Latest NewsNewsPrathikarana Vedhi

പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഒളിയുദ്ധവുമായി എത്തുന്നു: കോൺഗ്രസ് നിലപാടുകൾ സംശയാസ്പദം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

പാക് അതിർത്തിയിൽ വീണ്ടും സംഘർഷം വന്നിരിക്കുന്നു. മഞ്ഞുകാലത്ത് ഏതാണ്ടൊക്കെ നിലച്ചുപോയിരുന്ന ഭീകരവാദികളുടെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യം നടത്തുന്ന ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്നം. അതിനൊപ്പം ഇവിടെയെത്തിയവർ നടത്തുന്ന ആക്രമണങ്ങളും. ജമ്മുവിൽ നാം കണ്ടത് അതാണ്. സൈനിക ക്യാമ്പിന് സമീപം സംഘർഷത്തിന് കഴിയുന്നു. സൈനിക ക്വർട്ടേഴ്‌സുകളിൽ കയറിച്ചെല്ലാൻ കഴിയുന്നു. ആശങ്ക ഉണർത്തുന്നതാണ് നമ്മുടെ സുരക്ഷാ സംവിധാനം എന്നതിൽ സംശയമില്ല.അതേസമയം നമ്മുടെ ധീരൻ ജവാന്മാർ, സുരക്ഷാ സൈനികർ നടത്തുന്ന പോരാട്ടങ്ങളെ കാണാതെ പറ്റുമോ. ഇവിടെയും നമ്മുടെ കക്ഷികൾ, രാഷ്ട്രീയ നേതാക്കൾ സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ ആശങ്കാകുലമാണ് എന്നത് പറയാതെ പോകാനുമാവില്ല. പാകിസ്ഥാൻ ഏതാണ്ടൊക്കെ ഒറ്റപ്പെട്ട ഒരു സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നത് എന്നതും കാണാതെ പോയിക്കൂടാ. ഇന്നിപ്പോൾ ഇതുണ്ടായത്, നരേന്ദ്ര മോഡി ഇസ്ലാമിക രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന വേളയിലാണ്. ആ ഇസ്ലാമിക് രാജ്യങ്ങൾ നമുക്കറിയാം, ഒരുകാലത്ത് പാക്കിസ്ഥാനൊപ്പം നിന്നവയാണ്. യുപിഎ ഭരണകാലത്തും മറ്റും ആ രാജ്യങ്ങൾ പലതും പാക് നിലപാടിനൊപ്പമായിരുന്നു എന്നതർക്കുക . ഇന്നതല്ല അവസ്ഥ. ഭീകരവാദത്തിനെതിരെ, ഭീകരരെ സഹായിക്കുന്നവർക്കെതിരെ ഒക്കെ നടപടിക്ക് ഇന്ത്യയുമായി കൈകോർക്കാൻ അവരെല്ലാം തയ്യാറാവുന്നു. ഇസ്ലാമിക ലോകത്തിന്റെ സ്നേഹവും സൗഹൃദവും സഹകരണവും ഒക്കെ കിട്ടുന്ന നേതാവായി നരേന്ദ്ര മോഡി മാറുന്നു. പലസ്തീനിലും മറ്റും അദ്ദേഹത്തിന് ആർജിക്കാനായ സൗഹൃദവും വിശ്വസവും ചെറിയ കാര്യമല്ലല്ലോ. ഇതിനിടയിൽ ഇന്ത്യയിൽ കലാപത്തിന് ശ്രമിക്കുന്നു. ഏതാനും ചാവേറുകൾ. നമ്മുടെ സൈനികർക്ക് അവരെ നേരിടാൻ കഴിയും. പക്ഷെ അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് തയ്യാറാവുന്നു. അത് ഇന്ത്യ വിരുദ്ധ പ്രചാരണത്തിനായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു.

