തൃശൂര്‍: 1200 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ 27 മലയാളികള്‍ക്കെതിരേ യു.എ.ഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കേരളത്തിലെ കോടതിയില്‍ ഹര്‍ജി നല്‍കി. വായ്പാത്തവണ മുടക്കുകയും ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തവരുടെ പേരില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി. 1200 കോടി രൂപ കുടിശിക ഇനത്തില്‍ ഇവര്‍ നല്‍കാനുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ബാങ്കുകളില്‍നിന്ന് 740 ഇന്ത്യാക്കാരായ വ്യക്തികളും കമ്പനികളും 30000 കോടിയോളം രൂപ വായ്പയെടുത്തതായാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ റിപ്പോര്‍ട്ട്.
യു.എ.ഇയില്‍ വായ്പാത്തട്ടിപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ബിനോയ് കോടിയേരി, ശ്രീജിത്ത് വിജയന്‍ എന്നിവരുടെ കേസുകള്‍ ഇക്കൂട്ടത്തില്‍ ഇല്ല. ക്രൈം ബ്രാഞ്ച് സാമ്പത്തിക തട്ടിപ്പുകേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സാമ്പത്തികത്തട്ടിപ്പു കേസില്‍ കുറ്റം തെളിഞ്ഞാല്‍ യു.എ.ഇക്കു കുറ്റവാളികളെ കൈമാറേണ്ടിവരും. ചെന്നൈയില്‍ മുഖ്യ ഓഫീസുള്ള പി.എസ്. സുബ്രഹ്മണ്യന്‍ അസോസിയേറ്റ്സാണ് ബാങ്കുകളുടെ നിയമനടപടി ഏറ്റെടുത്തിരിക്കുന്നത്. യു.എ.ഇയിലെ ബാങ്കുകള്‍ മാത്രം 12,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ മലയാളികള്‍ ചേര്‍ന്നു രൂപീകരിച്ച 376 വ്യാപാരസ്ഥാപനങ്ങളാണ് 4800 കോടി രൂപ വായ്പയെടുത്തു തട്ടിപ്പ് നടത്തിയത്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരും വായ്പയെടുത്ത് മുങ്ങിയവരുടെ പട്ടികയിലുണ്ട്. ദുബായ്, ഷാര്‍ജ, അബുദബി, അല്‍ ഐന്‍ തുടങ്ങിയ യു.എ.ഇ. എമിറേറ്റ്സുകളില്‍ വ്യാജ ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ച് തട്ടിപ്പിന് സാഹചര്യമൊരുക്കുകയാണ് പല മലയാളികളും ചെയ്തത്. ബിസിനസ് വിപുലീകരണത്തിന്റെ മറവില്‍ ബാങ്ക് അധികൃതരെ കബളിപ്പിച്ച് വന്‍ വായ്പ എടുക്കുന്ന മലയാളികള്‍ വായ്പത്തുക നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും ഇന്ത്യയിലും സ്വകാര്യ ബിസിനസുകള്‍ക്കായി വകമാറ്റുകയാണ്.
ഗള്‍ഫ് ബാങ്കുകളില്‍ കിട്ടാക്കടം പെരുകിയ സാഹചര്യത്തിലാണ് നിയമനടപടികള്‍ക്ക് ബാങ്കുകള്‍ രംഗത്തിറങ്ങിയത്.യു.എ.ഇയിലെ പ്രമുഖ ബാങ്കുകളായ അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് നാഷണല്‍ ബാങ്ക് ഓഫ് ദുബായ്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ്, നാഷണല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമ, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, ഷാര്‍ജ ഇസ്ലാമിക ബാങ്ക് എന്നിവയാണ് പ്രധാനമായും മലയാളികളുടെ വായ്പാത്തട്ടിപ്പിന് ഇരയായ യു.എ.ഇ. ബാങ്കുകള്‍.
Post Your Comments