പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടിയിൽ വീടിനുള്ളിലെ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ ആരോ വീട്ടു മുറ്റത്ത് കിടത്തിയതായി പരാതി. സംഭവം നാട്ടിൽ പരിഭ്രാന്തി പരത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
താണികുന്നേൽ ഷംനാദിന്റെ മകളെയാണ് ഇന്നലെ ഉച്ചയോടെ വീടിന്റെ മുറ്റത്തു കണ്ടെത്തിയത്.കുട്ടിയെ കിടത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരികെയെത്തിയപ്പോഴാണു മുറ്റത്തു കിടത്തിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വീട്ടുമുറ്റത്തു മറ്റൊരു ഭാഗത്തുണ്ടായിരുന്ന മുത്തശ്ശിയും കുഞ്ഞിനെ എടുത്തില്ലെന്നറിഞ്ഞതോടെ തട്ടിക്കൊണ്ടുപോകൽ ശ്രമമാണെന്ന നിഗമനത്തിൽ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു.
തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്നു കരഞ്ഞതിനാൽ മുറ്റത്ത് ഉപേക്ഷിച്ചതാകാമെന്നാണു സംശയം. പ്രദേശത്ത് ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ തമിഴ് യുവതിയെ ചോദ്യം ചെയ്തെങ്കിലും ഇവരെ നാട്ടുകാർക്കും പോലീസിനും സംശയം ഇല്ല.സംഭവത്തിലെ ദുരൂഹത അകറ്റാൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പൊലീസ് പറഞ്ഞു.
Post Your Comments