ബറേലി: രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കടം കൊടുക്കുക പതിവാണ്. അത് തിരിച്ചു ചോദിക്കുകയും ചോദിച്ചിട്ടും തിരിച്ച് കൊടുക്കാത്തവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ കടം കൊടുത്ത ഒരു തീപ്പെട്ടിയ്ക്കു തിരിച്ചു തരാന്‍ പറഞ്ഞ് എഴുതിയ കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കടം നല്‍കിയ തീപ്പെട്ടിയാണ് കത്തിലൂടെ തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. മൊറാദാബാദിലെ ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ സുശീല്‍ കുമാര്‍ കീഴുദ്യോഗസ്ഥനായ മോഹിത് പാണ്ഡേയ്ക്ക് എഴുതിയ കത്ത് എല്ലാവരിലും ചിരി പടര്‍ത്തിയിരിക്കുകയാണ്.
ജനുവരി 23ന് വൈകിട്ട് 8.40 ന് കൊതുകുതിരി കത്തിക്കാന്‍ സുശീല്‍ വാങ്ങിച്ചുവെച്ച തീപ്പെട്ടി മോഹിത് പാണ്ഡേ വാങ്ങിക്കൊണ്ട് പോയെന്നും ഈ സമയം 19 കൊള്ളികളാണ് തീപ്പെട്ടിബോക്‌സില്‍ ഉണ്ടായിരുന്നതെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
ഒരാഴ്ചയായിട്ടും തിരികെ ലഭിക്കാത്തതില്‍ ദുരിതമാണ് അനുഭവിക്കുന്നതെന്നും കത്ത് ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തീപ്പെട്ടി തിരിച്ച് നല്‍കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കംപ്യൂട്ടര്‍ ഓപ്പറേറ്ററുടെ ആവശ്യ പ്രകാരം ഔദ്യോഗിക കത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനിടയില്‍ വൈദ്യുതി നിലച്ചു. ഈസമയത്ത് മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ചപ്പോഴാണ് മോഹിത് വാങ്ങികൊണ്ട് പോയതെന്നും തിരികെ ലഭിച്ചിട്ടില്ലെന്നും ഓര്‍മ്മിച്ചത്.
ഇതേതുടര്‍ന്നാണ് ഇത്തരത്തിലൊരു കത്ത് തയ്യാറാക്കിയതെന്നും എന്നാല്‍ കത്ത് ആര്‍ക്കും അയച്ചിട്ടില്ലെന്നും സൂശീല്‍ കുമാര്‍ പറഞ്ഞു. കത്തിന്റെ ചിത്രം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയാണെന്നാണ് സുശീല്‍ കുമാര്‍ പ്രതികരിച്ചത്.
Post Your Comments