കണ്ണൂര്‍: ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട മധ്യവയസ്‌കന്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബസില്‍ ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെയാണ് (50) മര്‍ദ്ദിച്ച് ബസില്‍ നിന്ന് തള്ളി താഴെയിടുകയായിരുന്നു. കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയ്ക്കൊപ്പമാണ് സ്വകാര്യ ബസില്‍ കയറിയത്. തുടര്‍ന്ന് ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ രാജനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും, പിന്നീട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ എത്തേണ്ട സ്റ്റോപ്പിനു മുന്‍പ് തന്നെ ഭാര്യ രാജനെയും വിളിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ പറയുകയും, തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
Post Your Comments