NerkazhchakalPrathikarana VedhiWriters' CornerSpecials

മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറഞ്ഞ് ഖജനാവ് പിഴിയുന്ന ധനമന്ത്രി

മുണ്ടു മുറുക്കിയുടുക്കാൻ ജനങ്ങളോട് പറഞ്ഞ ധനമന്ത്രിയും ഖജനാവ് പിഴിഞ്ഞു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദം സർക്കാരിന് തലവേദനയായ് നിൽക്കുന്ന സമയത്താണ് ലളിത ജീവിതം നയിക്കാൻ അണികളെ പ്രേരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ ധനമന്ത്രിയും വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഉഴിച്ചിൽ ചികിത്സയ്ക്കായി സര്‍ക്കാരില്‍ നിന്നും ഐസക് വാങ്ങിയത് 1.20 ലക്ഷം രൂപയാണ്.

സംസ്ഥാനം സാംബത്തിക പ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന്റെ ആയുര്‍വേദ സുഖചികിത്സയ്ക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.20 ലക്ഷം രൂപ. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു ചികിത്സ. 15 ദിവസത്തെ ചികിത്സയുടെ മൊത്തം ചെലവ് 1,20,048 രൂപ. മരുന്നിനു ചെലവായത് 21,990 രൂപ. മുറിവാടക 79,200 രൂപ! ചികിത്സയ്ക്കായി ദിവസവും ഓരോ തോര്‍ത്ത് വീതം വാങ്ങിയെന്നു കണക്കിലുണ്ട്; വില 195 രൂപ. തലയിണയ്ക്കു ചെലവായത് 250 രൂപ. കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെയാണു തിരുമ്മലും പിഴിച്ചിലും കിഴികുത്തലുമൊക്കെയായി സുഖചികിത്സ നടത്തിയത്.

ധൂര്‍ത്തുകള്‍ കുറയ്ക്കണമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഉപദേശിച്ച ധനമന്ത്രി കോട്ടയ്ക്കലിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയ്ക്കായി ഇത്രയും പണം ചിലവഴിച്ചത് വൻ വിവാദമായിരിക്കുകയാണ്. എല്ലാം ശരിയാക്കാൻ എൽ ഡി എഫ് എത്തുന്നുവെന്ന പരസ്യവുമായി എത്തിയ പിണറായി സർക്കാർ അണികൾക്കും ജനങ്ങൾക്കും കൊടുക്കുന്നത് എട്ടിന്റെ പണിയാണ്. മാരാകമായ രോഗങ്ങൾക്ക് പോലും മരുന്ന് വാങ്ങാൻ കഴിവില്ലാത്ത, ദരിദ്രരായ ധാരാളം ജനങ്ങൾ ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുമ്പോഴാണ് മന്ത്രിമാരുടെ ആഢംബര ചികിത്സ. ജനങ്ങളുടെ നികുതിയിൽ ഇത്രയും ആഡംബര ജീവിതം നയിക്കാൻ ഈ മന്ത്രിമാർക്ക് എന്ത് യോഗ്യത!

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീണ്ട ചികിത്സയ്ക്ക് മന്ത്രി ആകെ ചെലവിട്ടത്. 1,20,048 രൂപയാണ്. മരുന്നിനായി 21,990 രൂപ ചെലവിട്ടപ്പോള്‍ മുറിവാടക 79,200 രൂപയാണെന്നുമാണ് പുറത്തു വരുന്ന കണക്കുകള്‍. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെയാണ് ഐസക് ചെലവിട്ട കണക്കുകള്‍ പുറത്ത് വന്നത്. നല്ല രീതിയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന തരത്തിൽ ഒരു പദ്ധതിയും ആവിഷ്കരിക്കാത്ത സർക്കാർ. റോഡിലും കാടിലും വൈ ഫൈ നൽകിയാൽ വിശപ്പ് മാറുമോ? ഇതാണോ ജനാധിപത്യ സർക്കാരിന്റെ ജനരക്ഷാ നയങ്ങൾ?

സ്പീക്കറുടെയും മന്ത്രിയുടെയും കണ്ണട വിവാദം പുകയുമ്പോൾ സർക്കാരിന് തലവേദനയാകുകയാണ് പുതിയ വിവാദങ്ങൾ. കണ്ണട വാങ്ങിയ ഇനത്തില്‍ പൊതുഖജനാവില്‍ നിന്ന് 49,900 രൂപയാണ് ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. സ്പീക്കര്‍ എന്ന നിലയില്‍ 4.25 ലക്ഷം രൂപ ചികിത്സാച്ചെലവായും വാങ്ങി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്. എന്തിനാണ് ഇത്രയും വിലയുള്ള കണ്ണടകൾ ഇവർക്ക്? വേണമെങ്കിൽ വാങ്ങിച്ചോട്ടെ, അതിനു ഇതിനാണ് പൊതുജങ്ങളുടെ നികുതിപ്പണത്തിൽ കയ്യിട്ടുവാരുന്നത്. മന്ത്രിമാർക്ക് ആഡംബരജീവിതം നയിക്കാൻ ഉള്ളതാണോ ഈ സ്ഥാനമാനങ്ങൾ. ജനങ്ങളെ സേവിക്കാൻ അവർക്കു വേണ്ടി രൂപപെടുത്തിയ ജനകീയ മന്ത്രി സഭ ഇത്തരം അധഃപതിച്ചു പോയത് എന്തുകൊണ്ട്? രാഷ്ട്രീയം അധികാരത്തിനും സുഖത്തിനും വേണ്ടിയുള്ളതാണെന്ന രീതിയിൽ കോൺഗ്രസ് ഭരിച്ചു മുടിപ്പിച്ച നമ്മുടെ നാടിനെ ലളിത ജീവിതവും തൊഴിലാളി സ്നേഹവും പരസ്യവാചകങ്ങൾ മാത്രമാക്കിയ കമ്മ്യൂണിസ്റ് ഭരണാധികാരികളും പിഴിയുകയാണ്. ഇതിൽ നിന്നും ഒരു മോചനം ഇനി എന്നാണു ലഭിക്കുക . ഒരു ജനകീയ വിപ്ലവമോ മൂന്നാം മുന്നണിയോ അധികാരത്തിൽ എത്തി ഈ ദുർഭരണത്തിനു ശാപമോഷം തരുമെന്ന പ്രതീക്ഷമാത്രം….

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button