Latest NewsKeralaNewsParayathe VayyaEditorialPrathikarana VedhiWriters' Corner

സൗമ്യ വിടപറഞ്ഞിട്ട് 6 വര്‍ഷം: ഗോവിന്ദചാമിക്ക് ജയിലിലെ സൗകര്യങ്ങള്‍ പോരായെന്ന് പരാതി: ഇത് ജയില്‍വാസമൊ അതോ സുഖവാസമൊ?

അമ്മുക്കുട്ടി

2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവെയാണ് സൗമ്യയെ ഗോവിന്ദചാമി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. സൗമ്യ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 6 വര്‍ഷം തികയുകയാണ്. സംഭവത്തില്‍ അന്വേഷണങ്ങളും പ്രതിയെ പിടികൂടലുമെല്ലാം മുറയ്ക്ക് നടന്നു. എന്നാല്‍ ഇന്ന് ഗോവിന്ദചാമി സുഖവാസത്തിലാണ്. ജയിലിലെ സൗകര്യങ്ങള്‍ പോരെന്ന് പരാതിയും.

കുറ്റം ചെയ്തവനെ ശിക്ഷിക്കാനാണ് ജയിലില്‍ തടവിന് വിധിക്കുന്നത്. എന്നാല്‍ ഇതിന്റെ പച്ചയായ യാഥാര്‍ഥ്യം ഇതാണോ ? നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒന്നാണിത്. നമ്മുടെ സഹോദരിമാരെ നടുറോഡിലും ഇരുളിന്റെ മറവിലും പിച്ചിച്ചീന്തി രസിച്ച നികൃഷ്ട ജീവികളെ സുഖിക്കാന്‍ വേണ്ടിയാണോ ജയിലില്‍ പാര്‍പ്പിക്കുന്നത്? സമയാസമയം ഭക്ഷണം, സുഖസൗകര്യങ്ങള്‍, സുരക്ഷിതത്വം ഇതെല്ലാം ഇവര്‍ക്ക് ഒരുക്കിനല്‍കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒരുപക്ഷേ ഇവര്‍ ചവച്ചുതുപ്പിയ ജീവിതങ്ങളെ മറന്നുവൊ എന്നാണ് സംശയം.

സൗമ്യയെന്ന പെണ്‍കുട്ടിയുടെ കൊലയാളി ഗോവിന്ദചാമിക്ക് ഇന്ന് ജയിലില്‍ സൗകര്യങ്ങള്‍ പോരായെന്നാണ് പരാതി. ‘ തന്നെ എല്ലാവരും കുറ്റവാളിയായി കാണുന്നു. മാനുഷിക പരിഗണന ലഭിക്കുന്നില്ല. ബിരിയാണി കിട്ടുന്നില്ല, പോരാത്തതിന് വല്ലാത്ത ജോലിയും’ ഇതെല്ലാമാണ് ഗോവിന്ദച്ചാമിയുടെ പരാതി…തന്നെ ജയില്‍ മാറ്റണമെന്നും ആവിശ്യമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ ഇങ്ങനെ തീറ്റിപ്പോറ്റുന്നതെന്തിനാണ്?
ആയിരക്കണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്ന ഈ രാജ്യത്ത് ഇത്ര പ്രാധാന്യത്തോടെ സൗകര്യങ്ങള്‍ ഒരുക്കിനല്‍കാന്‍ ഈ കൊലപാതകികള്‍ രാജ്യത്തിന് എന്താണ് ചെയ്തിട്ടുള്ളത്? രാജ്യത്തിന്റെ വിളക്കുകള്‍ കെടുത്തിയ ഇവര്‍ക്ക് ജീവിച്ചിരിക്കാന്‍ പോലും അര്‍ഹതയില്ല.

ഇങ്ങനെയാണൊ ഇവരെ ശിക്ഷിക്കേണ്ടത്? നടുറോഡില്‍ ഒരു പെണ്ണിന്റെ മാനത്തിനുമേല്‍ അവന്റെ നിഴല്‍വീണ അതേയിടത്ത് അവനും ശിക്ഷിക്കപ്പെടണം. അവളുടെ മാനത്തിന് അവന്‍ കല്‍പ്പിച്ച വില അഞ്ചുനിമിഷത്തെ സുഖം മാത്രമാകും. എന്നാല്‍ ആ മാനത്തിന്റെ വില അവന്റെ ജീവനെടുക്കാന്‍പോന്നതാണെന്ന് അവന്‍ അറിയണം. അവളെ തടഞ്ഞുവെച്ച് സുഖം കണ്ടെത്തിയ കൈകള്‍ ഇന്നും സുഖിക്കുകയാണ്. അവന്‍ ചോദിക്കുന്നതെല്ലാം അവന്റെ കൈയില്‍ എത്തുന്നു. ചിലതൊക്കെ കുറഞ്ഞുപോയതായ് പരാതിയും. ഇതെന്ത് നീതി? നിയമങ്ങളും നിയമവ്യവസ്ഥയും അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കൊലപാതകികളും കള്ളനും കൊള്ളക്കാരനുമെല്ലാം കൂടുന്നുവെന്ന പരാതി പറയുമ്പോള്‍ അതിന് കാരണം എന്താണെന്നുകൂടി ചിന്തിക്കണം. നമ്മുടെ രാജ്യത്തിലെ നിയമത്തിനു നീതിക്കും അവരെ ഒന്നും ചെയ്യാനാകില്ലായെന്ന് അവര്‍ക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഈ വിശ്വാസം തന്നെയാണ് വീണ്ടും വീണ്ടും തെറ്റുകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതും. മാറേണ്ടത് നമ്മുടെ നിയമങ്ങളാണ്. കുറ്റവാളികളോടുള്ള നയങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button