ഇത്തരത്തിൽ അതിർത്തിയിൽ ഒരു സംഘര്ഷമുണ്ടാവുമ്പോൾ ഒരു ഇന്ത്യൻ കക്ഷി എടുക്കേണ്ട നിലപാട് എന്താണ്?. സൈന്യത്തിന് ധാർമികമായ പിന്തുണ നൽകണം. എന്നാൽ അതാണോ പ്രതിപക്ഷം ചെയ്യുന്നത്. യഥാർഥത്തിൽ ഭീകരർക്കും പിന്തുണക്കുന്ന പാക് സൈന്യത്തിനും കരുത്തും ആത്മ വിശ്വാസവും പകരുന്നതല്ലേ ഇവരുടെ നിലപാടുകൾ. അവിടെ സൈന്യം ഭീകരരെ നേരിടുമ്പോൾ ജമ്മുകശ്മീർ അസംബ്ലിയിൽ പാക് സിന്ദാബാദ് വിളിക്കാൻ കോൺഗ്രസിന്റെ കൂട്ടാളിയായ നാഷണൽ കോൺഫ്രൻസുകാരൻ തയ്യാറാവുന്നു. അതിതള്ളിപ്പറയാൻ കോൺഗ്രസോ നാഷണൽ കോൺഫറൻസോ തയ്യാറാവുന്നില്ല. അതേസമയം സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു.

ഇതാദ്യമായല്ല കോൺഗ്രസുകാർ ചെയ്യുന്നത് എന്നത് ആർക്കാണ് അറിയാത്തത്‌ . കാശ്മീർ പ്രശ്നം ഉന്നയിച്ചുകൊണ്ട് പാക്കിസ്ഥാനെ സഹായിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് അടുത്തിടെ രംഗത്ത് വന്നത് ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. അതീവ ഗൗരവമർഹിക്കുന്ന ഒരു കാര്യമാണിത് . കുറേക്കാലമായി കോൺഗ്രസ് സ്വീകരിച്ചുവരുന്ന പദ്ധതിയുടെ ഭാഗമാണിത്. ഇത്തവണ ആ ദൗത്യമേറ്റെടുത്തത് മുൻ കേന്ദ്ര മന്ത്രി പി ചിദംബരമാണ് എന്നേയുള്ളൂ . നേരത്തെ മണിശങ്കർ അയ്യരും മറ്റും ഉന്നയിച്ച പ്രശ്നങ്ങൾ മറ്റൊരു തരത്തിൽ ഉയർത്താനാണ് അദ്ദേഹം ശ്രമിച്ചത് . അമേരിക്കയുടെ ശക്തമായ നിലപാടുകളും തീരുമാനങ്ങളും കൊണ്ട് സാമ്പത്തികമായി മാത്രമല്ല നയതന്ത്രപരമായി തന്നെ പാക്കിസ്ഥാൻ പ്രതിസന്ധിയിലാവുകയും ലോക സമൂഹത്തിൽ ഏതാണ്ടൊക്കെ ഒറ്റപ്പെടുകയും ചെയ്യുന്നവേളയിൽ അവർക്ക് മറ്റൊരു പിടിങ്കൊമ്പ് സമ്മാനിക്കാനുള്ള ശ്രമമാണ് ഉണ്ടായിരിക്കുന്നത്. കാലങ്ങളായി ഇന്ത്യ വെച്ചുപുലർത്തുന്ന പാക് – കശ്മീർ നയങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് സ്വീകരിച്ചിരിക്കുന്ന നിലപാട് എന്നതും ഓർമ്മിക്കേണ്ടതുണ്ട്. അക്ഷരാർഥത്തിൽ ഒരു തരം രാജ്യദ്രോഹ നീക്കം തന്നെയാണിത്.

You may also like:കോൺഗ്രസിന് പരിഭ്രാന്തി; കള്ള പ്രചാരണത്തിന് പിന്നിൽ രാഹുലിന്റെ നിരാശാബോധം തൊട്ടതെല്ലാം തിരിച്ചടിക്കുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പ്രശ്നമാവും മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

