വാഷിങ്ടണ്‍ : യുഎസ് ചരിത്രത്തിലെ അസാധാരണ സൈനിക പ്രദര്‍ശനത്തിനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക ശക്തി വിളിച്ചോതുന്ന വന്‍ പരേഡിന് തയാറാകാനാണ് പെന്റഗണിനോട് ട്രംപിന്റെ നിര്‍ദ്ദേശം. രാജ്യത്തിന്റെ സൈനിക ശക്തിയില്‍ ഓരോ അമേരിക്കക്കാരനും അഭിമാനം കൊള്ളാനാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വ്യാഖ്യാനം.
അതേസമയം, ഉത്തര കൊറിയയുമായുള്ള വാക്‌പോര് യുദ്ധത്തിന്റെ സൂചന നല്‍കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ തീരുമാനമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. യുദ്ധത്തിനുള്ള മുന്നൊരുക്കമാണ് ഇതെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനത്തിനു കണ്ട സൈനിക പരേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരമൊരു പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്.
ഉത്തരകൊറിയയ്‌ക്കൊപ്പം ഇന്ത്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ യുഎസില്‍ ഇത്തരമൊരു പതിവില്ല. മാത്രവുമല്ല സാധാരണഗതിയില്‍ യുദ്ധങ്ങള്‍ക്ക് അവസാനം കുറിച്ചാണ് യുഎസ് ഇത്തരത്തിലുള്ള പരേഡുകള്‍ നടത്താറുള്ളത്.
ഇതിനു മുന്‍പ് യുഎസ് സൈനിക പരേഡ് നടത്തിയത് 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഷിങ്ടന്‍ ഡിസിയിലാണ്. 1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അത്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിട്ടും ഇത്തരമൊരു പരേഡ് നടത്താന്‍ സാധിക്കാത്തതിലെ നിരാശ നേരത്തേ പ്രതിരോധ സെക്രട്ടറിയും സൈനികത്തലവന്മാരുമായും നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് പ്രകടിപ്പിച്ചിരുന്നു.
ഫ്രാന്‍സിന്റെ ദേശീയ ദിനത്തിനു കണ്ടത് ലോകത്തിലെ ഏറ്റവും മികച്ച സൈനിക പരേഡുകളിലൊന്നാണെന്നാണു ട്രംപ് വിശദീകരിച്ചത്. ഫ്രഞ്ച് ജനതയുടെ ആത്മവീര്യം കൂട്ടുന്നതായിരുന്നു ആ പരേഡ്. അത്തരത്തില്‍ ഓരോ വര്‍ഷവും യുഎസിലും പരേഡ് സംഘടിപ്പിക്കാനാകുമോ എന്ന് ജനുവരി 18ലെ യോഗത്തില്‍ പ്രതിരോധ വകുപ്പിനോട് ട്രംപ് ചോദിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരേഡിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്നും പ്രതിരോധ വകുപ്പ് വക്താവ് തോമസ് ക്രോസണ്‍ അറിയിച്ചു. അതേസമയം ഇത്തരമൊരു നീക്കത്തിന് യുഎസില്‍ സമ്മിശ്ര പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് യുഎസിലെ മുന്‍നിര ദിനപത്രമായ ‘വാഷിങ്ടന്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ദേശീയത, പട്ടാളഭരണം തുടങ്ങിയവയില്‍ ഈ നീക്കം പുതിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും. രാജ്യത്തലവന്മാരുടെ ‘പ്രമാണിത്ത’ ഭരണത്തെ പ്രകീര്‍ത്തിച്ച് ട്രംപ് നേരത്തേ നടത്തിയ പരാമര്‍ശങ്ങളും നിലവിലെ സാഹചര്യത്തില്‍ പുതുചര്‍ച്ചകള്‍ക്കു വഴി തെളിക്കുമെന്ന് ദിനപത്രം ലേഖനത്തില്‍ സൂചിപ്പിച്ചു.
Post Your Comments