും കേട്ടപ്പോഴെ പോലീസുക്കാര്‍ കണ്ണുതള്ളി പോയി. ജ്യോത്സ്യന്‍ ആനന്ദിനെ കാണാന്‍ നിരവധി പേരാണ് തിരുനല്‍വേലിയില്‍ എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു.
മ്യൂസിയം എസ്.ഐ സീതാറാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുനല്‍വേലിയിലെത്തി ജ്യോത്സ്യനെ പറ്റി അന്വേഷിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് പോലീസ്. പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സദാനന്ദന്റെ മൃതദേഹത്തിന് ഒരു ദിവസം കൂടുതല്‍ പഴക്കമുണ്ട്. ദുര്‍മന്ത്ര വാദങ്ങളും രക്ഷിക്കാത്തതില്‍ മനം നൊന്ത് മകന്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരു നിര്‍വ്വാഹവുമില്ലാതെ മാതാപിതാക്കളും ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മരണാനന്തര കര്‍മ്മങ്ങള്‍ക്കുള്ള പണം മാത്രമല്ല മരണാനന്തര ചടങ്ങുകള്‍ക്കുള്ള തുണിയടക്കമുള്ള വസ്തുക്കള്‍ വരെ വാങ്ങിവെച്ച ശേഷമായിരുന്നു ഇവരുടെ ആത്മഹത്യ. തമിഴ്‌നാട്ടിലെ പല പ്രമുഖരും ആശ്രയിക്കുന്ന ജ്യോത്സ്യനാണ് ആനന്ദ്. നല്ല ആസ്തി അദ്ദേഹത്തിനുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സുകുമാരന്‍നായര്‍ക്കും കുടുംബത്തിനും ഇത്തരത്തിലൊരു അവസാനമുണ്ടാകുമെന്ന് ഗണിക്കാന്‍ ജ്യോത്സ്യന് കഴിഞ്ഞില്ലെന്നാണ് തമാശയായി പൊലീസുകാര്‍ തന്നെ പറയുന്നത്. തന്റെ പേര്‍ക്ക് സ്വത്ത് എഴുതി വച്ചിരിക്കുന്നതായും ജ്യോത്സ്യന് അറിയില്ലായിരുന്നു.
തനിക്ക് പൊലീസ് സ്‌റ്റേഷന്‍ കയറേണ്ടി വരുമെന്ന് മുന്‍കൂട്ടി കാണാനും ജ്യോത്സ്യന് കഴിയാതെ പോയി. കൂട്ടമരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടെ വരച്ച കത്ത് സ്‌റ്റേഷനിലേക്ക് അയച്ചതിന് ശേഷമാണ് സുകുമാരന്‍ നായരും കുടുംബവും ആത്മഹത്യ ചെയ്തത്.മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. ശരീരത്തില്‍ അസാധാരണമായ മുറിവുകളോ ചതവുകളോ കണ്ടില്ല.അമ്മയും അച്ഛനും ഇല്ലാതിരുന്ന സമയത്ത് സനാതനന്‍ മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
പുറം ലോകവുമായി യാതൊരു അടുപ്പവുമില്ലാതിരുന്ന കുടുംബത്തിന് ഏക മകനെ മരിച്ച നിലയില്‍ കണ്ടപ്പോള്‍ അത് ആഘാതമായി. ഇതേ തുടര്‍ന്ന് സുകുമാരന്‍ നായരും ആനന്ദവല്ലിയും ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ സനാതനന്റേത് ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.സനാതനന്‍ കടുത്ത മാനസിക പിരിമുറുക്കത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ശാസ്തമംഗലത്തെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിന്‍ വനമാലിയില്‍ സുകുമാരന്‍നായര്‍(65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍ (30) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ ആര്‍.ഡി.ഒ റഹ്മാന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
Post Your Comments