” ജമ്മു കാശ്മീർ പ്രശ്നം ഇന്ത്യയിൽ ലയിച്ചതുമായി ബന്ധപ്പെട്ട ഒരു പഴയ, ദീർഘകാലമായുള്ള, അവരുടെ തർക്കമാണ് ” എന്നതാണ് പി ചിദംബരം ഇപ്പോൾ പറയുന്നത്. “കാശ്മീരിലേത് ഭീകരതയെ നുഴഞ്ഞുകയറ്റമോ അല്ല യഥാർഥ പ്രശ്നം മറിച്ച് ദീർഘകാലമായുള്ള ലയനം സംബന്ധിച്ച പ്രശ്നമാണ് ………. ജമ്മു കശ്മീരിനെ 1947 ൽ ആദ്യ യുദ്ധത്തിലൂടെ ബലപ്രയോഗത്തിലൂടെ വിഭജിച്ചു. അവിടെ ഒരു പ്രശ്നവുമില്ല എന്ന് നടിക്കുന്നതിലൂടെ ഒരു ഫലവുമുണ്ടാവാൻ പോകുന്നില്ല……”. അങ്ങിനെ പോകുന്നു ചിദംബരത്തിന്റെ പുതിയ നിലപാടുകൾ. കാശ്മീരിൽ നിന്ന് സൈനികരെ പിൻവലിക്കണം, സുരക്ഷാ ചുമതല പൊലീസിന് കൈമാറണം, വിഘടനവാദികളുമായി ചർച്ച നടത്തണം …….ഇതൊക്കെ ഒരു മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നാണുണ്ടാവുന്നത് എന്നതാണ് രസകരം. അവിടത്തെ ഭീകരവാദത്തെ നേരിടുന്നതിന് നരേന്ദ്ര മോഡി സർക്കാർ സൈന്യത്തെയും മറ്റും ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നുണ്ട്. സിവിലിയൻ ജനതക്കുണ്ടാവുന്ന വിഷമങ്ങൾ, മരണങ്ങൾ, ജവാന്മാർ വീര ചരമം പ്രാപിക്കുന്നത് ഒക്കെ കൂടുതലാണ് എന്നും അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതിനെല്ലാമിടയിൽ ജമ്മു കശ്മീരിലെ മെഹ്ബൂബ മുഫ്‌തി സർക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നും ആവശ്യപ്പെടുന്നു. ഇതൊക്കെയാണ് ആ ലേഖനത്തിലെ പ്രസക്തമായ ഭാഗങ്ങൾ. അത് ചിദംബരം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. കേന്ദ്രസർക്കാരിന് എതിരായ വിമർശനം എന്ന നിലയ് ക്കാണ് കോൺഗ്രസ് നേതാവിന്റെ വിമർശനമെന്കിലും അതിന്റെ കാതൽ പാക് അനുകൂല- വിഘടനവാദികളോട് സൗഹൃദപരമായ നിലപാടുകളാണ്. ഓരോ വരിയും, ഓരോ ഭാഗവും ഇന്നിപ്പോൾ പാക്കിസ്ഥാന് പൊക്കിയെടുത്ത് ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ കഴിയുന്നവിധത്തിലാണ് അത് എന്നതാണ് മറ്റൊരു പ്രത്യേകത.

