KeralaLatest NewsNews

രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാനത്തിന്‍റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങൾ മുണ്ടു മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ പിഴിഞ്ഞുടുക്കാൻ വാങ്ങിയ തോർത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സർക്കാർ ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കാത്തത് ചികിത്സയുടെ പേരിൽ ലക്ഷങ്ങൾ കീശയിലാക്കാനാണ്. കേരളത്തിലെ പൊതു ആരോഗ്യരംഗത്തിന്‍റെ മേന്മയെപ്പറ്റി വാചാലരാകുന്നവർക്ക് പോലും സർക്കാർ ആശുപത്രികളെ വിശ്വാസമില്ലാത്തത് എന്താണെന്ന് വിശദീകരിക്കണം. ധനമന്ത്രിക്കുംആരോഗ്യമന്ത്രിക്കും പോലും വിശ്വാസമില്ലാത്ത സർക്കാർ ഡോക്ടർമാരെ മലയാളിയുടെ ആരോഗ്യം പരിപാലിക്കാൻ നിയോഗിച്ചത് ക്രൂരതയാണ്.

Read Also: തോമസ് ഐസക് ചികിത്സയുടെ പേരില്‍ വാങ്ങിയത് ഒരു ലക്ഷത്തിലേറെ രൂപ; തലയിണയും തോർത്തും വാങ്ങാനും പണം മുടക്കിയത് സർക്കാർ

കേരളത്തിൽ ഇനിയൊരിക്കലും ഭരണം കിട്ടില്ലെന്ന തിരിച്ചറിവാണ് ഇടത് മന്ത്രിമാരെ കടുംവെട്ടിന് പ്രേരിപ്പിക്കുന്നത്. ഭരണം ഉപയോഗിച്ച് സിപിഎം നേതാക്കളും കുടുംബാംഗങ്ങളും മന്ത്രിമാരും തടിച്ചു കൊഴുക്കുകയാണ്. ഇതിനെ നിയന്ത്രിക്കാൻ കഴിവില്ലാതെ മൂകസാക്ഷിയായി മുഖ്യമന്ത്രി മാറിയത് ഈ തട്ടിപ്പിൽ അദ്ദേഹത്തിനും പങ്കുള്ളതിനാലാണ്. കേരളത്തിന്‍റെ വികസനത്തിന് ഒരു പദ്ധതിയും അവതരിപ്പിക്കാൻ കഴിയാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കാലംകഴിക്കുകയാണ്. 2,07,026 കോടി രൂപയാണ് കേരളത്തിന്‍റെ മൊത്തം കടം. ഈ സമയത്തും കണ്ണട വാങ്ങാൻ അരലക്ഷം രൂപ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന സ്പീക്കറും ലക്ഷങ്ങൾ പൊടിച്ച് സ്വകാര്യ ആശുപത്രിയിൽ സുഖ ചികിത്സ നടത്തുന്ന മന്ത്രിയുമൊക്കെ നാടിന് ശാപമാണ്. പരാന്നഭോജികളായി മാറിയ കമ്മ്യൂണിസ്റ്റ് മുതലാളിമാരുടെ ഭരണം തുടരാൻ അനുവദിക്കണമോയെന്ന് ഘടകക്ഷികൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button