നിസാരമായി കാണേണ്ടുന്ന ഒരു വിഷയമല്ലിത് . വിഢിത്തരം വിളമ്പുന്ന ഒരാളല്ല പി ചിദംബരം; അതി ബുദ്ധിമാനാണ്. പിന്നെ, ഇതാദ്യമായല്ല ചിദംബരം ഇത്തരമൊരു വാദഗതി ഉയർത്തുന്നത് എന്നതും പ്രധാനമാണ് . നേരത്തെ, 2016 ജൂലൈയിൽ, അദ്ദേഹം കശ്മീർ വിഷയം മറ്റൊരു രൂപത്തിൽ ഉയർത്താൻ ശ്രമിച്ചിരുന്നു. അതും ഇതിലേറെ ദുരൂഹത ഉൾക്കൊള്ളുന്നതായിരുന്നു. ” ജമ്മു കശ്മീർ ഇന്ത്യയിൽ ലയിക്കുന്ന സമയത്ത് നൽകിയ വാഗ്ദാനം പാലിച്ചില്ല” എന്നാ ണ് അന്ന് ആക്ഷേപിച്ചത്. ആ വാഗ്ദാനം പാലിക്കാത്തതുകൊണ്ട് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവന്നു എന്നും അന്ന് അദ്ദേഹം പറയുകയുണ്ടായി. എന്താണ് ആ വാഗ്ദാന ലംഘനം എന്ന് അന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെങ്കിലും കാര്യങ്ങൾ വ്യക്തമാണ് ………… ഹിത പരിശോധന വേണം എന്ന പാക് വാദം തന്നെയാണത്. അങ്ങിനെയൊരു ധാരണയുണ്ടായിരുന്നില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഐക്യരാഷ്ട്ര സഭയിലും മറ്റും നാമെടുത്തിട്ടുള്ള സമീപനവും അതാണല്ലോ. മാത്രമല്ല, യഥാർഥത്തിൽ അങ്ങിനെയൊരു ചിന്തയോ നിർദ്ദേശമോ അക്കാലത്ത് കശ്മീർ രാജാവ് ഹരി സിംഗിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടേയില്ല. ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. ഒരു പക്ഷെ അന്ന് ചില പാക് അനുകൂല നേതാക്കൾക്ക് , അതായത് ഇന്ത്യയിലല്ല പാക്കിസ്ഥാനിലാണ് കശ്മീർ ലയിക്കേണ്ടത് എന്ന് കരുതിയിരുന്നവർക്ക്, അങ്ങിനെയൊരു തോന്നലുണ്ടാക്കിയിട്ടുണ്ടാവാം. സത്യത്തിൽ ഒരു വ്യവസ്ഥയുമില്ലാതെയാണ് അന്ന് കാശ്‌മീർ രാജാവ് ഇന്ത്യൻ യൂണിയനിൽ ലയിക്കാനുള്ള ധാരണയിൽ ഒപ്പുവെച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്ന അന്നത്തെ ആർഎസ്‌എസ്‌ സർസംഘചാലക് ഗുരുജി ഗോൾവാൾക്കറാണ്‌ . ഹരി സിങ് – ഗോൾവാൾക്കർ ബന്ധം അറിയാമായിരുന്ന സർദാർ പട്ടേൽ ആണ് അതിനുള്ള വഴിയൊരുക്കിയത്………. ഗുരുജിയെ കാശ്മീരിലേക്കയച്ചതും മറ്റും. അവരുടെ കൂടിക്കാഴ്ചയും തീരുമാനവുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണിന്ന്.

ജമ്മു കശ്മീർ സ്ഥിതിഗതികൾ വിശകലനം ചെയ്യുമ്പോൾ ചില ചരിത്ര മുഹൂർത്തങ്ങൾ വിസ്മരിക്കുകവയ്യ. അതിലൊന്നാണ് മൗണ്ട് ബാറ്റൺ പ്രഭുവിന്റെ 1947 ജൂണിലെ കശ്മീർ സന്ദർശനം. അതിനുതൊട്ടു മുന്പായി, ജൂൺ മൂന്നിന്, ബ്രിട്ടീഷ് സർക്കാർ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അന്നുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ, 1947 ആഗസ്ത് 14 -ഓടെ ഇന്ത്യയിലോ പാക്കിസ്ഥാനിലോ ലയിക്കുക അല്ലെങ്കിൽ സ്വതന്ത്ര രാജ്യമായി നിലകൊള്ളുക എന്നതായിരുന്നു അതിലെ നിർദ്ദേശം. കശ്മീർ ആണ് അന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്ന ഒരു രാജ്യം. അവിടെയുള്ളത് ഹിന്ദു രാജാവ് ; പക്ഷെ ജനസംഖ്യയിൽ മുസ്‌ലിം സമുദായത്തിന് വലിയ മേൽക്കൈ. അതുകൊണ്ടാണ് കശ്മീർ എവിടെനിൽക്കും എന്ന് എല്ലാവരും കാതോർത്തതും. ഒരു കാരണവശാലും പാക്കിസ്ഥാന്റെ ഭാഗമാവാൻ കശ്മീർ മഹാരാജാവ് ഹരിസിംഗിന് താല്പര്യമില്ലായിരുന്നു. അങ്ങിനെയൊരു ചിന്ത തന്നെ അദ്ദേഹത്തിലില്ലായിരുന്നു. പക്ഷെ, പലകാരണങ്ങളാൽ ആശയക്കുഴപ്പമുണ്ടായി. അവസാനം അന്നത്തെ അവിടത്തെ പ്രധാനമന്ത്രി ആർ സി കാക് രാജാവിനെ ഉപദേശിച്ചത് സ്വതന്ത്ര രാജ്യമായി നിലകൊള്ളാനാണ്. അതുമനസിലാക്കിയ ശേഷമാണ്‌ കശ്മീർ മഹാരാജാവിനെ കാണാൻ മൗണ്ട്ബാറ്റണെത്തിയത്. ഇന്ത്യയിൽ ലയിക്കാൻ അദ്ദേഹം ഹരിസിംഗിനോട് ആവശ്യപ്പെട്ടു എന്നാണ് പൊതുവെ പിൽക്കാലത്ത് പുറമെ കേട്ടത്. അത്തരത്തിൽ ഓർ വാർത്ത സൃഷ്ടിക്കുകയായിരുന്നു. മഹാരാജ ഹരിസിംഗിനോട് യഥാർഥത്തിൽ മൗണ്ട് ബാറ്റൺ ആവശ്യപ്പെട്ടത് പാക്കിസ്ഥാന്റെ ഭാഗമാവാൻ കശ്മീർ തയ്യാറാവണം എന്നതാണ്. എന്നാൽ മൌണ്ട് ബാറ്റന്റെ നിർദ്ദേശം പാടെ നിരാകരിക്കുകയാണ് ഹരി സിങ് ചെയ്തത്. പാക്കിസ്ഥാനിൽ ലയിക്കാൻ മൌണ്ട് ബാറ്റൺ സമ്മർദ്ദം ശക്തമാക്കിയപ്പോൾ തനിച്ചു നിൽക്കുക, സ്വതന്ത്ര രാജ്യമാവുക, എന്നതായി കശ്മീർ രാജാവിന്റെ തീരുമാനം. അതെല്ലാം സർദാർ പട്ടേലിന് അറിയാമായിരുന്നു. പിന്നീട് മഹാരാജാവുമായി ചർച്ചനടത്തിയ ആർഎസ്എസ് സർസംഘചാലക് ഗുരുജി ഗോൾവൽക്കറും അത് മനസിലാക്കിയിരുന്നു എന്നുവേണം കരുതാൻ.

പണ്ഡിറ്റ് നെഹ്‌റുവും മൌണ്ട് ബാറ്റണും തമ്മിലെ ബന്ധമായിരുന്നു പല തീരുമാനങ്ങളിലും നിർണ്ണായകമായത് . ഒരു പരിധിവരെ, ഒട്ടെല്ലാവിഷയത്തിലും, നെഹ്‌റു – മൌണ്ട് ബാറ്റൺ നിലപാടിനൊപ്പമാണ് മഹാത്മാ ഗാന്ധിയും നിലകൊണ്ടത് . ‘സ്വാതന്ത്ര്യം’ എന്നതായിരുന്നു ഗാന്ധിജിയുടെ മനസ്സിൽ മുഴുവൻ; നെഹ്‌റുവിനാവട്ടെ എങ്ങിനെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക എന്നതും. അതുരണ്ടും യോജിച്ചു നീങ്ങി അല്ലെങ്കിൽ നെഹ്രുവിനു ഗാന്ധിയെ കൂടെ നിർത്താൻ കഴിഞ്ഞു; അവരെ ഒന്നിപ്പിച്ചു നിർത്തുന്നതിൽ, ഒരേപോലെ ചിന്തിപ്പിക്കുന്നതിൽ, മൌണ്ട് ബാറ്റണും നിർണായകമായ പങ്ക് വഹിച്ചിരുന്നു. പലപ്പോഴും തന്റെ, ബ്രിട്ടന്റെ, താൽപര്യങ്ങൾക്കായി അതിനെ പ്രയോജനപ്പെടുത്താൻ മൌണ്ട് ബാറ്റണ് കഴിയുകയും ചെയ്തു. സർദാർ പട്ടേലിനെ അതുപോലെ കൈകാര്യംചെയ്യാൻ കഴിയില്ലെന്ന് ബ്രിട്ടീഷുകാർക്ക് നന്നായി അറിയാമായിരുന്നു. നെഹ്‌റുവിന്റെ മൌണ്ട് ബാറ്റണുമായുള്ള അടുപ്പം അവരിലൊതുങ്ങിയിരുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്. ലേഡി മൌണ്ട് ബാറ്റണും നെഹ്രുവുമായുള്ള “സൗഹൃദം” പലപ്പോഴും ചർച്ചാവിഷയമായതാണല്ലോ. ഒരു വിധത്തിൽ പറഞ്ഞാൽ ഒരു ആംഗ്ലേയ- യൂറോപ്യൻ ജീവിത ശൈലി സ്വീകരിച്ച വ്യക്തിത്വമായിരുന്നു നെഹ്‌റു. അതുതന്നെയാവാം അദ്ദേഹത്തെ ബ്രിട്ടീഷുകാർക്ക് ഏറെ സമ്മതനും അടുത്ത സഹകാരിയുമാക്കിയത് . ഹരിസിങ് മഹാരാജാവിനോട് പാക്കിസ്ഥാനിൽ ലയിക്കാൻ മൌണ്ട് ബാറ്റൺ ആവശ്യപ്പെട്ടത് നെഹ്‌റു അറിയാതെയാണ് എന്ന് കരുതാൻ കഴിയില്ല എന്നതും പറയാതെവയ്യ. ഷെയ്ഖ് അബ്‌ദുള്ളയുമായി നെഹ്രുവിനുണ്ടായിരുന്ന അടുപ്പവും ബന്ധവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.

ഇനി 1947 ലെ സ്ഥിതി ഒന്ന് നോക്കാം. അതിനിടെ നിർണായകമായ ആഗസ്ത് പതിനാല് വന്നു ചേർന്നു; ഇന്ത്യ മഹാരാജ്യം രണ്ടായ ദിവസം. അന്നാണല്ലോ പാക്കിസ്ഥാൻ ജന്മം കൊണ്ടത്. കശ്മീരിലെ പോസ്റ്റ് ഓഫിസുകളിൽ അന്ന് പാക് ദേശീയ പതാകകൾ ഉയർന്നത് അവിടത്തെ ജനതക്കും അതിലേറെ മഹാരാജാവിനും വിഷമമുണ്ടാക്കി. കശ്മീരിലെ തപാൽ ഓഫിസുകൾ വിഭജനത്തിനുമുന്പ് സിയാൽക്കോട്ട് സർക്കിളിലായിരുന്നു. സിയാൽക്കോട്ടാവട്ടെ പാക്കിസ്ഥാനിലുമായി. അതുകൊണ്ടാണ് അവരവിടെ അന്ന് പാക് പതാക ഉയർത്തിയത്. പക്ഷെ, അതോടെ മഹാരാജ ഇടപെട്ടു; ജനങ്ങളും രംഗത്തുവന്നു. പിറ്റേന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ അവിടെയെല്ലാം ത്രിവർണ്ണ പതാകകൾ പാറിക്കളിച്ചു. അപ്പോഴും കശ്മീർ എവിടെയാണ്, സ്വതന്ത്രമാണോ അതോ പാക്കിസ്ഥാനിലോ ഇന്ത്യയിലോ എന്നത് , തീരുമാനമായിരുന്നില്ല എന്നതോർക്കുക. ഇതൊക്കെയായപ്പോഴാണ് എന്തെങ്കിലും ഉടനെ ചെയ്തേ തീരൂ എന്ന നിലപാടിലേക്ക് സർദാർ പട്ടേലിനെ കൊണ്ടുചെന്നെത്തിച്ചത്.

മഹാരാജ ഹരിസിംഗിന്റെ മനസ്സറിയാനും ഇന്ത്യയോട് അടുപ്പിക്കാനും ആരെക്കൊണ്ടാവും എന്ന ചോദ്യം സർദാർ പട്ടേലിനെ കൊണ്ടെത്തിച്ചത് ആർ എസ് എസ് സർസംഘചാലക് ആയിരുന്ന ഗുരുജി ഗോൾവാൾക്കറിലാണ് . ഇക്കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഗുരുജി ഗോൾവാൾക്കറും കശ്മീർ മഹാരാജാവും തമ്മിലെ അടുത്ത ബന്ധം പട്ടേലിന് നന്നായി അറിയാമായിരുന്നു; ഒരു സന്യാസി തുല്യനായിരുന്ന ഗുരുജി ഗോൾവാൾക്കാറോട് ഹരിസിംഗിന് ബഹുമാനമായിരുന്നുതാനും. 1947 ഒക്ടോബർ 17 ന് ഗുരുജി ഗോൾവാൾക്കർ കശ്മീരിലെത്തി മഹാരാജാവുമായി ചർച്ച നടത്തി. സ്വതന്ത്ര രാജ്യമായി നിലകൊള്ളുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾ അദ്ദേഹം ഹരിസിംഗിനെ ധരിപ്പിച്ചു; മുസ്ലിം ഭൂരിപക്ഷ രാജ്യം കീഴടക്കാൻ പാക്കിസ്ഥാൻ തയ്യാറാവുമെന്ന് ഓർമ്മിപ്പിക്കാനും ഗുരുജിക്കായിരിക്കണം. ആർഎസ്എസ് സർസംഘചാലകിന്റെ നിർദ്ദേശം അംഗീകരിക്കുകയും അക്കാര്യം സർദാർ പട്ടേലിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാഗമാവാൻ അങ്ങിനെയാണ് കശ്മീർ തീരുമാനിക്കുന്നത്.

1947 ഒക്ടോബർ 26 ന് ഔപചാരികമായി ഇന്ത്യയുടെ ഭാഗമാവുന്നതായി കശ്മീർ തീരുമാനിച്ചു. ആ ധാരണാപത്രത്തിൽ മഹാരാജ ഹരിസിംഗ് ഒപ്പുവെച്ചു. അതോടെ മുഴുവൻ കശ്മീരും ഇന്ത്യയിലായി. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് മഹാരാജ ഹരി സിങ് കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിച്ചത്. അവിടെ സംശയത്തിന്റെയോ ആശയക്കുഴപ്പത്തിന്റെയോ പ്രശ്നമേയില്ലല്ലോ. എന്നാൽ അപ്പോഴും ‘ ഗോത്രവർഗക്കാർ ‘ കടന്നുകയറിയ ഭൂപ്രദേശം നമുക്ക് അന്യമായി. അതിനുകാരണം നമ്മുടെ ധീര സൈനികരെ അവഗണിച്ചതും അവിശ്വസിച്ചതും, പിന്നെ മൌണ്ട് ബാറ്റണ് വഴങ്ങിയതുമാണ്. അതിനപ്പുറം, ഇപ്പോൾ ചിലരെല്ലാം ചൂണ്ടിക്കാണിക്കുന്ന, ഹിതപരിശോധന നടത്താനുള്ള തീരുമാനം സർക്കാർ എന്തിനെടുത്തു എന്നതും ചോദ്യം ചെയ്യപ്പെടേണ്ടുന്ന കാര്യമല്ലേ. ഒരു വ്യവസ്ഥയുമില്ലാതെ ഇന്ത്യയിൽ ലയിക്കാൻ കശ്മീർ രാജാവ് തീരുമാനിച്ചതിനുശേഷം, അതുസംബന്ധിച്ച രേഖകളിൽ ഒപ്പുവെച്ചശേഷം, എന്തിനുപിന്നെ ഒരു ഹിതപരിശോധന?. അത് സർദാർ പട്ടേലിന്റെ തീരുമാനമാണ് എന്ന് കരുതുക വയ്യ ; മറിച്ചു നെഹ്രുവിന്റേതാണ് ; ഷെയ്ഖ് അബ്ദുള്ളയുടേയും മൌണ്ട് ബാറ്റന്റെയും സമ്മർദ്ദത്തിന് വഴങ്ങിയതാവണം എന്നൊക്കെ കരുതാൻ സാഹചര്യങ്ങൾ ഉണ്ടുതാനും. പക്ഷെ ആ തീരുമാനം എഴുതിത്തള്ളപ്പെടുന്നതാണ് ഇന്ത്യൻ പാർലമെന്റിന്റെ 1994 ഫെബ്രുവരി 22 ലെ തീരുമാനം, പ്രമേയം

പക്ഷെ, ഹിത പരിശോധന എന്ന വാദം അറിയാതെ ഇന്ത്യൻ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു പി ചിദംബരത്തിന്റെ ആ ശ്രമം എന്ന് കരുതാനെ ഇപ്പോഴും കഴിയുന്നുള്ളൂ. യഥാർഥത്തിൽ അവിടെ എത്രയോ ഹിത പരിശോധനകൾ നടന്നിരിക്കുന്നു. ജമ്മു കാശ്മീരിൽ നടന്ന തിരഞ്ഞെടുപ്പുകൾ ഒരർഥത്തിൽ ഹിതപരിശോധന ആയിരുന്നില്ലേ. ഇന്ത്യ മഹാരാജ്യത്തിനൊപ്പമാണ് തങ്ങൾ എന്നതല്ലേ വോട്ടിങ്ങിൽ പങ്കെടുത്തുകൊണ്ട് കാശ്മീരി ജനത വ്യക്തമാക്കിയത്. മാത്രമല്ല തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കാനുള്ള വിഘടനവാദികളുടെയും ഭീകരവാദികളുടെയും ആവശ്യങ്ങലും ഭീഷണികളും പരസ്യമായി നിരാകരിച്ചതും ഇന്ത്യ കണ്ടതല്ലേ. സർവോപരി, നേരത്തെ സൂചിപ്പിച്ച 1994 ഫെബ്രുവരിയിലെ ഇന്ത്യൻ പാർലമെന്റിന്റെ പ്രമേയത്തോടെ ഹിതപരിശോധന എന്ന ചിന്തക്ക് തന്നെ അറുതിയായതല്ലേ; ആർക്കെങ്കിലും അങ്ങിനെ ഒരു സംശയം ബാക്കിയുണ്ടായിരുന്നുവെങ്കിൽ അത് ആ പ്രമേയത്തോടെ അവസാനിച്ചതാണ് എന്നർത്ഥം. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും അവിടെ കടന്നുകൂടിയുട്ടുള്ള പാക്കിസ്ഥാൻ ഒഴിഞ്ഞുപോകണം എന്നുമല്ലേ രാജ്യം വ്യക്തമാക്കിയത്. ആ പ്രമേയത്തിലെ ഈ ഭാഗമൊന്ന് നോക്കൂ:

(a) The State of Jammu & Kashmir has been, is and shall be an integral part of India and any attempts to separate it from the rest of the country will be resisted by all necessary means; (b) India has the will and capacity to firmly counter all designs against its unity, sovereignty and territorial integrity; and demands that – (c) Pakistan must vacate the areas of the Indian State of Jammu and Kashmir, which they have occupied through aggression; and resolves that – (d) all attempts to interfere in the internal affairs of India will be met resolutely.”

ഇത്തരമൊരു പ്രമേയം ഇന്ത്യൻ പാർലമെന്റ് ഒരേമനസോടെ പാസ്സാക്കിക്കഴിഞ്ഞാൽ പിന്നെ അത്തരം കാര്യങ്ങളിൽ എന്ത് ആശയക്കുഴപ്പമാണ് ബാക്കിയായി ഉണ്ടാവുക?. ഇവിടെ ഇപ്പോൾ ഏറ്റവുമൊടുവിൽ അദ്ദേഹം ഉയർത്തുന്നത് അതിനേക്കാൾ ഗുരുതരമായ വിഷയമാണ്……. കശ്മീർ ഒരു തർക്കവിഷയമാണ് എന്നും അത് ഇന്നും നിലനിൽക്കുന്നു എന്നും ആ തർക്കം തുടങ്ങിയത് കശ്മീർ രാജ്യം ഇന്ത്യയിൽ ലയിച്ചതുമുതലാണ് എന്നും. അതാണ് സൂചിപ്പിച്ചത് ചിദംബരത്തിന്റെ നീക്കങ്ങളെ സംശയത്തോടെ കാണേണ്ടിയിരിക്കുന്നു എന്ന്.

ഇത്തരത്തിൽ കോൺഗ്രസും നീങ്ങുമ്പോൾ പാക്കിസ്ഥാനും അവർക്കൊപ്പമുള്ള ഭീകര പ്രസ്ഥാനങ്ങളുമാണ് സന്തോഷിക്കുക എന്നതാർക്കാണ് അറിയാത്തത്‌ . പാക്കിസ്ഥാൻ തിരിച്ചടി നേരിടുന്നു എന്ന തോന്നലുണ്ടാവുമ്പോൾ സഹായ ഹസ്തവുമായി കോൺഗ്രസ് ഇറങ്ങുന്നു. മുൻപ് കശ്മീരിലെ ഹുറിയത് പോലുള്ള പാക് അനുകൂലികൾ ഇതല്ലേ ചെയ്തിരുന്നത്. അതുതന്നെയല്ലേ ഇന്നിപ്പോൾ മുതിർന്ന കോൺഗ്രസുകാർ ചെയ്തുകൂട്ടുന്നത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button